Thu. Mar 28th, 2024

റെൻസൺ. വി.എം

“One could judge the degree of civilization of a country by the social and political position of its women.” –Jawaharlal Nehru

യുഎൻ ജനസംഖ്യാ ഫണ്ട് (യുഎൻ‌എഫ്‌പി‌എ) പുറത്തിറക്കിയ ‘എഗെയിൻസ്റ്റ് മൈ വിൽ: സ്റ്റേറ്റ് വേൾഡ് പോപ്പുലേഷൻ’ എന്ന ഏറ്റവും പുതിയ റിപ്പോർട്ട് ഇന്ത്യയിലെ ‘സ്ത്രീ സുരക്ഷയുടെ’ ഭീതിദായകമായ ചിത്രം വരച്ചു കാണിക്കുന്നു. രാജ്യത്തു പ്രതിവർഷം 46 ദശലക്ഷം സ്ത്രീകളെ കാണാതാകുന്നുവെന്നും ഇവിടെ 4.6 ലക്ഷം പെൺശിശുക്കൾ ലിംഗവിവേചനപരമായ തിരഞ്ഞെടുപ്പിലൂടെ (Gender biased sexual Selection – ജിബിഎസ്എസ്) ഗർഭപാത്രത്തിൽ വച്ചു തന്നെ കൊല്ലപ്പെടുന്നു എന്നും റിപ്പോർട്ടു വെളിപ്പെടുത്തുന്നു.

ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ചു ലോകത്താകമാനം 142.6 ദശലക്ഷം സ്ത്രീകളെ കാണാനില്ല. ഇതിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മുൻ‌കാലങ്ങളിൽ‌, പ്രസവാനന്തരവും പ്രസവത്തിനു മുമ്പും ലിംഗാടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെയും ഒഴിവാക്കലിന്റെയും ഫലമായി നിശ്ചിത തീയതിയിൽ ‌ ജനസഞ്ചയത്തിൽ‌ നിന്ന് അപ്രത്യക്ഷരായ വനിതകളാണു ‘കാണാതാകുന്ന സ്ത്രീകൾ‌’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

പെൺകുട്ടികളെ കാണാതാകുന്നതിൽ മൂന്നിൽ രണ്ട് ഭാഗവും ജിബിഎസ്എസ് വഴിയും മൂന്നിലൊന്ന് ജനനശേഷമുള്ള മരണം വഴിയും സംഭവിക്കുന്നു.

ലോകമെമ്പാടും സ്ത്രീകൾ മൂന്നു പ്രധാന അപകടങ്ങൾ നേരിടുന്നു. “സ്ത്രീകളുടെ പ്രത്യുത്പാദനാവയവ ഛേദനം, ശൈശവവിവാഹം, പുത്ര മുൻഗണന എന്നിവയാണ് വ്യാപകമായ സ്ത്രീകൾക്കു ദോഷകരമായ രീതികൾ” റിപ്പോർട്ടു മുന്നറിയിപ്പു നല്കുന്നു. ഇൗ വർഷം മാത്രം 4.1 ദശലക്ഷം സ്ത്രീകൾ പ്രത്യുത്പാദനാവയവ ഛേദനഭീഷണി നേരിടുന്നു എന്നും ദിവസവും 33,000 ശൈശവവിവാഹങ്ങൾ നടക്കുന്നുവെന്നും റിപ്പോർട്ടു വ്യക്തമാക്കുന്നു. ഇന്നു ലോകത്തിലെ 650 ദശലക്ഷം ശൈശവ വിവാഹിതരായ സ്ത്രീകളും പെൺകുട്ടികളും ജീവിച്ചിരിക്കുന്നു.

“ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പെൺകുട്ടികൾ അവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടി ശാരീരികമോ മാനസികമോ രണ്ടും ചേർന്നതോ ആയ ദ്രോഹങ്ങൾക്കു കാരണമാകുന്ന ആചാരങ്ങൾക്കു വിധേയരാകുന്നു,” റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലാണ് ഏറ്റവുമധികം സ്ത്രീ മരണങ്ങൾ നടക്കുന്നത്, 1000 സ്ത്രീ ജനനങ്ങളിൽ 13.5 പേർ ഇന്ത്യയിൽ മരണമടയുന്നു. ഇത് സൂചിപ്പിക്കുന്നത് 5 വയസ്സിനു താഴെയുള്ള സ്ത്രീകളിൽ സംഭവിക്കുന്ന 9 ൽ 1 മരണങ്ങൾ പ്രസവാനന്തരമുള്ള വിവേചനപരമായ ലിംഗ തിരഞ്ഞെടുപ്പു കാരണമായിരിക്കാം എന്നാണ്.

2016-2018 കാലയളവിൽ ജനിച്ച കുട്ടികളിൽ ലിംഗാനുപാതം ഓരോ 1,000 ആൺകുട്ടികൾക്കും 899 പെൺകുട്ടികളാണെന്നും ഹരിയാന, ഉത്തരാഖണ്ഡ്, ദില്ലി, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാർ എന്നീ 9 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ അനുപാതം 900 ൽ താഴെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതു സൃഷ്ടിക്കുന്ന ലിംഗപരമായ അസന്തുലിതാവസ്ഥയുടെ ഫലമായി ഇണയെ കണ്ടെത്താൻ കഴിയാത്തതുമൂലം പല പുരുഷന്മാർക്കും വിവാഹം വൈകിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും,

യു‌എൻ‌എഫ്‌പി‌എയുടെ ഇന്ത്യൻ പ്രതിനിധി അർജന്റീന മാതവേൽ, “പുത്രമുൻ‌ഗണനയും ലിംഗപക്ഷപാതപരമായ തിരഞ്ഞെടുപ്പും മൂലം ആഗോളതലത്തിൽ 142 ദശലക്ഷത്തിലധികം പെൺകുട്ടികളെ കാണാതായി. 46 ദശലക്ഷം പെൺകുട്ടികളെ ഇന്ത്യയിൽ കാണാതായി. ഈ യാഥാർത്ഥ്യം ഭീഷണവും അസ്വീകാര്യവുമാണ്, അത് എത്രയും പെട്ടെന്നു മാറേണ്ടതുണ്ട്. ”

അസമമായ അധികാരബന്ധങ്ങളും സാമൂഹിക ഘടനകളും നിയമങ്ങളും മാറ്റുന്നതിലൂടെ മാത്രമേ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അന്തസ്സ് ഉറപ്പാക്കാൻ സാധിക്കൂ. സമത്വം, സ്വയംഭരണം, തിരഞ്ഞെടുപ്പിനുള്ള അവകാശം എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു ലോകത്തിലേക്ക് നാം നീങ്ങേണ്ടതുണ്ട്, ” അവർ കൂട്ടിച്ചേർക്കുന്നു.

സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വ്യാപനം ലിംഗനിർണ്ണയോപാധികളുടെ വ്യാപനത്തിനു കാരണമാകാമെന്നും റിപ്പോർട്ടു മുന്നറിയിപ്പു നല്കുന്നു (1, 2).

ഇന്ത്യാ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ബേട്ടീ ബചാവോ ബേട്ടീ പഠാവോ യോജന’ പ്രായോഗിക തലത്തിൽ യാതൊരു പ്രയോജനവും ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുകയാണു യുഎൻഎഫ്പിഎ റിപ്പോർട്ട്. സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുപരി അവരെ ജനിക്കാൻ പോലും അനുവദിക്കില്ല എന്ന ഇന്ത്യൻ പുരുഷന്റെ ധാർഷ്ട്യമാണ് ഇവിടെ തെളിയുന്നത്.

പൊതുവേ, ആരോഗ്യകരമായ സ്ത്രീപുരുഷ അനുപാതം പുലർത്തുന്ന കേരളത്തിലും ഇതിനു വിരുദ്ധമായ ചില സൂചനകൾ ലഭ്യമാകുന്നുണ്ട് (3). തൃശ്ശൂർ പോലുള്ള ജില്ലകളിൽ സ്ത്രീകളുടെ അനുപാതം അനാരോഗ്യകരമായ രീതിയിൽ കുറയുന്നു എന്നാണു സൂചനകൾ.

യുഎൻ ഏജൻസിയുടെ റിപ്പോർട്ട്, ആർഷഭാരത സംസ്കൃതിയെക്കുറിച്ചു വാചാടോപങ്ങൾ നടത്തുന്ന ‘ഇന്ത്യൻ പൗരനോടു’ ചില സുപ്രധാന ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാകും ഭാവിയിൽ ഇന്ത്യയുടെ ‘സാംസ്കാരിക ഔന്നത്യത്തിന്റെ’ അളവുകോലാകുക.

ചരിത്രത്തിനു മുന്നിൽ നമുക്ക് അപമാനിതരായി നില്ക്കാതിരിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ …..

റഫറൻസ്
1.https://www.google.com/url…
2.https://www.unfpa.org/swop
3.https://www.google.com/…/female-child-population-declines-i…