Tue. Apr 23rd, 2024

കോട്ടയം: കേരളത്തിൽ ഇരുന്നൂറിലേറെ പുതിയ കോഴ്സുകൾ അനുവദിക്കുമ്പോൾ പട്ടികജാതി-പട്ടികവർഗ മാനേജ്മെൻറ് കീഴിലുള്ള കോളേജുകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും എയ്ഡഡ് മേഖലയിൽ 15 പുതിയ കോളേജുകൾ അനുവദിക്കണമെന്നും എസ്.സി /എസ്. ടി എയ്ഡഡ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ രക്ഷാധികാരിയും കെഡിഎഫ് സംസ്ഥാന പ്രസിഡൻ്റുമായ പി.രാമഭദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഇരുന്നൂറോളം എയ്ഡഡ് കോളേജുകളാണുള്ളത്.ഇതിൽ 5 എണ്ണം മാത്രമാണ് എസ്.സി/എസ്. ടി മാനേജ്മെൻറിൽ ഉള്ളത്. നാലെണ്ണം എസ്.സി മാനേജ്മെൻ്റിലും ഒരെണ്ണം എസ്. ടി മാനേജ്മെൻ്റിലുമാണ് പ്രവർത്തിക്കുന്നത്.

നടപ്പു സംസ്ഥാന ബജറ്റിൽ പട്ടികവിഭാഗം ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് പ്രത്യേക പരിഗണന പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കാനും ഇരുന്നൂറോളം കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുവാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.ഇങ്ങനെ കോഴ്സുകൾ അനുവദിക്കുമ്പോൾ എസ്.സി/ എസ്. ടി മാനേജ്മെൻ്റിലുള്ള കോളേജുകൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന വിധത്തിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണം. ഇതിന് മറ്റു കോളേജുകളുമായി താരതമ്യമോ കോളേജുകളുടെ റാങ്ക് പരിഗണനയോ അല്ല മാനദണ്ഡമാക്കേണ്ടത്. പട്ടികവിഭാഗം ട്രസ്റ്റിന് കീഴിലുള്ള അഞ്ച് എയ്ഡഡ് കോളേജുകളിൽ ഇതേവരെ തസ്തികസൃഷ്ടിച്ചു കൊടുത്തിട്ടില്ല. മാത്രവുമല്ല പട്ടികവിഭാഗം മാനേജ്മെൻ്റിലുള്ള കോളേജുകളുടെ എണ്ണത്തിലും ആനുപാതികമായ വർധന സംസ്ഥാനത്ത് ഉണ്ടാകേണ്ടതാണ്.
എയ്ഡഡ് കോളേജുകളിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് അധ്യാപക – അനധ്യാപക നിയമനങ്ങളിൽ സംവരണം ഇല്ല. അതേസമയം എയ്ഡഡ് കോളേജുകളുടെ അധ്യാപക-അനധ്യാപക വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ ഖജനാവിൽ നിന്നാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറി മാറി വന്ന ഒരു സർക്കാരും ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. ഇത് സാമൂഹ്യനീതിയുടെ നഗ്നമായ ലംഘനമാണ്.

സംസ്ഥാനത്തെ ആകെ എയ്ഡഡ് കോളേജുകളുടെ എണ്ണം പരിശോധിക്കുമ്പോൾ എസ്.സി വിഭാഗത്തിന് 16 കോളേജും, എസ്.ടി വിഭാഗത്തിന് 4 കോളേജുകളും ലഭിക്കേണ്ടതാണ്. എന്നാൽ നിലവിൽ എസ്.സി മാനേജ്മെൻ്റിൽ നാലും, എസ്.ടി മാനേജ്മെൻ്റിൽ ഒന്നും മാത്രമാണ് എയ്ഡഡ്കോളേജ് ഉള്ളത്. അതിനാൽ ഈ നഷ്ടം നികത്തുന്നതിനായി പട്ടികവിഭാഗം ട്രസ്റ്റിൻ്റെയും സംഘടനകളുടെയും ഉടമസ്ഥതയിൽ 15 പുതിയ എയ്ഡഡ് കോളേജുകൾ നടപ്പ് സാമ്പത്തിക വർഷം തന്നെ അനുവദിക്കണം.

കേരളത്തിൽ എയ്ഡഡ് മേഖലയിൽ ആകെയുള്ള കോഴ്സുകൾ പരിശോധിച്ചാൽ നാലായിരത്തിലേറെ വരും. അതേസമയം 400 കോഴ്സുകൾ ലഭിക്കേണ്ട എസ്.സി/എസ്.ടി മാനേജ്മെൻ്റിൽ 20 കോഴ്സുകൾ മാത്രമാണുള്ളത്. അനേകം കോളേജുകളും ആയിരക്കണക്കിന് കോഴ്സുകളും അനേകായിരം സ്ഥിരം അധ്യാപകരും അനധ്യാപകരും ഉള്ളവർക്ക് വീണ്ടും വീണ്ടും നൽകുമ്പോൾ ഒന്നുമില്ലാത്തവർക്ക് അർഹമായ പരിഗണന നൽകി സാമൂഹികനീതി ഉറപ്പുവരുത്തണം. ഇതിനായി പട്ടികവിഭാഗം ട്രസ്റ്റുകൾക്കും സംഘടനകൾക്കും 15 പുതിയ കോളേജുകളും, നാനൂറോളം പുതിയ കോഴ്സുകളും തസ്തികയും അനുവദിക്കണം.

ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും പി. രാമഭദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന പ്രസിഡൻ്റും അസോസിയേഷൻ പ്രസിഡൻ്റുമായ പി കെ സജീവ്, അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡൻ്റും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ അഡ്വ. വി.ആർ രാജു, സിദ്ധനർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയും അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായ കെ. രവികുമാർ, പിആർ ഡിഎസ് സംസ്ഥാന ട്രഷററും അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കെ.മോഹനൻ, ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റും അസോസിയേഷൻ സെക്രട്ടറിയുമായ സി.ആർ ദിലീപ് കുമാർ, വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകയും അസോസിയേഷൻ സെക്രട്ടറിയുമായ വിനീത വിജയൻ, പി ആർ ഡി എസ് സംസ്ഥാന സെക്രട്ടറിയും അസോസിയേഷൻ ട്രഷററുമായ കെ.റ്റി വിജയൻ എന്നിവർ പങ്കെടുത്തു.