Fri. Mar 29th, 2024

കൊവിഡ് വ്യാപനം തടയാന്‍ മാസ്ക്ക് നിർബന്ധമാക്കിയതോടെ മാസ്ക് കച്ചവടവും പൊടിപൊടിക്കുകയാണ് മെഡിക്കൽ ഷോപ്പുകാർ മാത്രമല്ല പുത്തൻ പരീക്ഷണങ്ങളൊക്കെ ട്രെൻഡാക്കി വസ്ത്രവ്യാപാരികൾക്കൊപ്പം ഇതാ സ്വർണ്ണവ്യാപാരികളും ഗോദയിലിറങ്ങാനുള്ള വഴിതുറന്നിരിക്കുകയാണ് പുണെ സ്വദേശിയായ യുവാവ്. അക്ഷയ തൃദീയപോലെ ഒരു പ്രത്യേക ദിവസം സ്വർണ്ണമാസ്‌ക് വാങ്ങി ധരിച്ചാൽ ഒരുവർഷക്കാലം കോവിഡിന്റെ ഉപദ്രവം ഉണ്ടാകാത്ത അക്ഷയ കോവിഡീയ’ ദിനവും ഇനി കേരളത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

പൂണെ സ്വദേശിയായ യുവാവ് സ്വർണം കൊണ്ട് നിർമിച്ച ഒരു മാസ്കാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിലെ വാർത്തകളിൽ നിറയുന്നത്.പുണെ സ്വദേശിയായ ശങ്കർ കുറാഡെ എന്നയാളാണ് സ്വർണം കൊണ്ട് മാസ്ക് ചെയ്തെടുത്തത്. 2.89 ലക്ഷം രൂപയുടെ സ്വർണമാണ് ഇതിനായി ശങ്കർ ഉപയോഗിച്ചത്. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ ആണ് ഇയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. വളരെ കനം കുറച്ച് നിർമ്മിച്ചിട്ടുള്ള മാസ്കിൽ ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങളും നൽകിയിട്ടുണ്ട്. അതേസമയം ഈ മാസ്ക് വൈറസിനെ തടയാൻ ഫലപ്രദമാണോ എന്ന് തനിക്കറിയില്ലെന്ന് ശങ്കർ പറയുന്നു.

സ്വർണ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇതോടെ ശങ്കറിനെ ട്രോളിക്കൊണ്ടുള്ള കമന്റുകളും എത്തിതുടങ്ങി. ദ്വാരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇത് പ്രയോജനപ്പെട്ടേനെ എന്നാണ് ഇവർ പറയുന്നത്.