Thu. Apr 18th, 2024
rbthdr

കന്യാമഠത്തിലെ കിണറിന്റെ ആഴങ്ങളിൽ ഒടുക്കി കളയേണ്ട സാധാരണ കന്യാസ്ത്രീയായ ഞാൻ ചാനലുകളിൽ ഇരുന്ന് സത്യങ്ങൾ വിളിച്ചു പറയുന്നത് അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു എന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. വൈദികരുടെ അടിമകളായി ജീവിക്കാനല്ല ഞാൻ നിത്യവ്രതമെടുത്ത് ഒരു കന്യാസ്ത്രീയായത് എന്നുറപ്പിച്ച് പറഞ്ഞ് ഞാൻ അതിനെതിരെ പോരാടി. രൂപത ബിഷപ്പിന്റെ മുന്നിൽ വരെ ഞാൻ പരാതിയുമായി ചെന്നു. പക്ഷേ ഒരിടത്തു നിന്ന് പോലും നീതി ലഭിച്ചില്ല. എതിർക്കുന്നവരോട് സഭ സ്വീകരിക്കുന്ന നിലപാടെന്താണെന്ന് അന്നുതൊട്ട് എനിക്ക് മനസിലായി തുടങ്ങിയതാണെന്ന് സിസ്റ്റർ ലൂസി കളപ്പുര ഫെയ്‌സ് ബുക്കിൽ കുറിച്ചു.

സിസ്റ്റർ ലൂസി കളപ്പുരയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണരൂപം:

കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ശ്രീ.കെന്നഡി കരിമ്പിൻകാല എന്ന സഹോദരൻ എഴുതിയ ഒരു പോസ്റ്റ് വായിക്കാനിടയായി. തനിക്ക് കഴിയാവുന്നതിന്റെ പരമാവധി മോശമായി അദ്ദേഹം എന്നെ അധിക്ഷേപിച്ചിട്ടുണ്ട് ആ പോസ്റ്റിൽ. പക്ഷേ സഹോദരാ, ഇതുകൊണ്ടൊന്നും എന്നെ തളർത്താൻ നിങ്ങൾക്ക് കഴിയില്ല. ഇതിനേക്കാൾ വലിയ അധിക്ഷേപങ്ങളും ആക്രമണങ്ങളും തന്നെയാണ് എന്നെ കാത്തിരിക്കുന്നത് എന്നെനിക്ക് നന്നായറിയാം. കന്യാമഠങ്ങൾക്കുള്ളിലെ അടിച്ചമർത്തലും ചൂഷണങ്ങളും അടിമപ്പണിയുമൊക്കെ സഹിച്ച് മടുത്ത് യാതൊരു നിവൃത്തിയുമില്ലാതാവുമ്പോൾ എതിർപ്പിന്റെ ഒരു ചെറിയ സ്വരമെങ്കിലും ഉയർത്തുന്നവരെയൊക്കെ കാത്തിരിക്കുന്നത് ഇതൊക്കെ തന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. ക്രൂരമായ ബലാൽക്കാരത്തിനിരയാക്കപ്പെട്ടശേഷം നീതിക്കായി കേഴുന്ന പാവം സ്ത്രീകളെ കോടതിമുറികളിലും പൊതുസമൂഹത്തിലും ഒരായിരം തവണ വാക്കുകൾ കൊണ്ട് വീണ്ടും വീണ്ടും കീറിമുറിക്കുന്നതുപോലെ നിങ്ങളെപ്പോലുള്ളവർ, എതിർക്കുന്നവരെയെല്ലാം കേട്ടാലറക്കുന്ന വാക്കുകൾ കൊണ്ട് തേജോവധം ചെയ്യും. ചെയ്യാത്ത തെറ്റുകൾ അവരുടെ തലയിൽ ചാർത്തിക്കൊടുക്കും. പോരെങ്കിൽ സ്വഭാവദൂഷ്യം കൂടി ആരോപിക്കും. നിങ്ങളെപ്പോലുള്ളവരുടെ ഉദ്ദേശം വളരെ വ്യക്തമാണ്. യാതൊരു കാരണവശാലും ഇനിയൊരാൾ കൂടി ശബ്ദമുയർത്താൻ ധൈര്യപ്പെടരുത്!

ഇതാദ്യമായിട്ടല്ലല്ലോ ഇത്തരം പീഡാനുഭവങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ശരിയുടെ ഭാഗത്ത് ഉറച്ചു നിന്നതിന്റെ പേരിൽ കഴിഞ്ഞ മുപ്പത്തഞ്ച് വര്ഷത്തെ സന്ന്യാസ ജീവിതത്തിനിടയിൽ എന്തെല്ലാം ദുരനുഭവങ്ങളാണ് എനിക്ക് തരണം ചെയ്യേണ്ടി വന്നിട്ടുള്ളത്.

അധ്യാപക പഠനം പൂർത്തിയാക്കിയ ശേഷം ആദ്യമായി ഞാൻ ജോലി ചെയ്‌ത സ്‌കൂളിലെ മാനേജരായിരുന്ന വൈദികനിൽ നിന്നാണ് എനിക്ക് ആദ്യമായി ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. അയാളുടെ താമസസ്ഥലത്ത് ചെല്ലാനും അയാളുടെ മുറി അടിച്ചു വാരാനും അയാൾ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകിക്കൊടുക്കാനും വീട്ടുജോലികൾ ചെയ്‌തുകൊടുക്കാനുമൊക്കെ ഞാൻ വിസമ്മതിച്ചതാണ് അയാളുടെ അപ്രീതിക്ക് കാരണമായത്. ഞാൻ ജോലി ചെയ്യുന്ന സ്കൂളിൽ, ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ മുന്നിൽ വച്ച് പോലും പരസ്യമായി എന്നെ അധിക്ഷേപിച്ചുകൊണ്ടും വ്യക്തിഹത്യ നടത്തിയുമാണ് അയാൾ പകരം വീട്ടിയത്. വൈദികരുടെ അടിമകളായി ജീവിക്കാനല്ല ഞാൻ നിത്യവ്രതമെടുത്ത് ഒരു കന്യാസ്ത്രീയായത് എന്നുറപ്പിച്ച് പറഞ്ഞ് ഞാൻ അതിനെതിരെ പോരാടി. രൂപത ബിഷപ്പിന്റെ മുന്നിൽ വരെ ഞാൻ പരാതിയുമായി ചെന്നു. പക്ഷേ ഒരിടത്തു നിന്ന് പോലും നീതി ലഭിച്ചില്ല. എതിർക്കുന്നവരോട് സഭ സ്വീകരിക്കുന്ന നിലപാടെന്താണെന്ന് അന്നുതൊട്ട് എനിക്ക് മനസിലായി തുടങ്ങിയതാണ്.

ദ്വാരകയിൽ അൽഫോൻസാ ബാലഭവന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് എന്റെ സുപ്പീരിയേഴ്സിന്റെ അധികാര ഗർവ്വിനു വഴങ്ങിയില്ല എന്നതായിരുന്നു ഞാൻ ചെയ്‌ത കുറ്റം. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ വിനോദയാത്ര, നടത്തണ്ട എന്ന് അവസാനനിമിഷം ഉത്തരവിട്ടുകൊണ്ടാണ് എന്റെ സുപ്പീരിയർ എന്നോടുള്ള വിരോധം തീർത്തത്. സന്തോഷകരമായൊരു യാത്ര പോകാൻ പ്രതീക്ഷയോടെ കാത്തിരുന്ന യാതൊരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞുങ്ങളെ നിരാശരാക്കാൻ എനിക്ക് മനസ് വന്നില്ല, അതിനു വേണ്ടി എന്റെ സുപ്പീരിയർ നൽകിയ നീതിക്ക് നിരക്കാത്ത ആജ്ഞ എനിക്ക് നിരസിക്കേണ്ടി വന്നു. സുപ്പീരിയറിന്റെ വിശ്വസ്തയായ ജെയ്‌സി ജോസ് എന്ന സഹോദരി അതൊരു ആയുധമാക്കി എന്നെ വേട്ടയാടി. എന്നെ ദേഹോപദ്രവമേൽപ്പിക്കാൻ വരെ അവർ മുതിർന്നു. എന്റെ ഭാഗം കേൾക്കാൻ സുപ്പീരിയർ ഒരിക്കലും തയ്യാറായില്ല. ഒടുവിൽ അവരുടെ കൈയക്ഷരത്തിൽ എഴുതിയ ഒരു കുറ്റപത്രം എന്നെക്കൊണ്ട് ബലമായി ഒപ്പിട്ട് വാങ്ങി. ആ ലെറ്ററിന്റെ പേര് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ എന്നെ ഇന്നും തേജോവധം ചെയ്തുകൊണ്ടേയിരിക്കുന്നു. പക്ഷേ ദൈവത്തിന്റെ കൈ ആ ലെറ്ററിൽ പ്രവർത്തിച്ചു എന്ന കാര്യം അവർ പോലും അറിഞ്ഞിട്ടുണ്ടാവില്ല. എന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അവർ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച രേഖകളുടെ കൂട്ടത്തിൽ ഈ ലെറ്ററും പുറത്തു വന്നു. ജെയ്‌സി ജോസ് എന്ന സഹോദരി എന്നോട് ചെയ്‌ത ദേഹോപദ്രവത്തെക്കുറിച്ച് ഏതു കോടതിക്കും ബോധ്യമാകുന്ന വിധത്തിൽ അതിൽ എഴുതി ചേർക്കപ്പെട്ടിട്ടുണ്ടായിരുന്നു എന്നത് അവർ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതൊരു പക്ഷേ കാലം കാത്തുവച്ച നീതിയായിരിക്കണം.

സീനിയോറിറ്റിയും KER യോഗ്യതയുമൊക്കെയുള്ള അഞ്ച് പേരെ അവഗണിച്ച് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അർഹത കുറഞ്ഞ ഒരാൾക്ക് ഹെഡ് മിസ്‌ട്രസ്‌ ആയി നിയമനം നൽകിയ നടപടിയെ എതിർത്തതാണ് ദ്വാരക സേക്രഡ് ഹാർട്ട് സ്കൂൾ മാനേജമെന്റിലെ വൈദിക പ്രമാണിമാരെ ചൊടിപ്പിച്ചത്. ഇല്ലാത്ത കുറ്റങ്ങൾ കണ്ടുപിടിച്ച് എന്നെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തുകൊണ്ടാണ് എന്നോടവർ പ്രതികാരം ചെയ്‌തത്‌. പക്ഷേ മതിയായ കാരണങ്ങളില്ല എന്ന് കണ്ടെത്തി DEO ആ സസ്‌പെൻഷൻ നടപടി തന്നെ റദ്ദ് ചെയ്‌തു. പക്ഷേ അഭിമാനക്ഷതമേറ്റ വൈദിക പ്രമാണിമാർ പണക്കൊഴുപ്പിന്റെ ബലത്തിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും അധ്യാപക സംഘടനയെ സ്വാധീനിക്കാൻ ശ്രമിച്ചും എന്നെ പുറത്താക്കാൻ കഴിയാവുന്നതെല്ലാം ചെയ്‌തു നോക്കി. പക്ഷേ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള മാനേജ്‌മെന്റിന്റെ നടപടി ഒരിടത്തും നിലനിന്നില്ല. എന്നോടുള്ള വിരോധം പതിന്മടങ്ങായി വർധിച്ച വൈദിക പ്രമാണിമാർ പതിവുപോലെ എനിക്കെതിരായി കഥകൾ ചമച്ചും വ്യക്തിഹത്യകൾ നടത്തിയും ഇന്നും തങ്ങളുടെ രോഷം തീർത്തുകൊണ്ടിരിക്കുന്നു.

വഞ്ചി സ്ക്വയറിൽ സമരം ചെയ്‌ത ആ പാവം കന്യാസ്ത്രീകൾക്കൊപ്പം ഞാനും കൂടിയത് സഭയിലെ ഉന്നതരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. സാധാരണ ഗതിയിൽ വളരെ ഈസിയായി തേച്ചു മാച്ചു കളയുമായിരുന്ന ഫ്രാങ്കോ കേസ് പൊതുസമൂഹം ഏറ്റെടുത്തതോടെ അവർക്കൊരു കീറാമുട്ടിയായി മാറി. ഏതെങ്കിലുമൊരു കന്യാമഠത്തിന്റെ പിന്നാമ്പുറത്തെ കിണറിന്റെ ആഴങ്ങളിൽ ഒടുക്കി കളയേണ്ട ഒരു സാധാരണ കന്യാസ്ത്രീയായ ഞാൻ ചാനലുകളിൽ ഇരുന്ന് സത്യങ്ങൾ വിളിച്ചു പറയുന്നത് അവരെ വല്ലാതെ അസ്വസ്ഥരാക്കി. അതുകൊണ്ടാണല്ലോ നോബിൾ തോമസിനെപ്പോലുള്ള സാമൂഹ്യ വിരുദ്ധൻമാരെ ഉപയോഗിച്ചുകൊണ്ട് എനിക്കെതിരെ തരംതാണ ആരോപണങ്ങളും സ്വഭാവഹത്യയും അസഭ്യ വർഷവും ചൊരിഞ്ഞുകൊണ്ട് ഇതിനെയെല്ലാം പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഞാൻ താമസിക്കുന്ന മഠത്തിൽ നിന്നും എന്നെ എങ്ങനെയെങ്കിലും ഇറക്കി വിടാനായിരുന്നു പിന്നീടുള്ള ശ്രമം. എന്റെ മഠത്തിലുണ്ടായിരുന്ന എന്നോട് അനുഭാവമുള്ള കന്യാസ്ത്രീകളെയെല്ലാം ഒറ്റയടിക്ക് സ്ഥലം മാറ്റി പകരം വൈദിക പ്രമാണിമാരോട് വിധേയത്വം പുലർത്തുന്ന ഒരു കൂട്ടം കന്യാസ്ത്രീമാരെ കൊണ്ടുവന്നു. എന്നോട് സംസാരിക്കുക പോലും ചെയ്യരുതെന്ന് അവരെ ചട്ടം കെട്ടി. മഠത്തിനുള്ളിലെ എന്റെ ജീവിതം നരകമാക്കിത്തീർക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുക തന്നെയാണ്. മഠത്തിൽ നിന്നും ഇറക്കി വിടാതിരിക്കാൻ ഞാൻ കോടതിയെ സമീപിച്ചപ്പോൾ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തെ സ്വാധീനിച്ച് എന്നെ FCC യിൽ നിന്നും പുറത്താക്കിയ നടപടിയിൽ ഒപ്പിടുവിച്ചു കൊണ്ടാണ് അവർ പകരം വീട്ടിയത്. അതാണ് അന്തിമ വിധിയെന്നും എന്നെ FCC യിൽ നിന്നും അന്തിമമായി പുറത്താക്കി എന്നും സകല ചാനലുകളിലും ഇരുന്ന് പച്ചക്കള്ളം പറഞ്ഞു അവർ. എന്നാൽ അതിനു പിന്നിൽ മറ്റൊരു നാടകമുണ്ടായിരുന്നു എന്ന് അപ്പോൾ എനിക്ക് മനസിലായില്ല.

പൗരസ്ത്യ തിരുസംഘം (Supreme Tribunal) എന്റെ അപ്പീൽ തള്ളിയിരിക്കുന്നു എന്നു മാത്രം ഇംഗ്ലീഷിൽ എഴുതി മറ്റു പ്രധാന ഭാഗങ്ങളെല്ലാം ലാറ്റിൻ ഭാഷയിൽ മാത്രമുള്ള ഒരു ലെറ്ററാണ് February 28 ആം തീയതി എനിക്ക് ലഭിച്ചത്. അതിൽ ലാറ്റിൻ ഭാഷയിൽ എഴുതിയിരുന്ന ‘പത്ത് ദിവസത്തിനകം Supreme Tribunal നെ വീണ്ടും സമീപിക്കാം’ എന്ന സുപ്രധാന വസ്തുത ലാറ്റിൻ വായിക്കാനറിയാത്ത എനിക്ക് അപ്പോൾ മനസിലായില്ല. എന്നാൽ ആ സത്യം മറച്ച് വയ്ക്കാനും ഒപ്പം Supreme Tribunal നെ വീണ്ടും ഞാൻ സമീപിക്കാതിരിക്കാനുമുള്ള ബോധപൂർവമുള്ള ശ്രമമായിരുന്നു അത്. February 28 ആം തീയതി വന്ന ലെറ്ററിന്റെ ഇംഗ്ലീഷ് ട്രാന്സലേഷൻ മനപൂർവം 5 ദിവസങ്ങൾ വൈകിപ്പിച്ച ശേഷം March 4 ആം തിയതിയാണ് എനിക്ക് തരുന്നത്. യാതൊരു കാരണവശാലും ഞാൻ നിശ്ചിത സമയത്തിനുള്ളിൽ വത്തിക്കാനിലെ Supreme Tribunal നു മുൻപിൽ അപ്പീലുമായി പോകരുത് എന്ന ഉദ്ദേശത്തിലായിരുന്നു അത്. ഇംഗ്ലീഷ് ട്രാൻസ്ലേഷൻ നൽകാൻ മനഃപൂർവം വൈകിപ്പിച്ചും, വന്നിരിക്കുന്നത് അന്തിമ വിധിയാണെന്ന് എല്ലാ ചാനലുകളിലും ഓടി നടന്ന് പറഞ്ഞ് തെറ്റിധാരണ പരത്തിയും പത്ത് ദിവസങ്ങൾക്കുള്ളിൽ എനിക്ക് അപ്പീൽ കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി ആ സാങ്കേതികത ഉപയോഗിച്ചുകൊണ്ട് എന്നെ പുറത്താക്കിയതായി പ്രഖ്യാപിക്കാനാണെന്ന് മനസിലാക്കിയ ഞാൻ, വളരെ ബുദ്ധിമുട്ടിയെങ്കിലും നിർദ്ദിഷ്ട കാലാവധിക്ക് മുൻപ് തന്നെ വത്തിക്കാനിലുള്ള Supreme Tribunal നു മുന്നിൽ അപ്പീൽ സമർപ്പിക്കുകയും Supreme Tribunal അത് ഫയലിൽ സ്വീകരിക്കുകയും ചെയ്‌തത് അവർക്ക് വീണ്ടും തിരിച്ചടിയായി.

ഈ സഭ ഇത്രക്ക് ദുഷിച്ചതാണെങ്കിൽ പിന്നെ എന്തിനിവിടെ കടിച്ചു തൂങ്ങി കിടക്കുന്നു? ഇറങ്ങിപ്പൊയ്ക്കൂടെ? എന്ന ചോദ്യമാണല്ലോ നിങ്ങളുടെ പിണിയാളുകളെക്കൊണ്ട് നിരന്തരം ചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന് വ്യക്തമായ ഉത്തരമുണ്ടെനിക്ക്. ദേവാലയത്തെ കച്ചവടസ്ഥലമാക്കിയത് കണ്ട യേശു നിശബ്ദനായി അവിടെനിന്ന് ഇറങ്ങി പോവുകയല്ല ചെയ്തത്, പകരം പ്രാർത്ഥനാലയം കച്ചവടസ്ഥലമാക്കിയവരെ ദേവാലയത്തിൽ നിന്നും ചാട്ടവാറിന് അടിച്ച് പുറത്താക്കി ആലയം ശുദ്ധീകരിക്കുകയാണ് ചെയ്‍തത്. ആ യേശുവിന്റെ പാത പിന്തുടർന്ന് സന്ന്യാസജീവിതം സ്വീകരിച്ചയാളാണ് ഞാൻ. എന്റെ ആലയം ഇന്ന് മലിനമാണ്! കന്യാമഠങ്ങൾക്കുള്ളിൽ എന്റെ സഹോദരിമാർ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാലഹരണപ്പെട്ട മതനിയമങ്ങൾ കൊണ്ട് അന്ധത ബാധിച്ച് മനുഷ്യരുടെ ജീവിതം തന്നെ ദുഷ്‌കരമാക്കപ്പെട്ടിരിക്കുകയാണിപ്പോൾ. പാവപ്പെട്ട അൽമായരുടെ കണ്ണിൽ പൊടിയിട്ട് അവരുടെ സമ്പാദ്യത്തിലെ അവസാന നാണയത്തുട്ടുവരെ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ പൗരോഹിത്യം. മാനസികമായ അടിമത്തം മൂലം പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ട് എല്ലാം സഹിക്കാനും ഉള്ളിലമർത്താനും മാത്രം വിധിക്കപ്പെട്ടവരാണ് ഇവരെല്ലാം. അവർക്കൊക്കെ വേണ്ടി ഞാനിവിടെത്തന്നെ തുടരണം, എന്റെ അവസാന ശ്വാസം വരെ ഞാൻ അവർക്കു വേണ്ടി സംസാരിച്ചുകൊണ്ടേയിരിക്കണം, കാരണം അങ്ങനെ ചെയ്യുക എന്നതാണ് ഒരു യഥാർത്ഥ സന്ന്യാസിയുടെ ധർമ്മം. എന്തൊക്കെ പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നാലും ഞാനത് നിറവേറ്റുക തന്നെ ചെയ്യും!

ഓരോ തവണയും എനിക്കെതിരായ നടപടികളും വ്യക്തിഹത്യകളും പെരും നുണകൾ ചമച്ചുകൊണ്ടുള്ള നാടകങ്ങളുമൊക്കെ അവർക്ക് തന്നെ തിരിച്ചടിയാകുന്ന കാഴ്ച്ചയാണ് നാമൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്. പക്ഷേ അതൊന്നും എന്റെ കഴിവുകൾ കൊണ്ടാണെന്ന് ഒരിക്കലും ഞാൻ വിശ്വസിക്കുന്നില്ല, മറിച്ച് സത്യവും നീതിയും അവരുടെ ഭാഗത്ത് തൊട്ടു തീണ്ടിയിട്ടു പോലുമില്ലാത്തതുകൊണ്ടാണ്. അധികാരം തലക്ക് പിടിച്ച ഒരു കൂട്ടം വൈദിക വൃന്ദം എല്ലാം തങ്ങളുടെ കാൽക്കീഴിലാണെന്ന് അഹങ്കരിച്ചു. തങ്ങളെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി സ്വയം അവരോധിച്ച് ഇടവക ജനത്തിന്റെ പിച്ചച്ചട്ടിയിൽ നിന്നുപോലും കൈയിട്ട് വാരി തിന്നു കൊഴുത്തപ്പോൾ പാവപ്പെട്ട കന്യാസ്ത്രീകൾ അടിമകളാണെന്ന് തോന്നിത്തുടങ്ങി. വൈദികർ മൂലം തകരുന്ന കുടുംബങ്ങളെപറ്റിയുള്ള വാർത്തകളും , പിഞ്ചു കുഞ്ഞുങ്ങളെപ്പോലും പീഡിപ്പിക്കുന്ന വൈദികരെപറ്റിയുള്ള വാർത്തകളുമൊക്കെ തുടർക്കഥയായപ്പോൾ പൊതുസമൂഹം തന്നെ അവരെ തള്ളിപ്പറഞ്ഞു തുടങ്ങി. അവരുടെയൊക്കെ അതിക്രമങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ് എന്നോടൊപ്പമുള്ളത്. അവരാണ് എന്റെ ശക്തി.

എന്നെപ്പോലൊരാളെ ഈ ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കാൻ അവർക്ക് നിഷ്‌പ്രയാസം സാധിക്കും എന്നെനിക്ക് നന്നായറിയാം. പക്ഷേ ഞാനതിനെ ഭയക്കുന്നില്ല. കാരണം ഞാൻ ഇല്ലാതെയായാലും ഈ സമരം പതിൻമടങ്ങ് ശക്തിയിൽ തുടരുക തന്നെ ചെയ്യും. ഇത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള സമരമാണ്. അന്തിമ വിജയം എന്നും സത്യത്തിനു തന്നെയായിരിക്കും! അങ്ങനെയാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്!!