സ്പ്രിംക്ലര്‍: കള്ളം കൈയോടെ പിടികൂടിയപ്പോള്‍ കളവ് മുതല്‍ ഉപേക്ഷിക്കുന്ന നിലപാടെന്ന് രമേശ് ചെന്നിത്തല

സ്പ്രിംക്ലര്‍ കരാറില്‍ കള്ളം കൈയോടെ പിടികൂടിയപ്പോള്‍ കളവ് മുതല്‍ ഉപേക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിലെ അഴിമതി പ്രതിപക്ഷം പറഞ്ഞില്ലായിരുന്നെങ്കില്‍ ആരും അറിയാതെ തുടര്‍ന്നേനെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമ പോലെയായി കാര്യങ്ങള്‍. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രതിപക്ഷം ഉന്നയിച്ച ശേഷമാണ് രേഖകള്‍ ഉണ്ടാക്കുന്നത്. ഒരു വിധത്തിലുള്ള ചര്‍ച്ചയും ഒരു സമിതികളിലും ഉണ്ടായിട്ടില്ല. കൊവിഡിന്റെ മറവില്‍ പൗരാവകാശങ്ങളെ ധ്വംസിക്കുന്ന ലോകത്തിലെ മറ്റ് ഏകാധിപതികളുടെ പാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ മുഴുവന്‍ വൈരുദ്ധ്യമാണ്. അഞ്ച് ലക്ഷം ഡാറ്റ സ്പ്രിംക്ലറിന്റെ കൈവശം ഉണ്ടെന്നും അത് നശിപ്പിക്കുമെന്ന് എന്താണ് ഉറപ്പെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഈ കമ്പനിയെ കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.