Thu. Mar 28th, 2024

കോവിഡിന്റെ മറവിൽ , രേഖാപരമായി അനുമതി നേടാത്ത പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്കും പരിധിയും ഏർപ്പെടുത്തി കൊണ്ട് ഒരു വർഷത്തേക്ക് ഒരു തരത്തിലുമുള്ള പ്രതിഷേധവും അനുവദിക്കാത്ത തരത്തിലുള്ള ‘ഫാസിസ്റ്റ്’ അടിച്ചമർത്തലിലേക്കാണ് പിണറായി സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് CPI (ML) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ.

ജനങ്ങളെ വൻ തോതിൽ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള ചുങ്കപ്പാതയും സെമി- ഹൈസ്പീഡു റെയിൽവെയും പോലുള്ള വൻകിട പദ്ധതികൾ നടപ്പാക്കാനുള്ള ശമങ്ങൾ തീവ്രമാക്കുന്ന സർക്കാർ ഇത്തരം കോർപ്പററ്റു വികസന പദ്ധതികൾക്കെതിരെ മറ്റു ഗന്ത്യന്തരമില്ലാത്ത ജനങ്ങൾ പ്രക്ഷോഭങ്ങൾക്കിറങ്ങുമെന്ന് മനസ്സിലാക്കിത്തന്നെയാണ് ഒരു വർഷത്തേക്ക് യാതൊരു പ്രതിഷേധവും അനുവദിക്കില്ലന്ന തരത്തിൽ പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ക്വാറന്റൈൻ ഉറപ്പാക്കിയും ആറു മാസത്തേക്കെങ്കിലും കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങളും പ്രതിമാസ സാമ്പത്തിക സഹായങ്ങളുമെത്തിച്ചും രോഗവ്യാപനത്തെ തടയുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതു്. അതിനു പകരം കൊവിഡിനെ മറയാക്കി ജനവിരുദ്ധ പദ്ധതികൾ അടിച്ചേൽപ്പിക്കാനും അതിനെതിരെ ഉയരുന്ന ജനരോഷത്തെ ഫാസിസ്റ്റു രീതിയിൽ അടിച്ചമർത്താനുമുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് എം.കെ. ദാസൻ പറഞ്ഞു.

ജനകീയ സമരങ്ങളുടെ പേരിൽ ചാർജു ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും ഭരണകൂട അടിച്ചമർത്തലുകൾ അവസാനിപ്പിക്കണമെന്നും CPI (ML) റെഡ് സ്റ്റാർ സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ഇറക്കിയ പത്രക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.