Thu. Apr 18th, 2024

സി ആർ. മനോജ്

ആനയെ കൊല്ലുന്നത് ഭാരതീയ പാരമ്പര്യമല്ല..! എങ്കിൽ ഇച്ചിരി പാരമ്പര്യം പറഞ്ഞേക്കാം…

മഹാഭാരത യുദ്ധം. ചതിവും വഞ്ചനയും കള്ളത്തരവും ലോഡ് കണക്കിനു ഇറക്കി കൌരവപ്പടയെ കൃഷ്ണന്റെ നേതൃത്വത്തിൽ പാണ്ഡവപ്പട നേരിടുന്നു…, ദ്രോണർ കൌരവർക്ക് വേണ്ടി പാണ്ഡവരെ കൊന്നൊടുക്കുകയാണ്…

എന്ത് ചെയ്യും..? ഈ സ്ഥിതി തുടർന്നാൽ കൌരവർ പാണ്ഡവരുടെ കുരുപോലും വെച്ചേക്കില്ല…

കൃഷ്ണൻ ബുദ്ധി ഉപദേശിച്ചു… ഭീമനോട് പറഞ്ഞു ‘ദാ ആ നിൽക്കുന്ന ആനയെ അടിച്ച് കൊല്ല്…’

അതിന്റെ പേര്… അശ്വഥാമാ….!

ഭീമ ഗദ ആനയുടെ മസ്തകം പിളർന്നു… അത് ചോരയിൽ കുളിച്ച് പിടഞ്ഞു വീണു… നിരവധി പിടിയാനകൾ അലമുറയിട്ടു…

തങ്ങളുടെ പ്രിയപ്പെട്ട കാമുകനാണു യാതൊരു കാരണവും ഇല്ലാതെ മസ്തകം പിളർന്ന് കൊല ചെയ്യപ്പെട്ടിരിക്കുന്നത്…

എന്തൊരു അനീതീയാണിത്..? എന്തിനാണു ഞങ്ങളുടെ കാമുകനെ കൊന്നത്…?

നിവർന്നു നിന്നാൽ ഗുരുവായൂർ കേശവനും തെച്ചിക്കോട് രാമചന്ദ്രനും വരെ പേടിച്ച് പിണ്ടമിട്ട് ഓടിയൊളിക്കും…

അങ്ങിനെയുള്ള അശ്വഥാമാ എന്ന ഗജവീരനെയാണു ഭീമസേനൻ ഗദകൊണ്ട് അടിച്ച് കൊന്നിരിക്കുന്നത്..

മസ്തകം പിളർന്നപ്പോൾ തുമ്പിക്കരം ഉയർത്തി ചിന്നം വിളിച്ചിരുന്ന ആനയുടെ വായിൽ ഭീമസേനൻ ഗദ കുത്തിക്കയറ്റി…

അല്ലായിരുന്നെങ്കിൽ ആ ചിന്നം വിളിയിൽ പാണ്ഡവപക്ഷത്തെ ആനകളും കാലാളുകളും പിന്തിരിഞ്ഞോടുമായിരുന്നു…

ആന വീണു..! പിടഞ്ഞു പിടഞ്ഞു ചെരിഞ്ഞു…!

അതിന്റെ മിഴികൾ അപ്പോഴും അടഞ്ഞിരുന്നില്ല… ഒരു ചോദ്യഹിഹ്നം പോലെ അത് തുറന്നിരുന്നു…!
പിന്നെയാണു ക്ലൈമാസ് സീൻ അരങ്ങേറിയത്…

ഭീമൻ ചെന്ന് യുദ്ധം ചെയ്തും കൊന്നും ഉല്ലസിച്ചു നിന്ന ഗുരുവിനോട് ഉരച്ചു…

അശ്വഥാമ ഹത !

ച്ചാൽ ഞാൻ അശ്വഥാമാവിനെ കീച്ചീ.. അന്റെ മകനെ കൊന്നൂ ന്ന്…!

ദ്രോണർ അത് വിശ്വസിച്ചില്ല… മന്ദൻ നുണ പറയുന്നതാണ്…

അദ്ദേഹം സത്യം മാത്രം പറയുന്നതിൽ പി.എച്ച്.ഡി കരസ്ഥമാക്കി മറ്റു റിസേർച്ചുകൾ നടത്തിക്കൊണ്ടിരുന്ന ധർമ്മപുത്രനോട് ചോദിച്ചു…

മകനേ സംഗതി ശരിയാണോ..?

ഉവ്വ് ഗുരോ.. അശ്വഥാമാ ഹത.! അശ്വഥാമ എന്ന ആന മരിച്ചു എന്ന് പറഞ്ഞു..

ഇവിടെ ഗ്രാമർ മിസ്റ്റേയ്ക്ക് ഉണ്ടെന്ന് പിന്നീട് കണ്ടെത്തി… പാണനീയം ചെരിഞ്ഞു എന്നായിരുന്നു വേണ്ടിയിരുന്നത്.. മരിച്ചു എന്ന് പറഞ്ഞതാണ് വ്യാകരണപ്പിഴവ്…

മകൻ മരിച്ചുവെന്ന് അറിഞ്ഞതോടെ ദ്രോണർ യുദ്ധം ഉപേക്ഷിച്ച് തേർ തട്ടിൽ കുത്തിയിരുന്നു…

പ്രാണായാമം അനുഷ്ഠിച്ചുവെന്നൊക്കെയാണു പറയുന്നത്…!

എന്തായാലും ആ സമയത്ത് ധൃഷ്ഠദ്യു‌മ്നൻ ദ്രോണരുടെ ശിരസ്സ് അറുത്ത് ഭൂമിയിൽ എറിഞ്ഞു…! കഥയുടെ ബാക്കി നമുക്ക് പിന്നാലെ പറയാം..

നമുക്ക് ആനയിലേയ്ക്ക് വരാം…

ആനയെ കൊല്ലുന്നത് ഭാരതീയ പാരമ്പര്യം അല്ലെന്ന് പറയുന്നവരോട് പറയാനുള്ളത്..

ആ ആനയെ കൊന്നത് കൃഷ്ണന്റെ ഗൂഢാലോചനയോടെ ആയിരുന്നു..! നിങ്ങൾക്ക് എന്ത് പറയാനുണ്ട്…? ഭാരത പുരാണം അറിയില്ലെങ്കിൽ ചോദിക്കണം.., പറഞ്ഞ് തരാം… നെഗളിക്കരുത്…!

ഇതിനിടയിൽ മറ്റൊരു ചെറുകഥ കൂടിയുണ്ട്…

സന്ദീപ് എന്നൊരു പത്രപ്രവർത്തകൻ ഭീമൻ ആനയെ കൊന്ന വാർത്ത പാരഡൈസ് ടൈംസിൽ ചിത്രം സഹിതം നൽകി…

ആന അവസാന നിമിഷം അനുഭവിച്ച വിഷമതകൾ മുഴുവൻ ആൾ അതിൽ കുറിച്ചുവെച്ചു… ഭീമനെയും കൃഷ്ണനെയും അയാൾ ഭീകരവാദിയായി പ്രഖ്യാപിച്ചു…!

പിറ്റേന്ന് പത്രം വായിച്ച് ദ്രൌപതി ഭീമനോട് കാര്യം പറഞ്ഞുകൊടുത്തു…

ശരി .. ശരിപ്പെടുത്താം എന്ന് ഭീമൻ വാക്ക് കൊടുത്തു….

യുദ്ധം റിപ്പോർട്ട് ചെയ്യാൻ വന്ന സന്ദീപനെ ഭീമൻ അടുത്ത് വിളിച്ചു…

ഒരു അഭിമുഖം തരാമെന്നായിരുന്നു പ്രലോഭനം…!

ആൾ അരികിൽ ചെന്നപ്പോൾ.., ചൂണ്ടുവിരലിലും തള്ളവിരലിനും ഇടയിൽ ഒരു പ്രയോഗം അടിവയറ്റിൽ പ്രയോഗിച്ചു… സന്ദീപൻ ആത്മശാന്തി പൂകി…!

കൃഷ്ണനു ഇതിൽ സന്താപം ഉണ്ടാവുകയും ശാപമോക്ഷം കൊടുക്കുകയും ചെയ്തു..,

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വീണ്ടും ഭൂമിയിൽ പിറക്കുമെന്നും… ചന്തീപ് വാര്യർ എന്ന പേരിൽ മത തീവ്രവാദം വളർത്തിയും പ്രശ്നക്കാരനായും കുത്തിത്തിരുപ്പുകാരനായും ‘ജീവിക്കു‘മെന്നു വരം നൽകി അനുഗ്രഹിച്ചു..!

ശുഭം. !