Thu. Apr 18th, 2024

വാട്സ്‌ ആപ്പ് ഉണ്ടായതും യുട്യൂബ് ഉണ്ടായതും ഫെയ്‌സ്‌ബുക്ക്‌ ഉണ്ടായതും യേശുവിന് വേണ്ടിയാണെന്ന് പ്രമുഖ ധ്യാനഗുരു പറഞ്ഞത് വെറുതെയല്ല. കഴിഞ്ഞ കൊറോണ ഞായറാഴ്ച കുർബാന യുട്യൂബ് വഴിയാക്കിയതിനാൽ കുഞ്ഞാടുകൾക്കുള്ള മുട്ടനാടിന്റെ ഇടയലേഖനം വാട്ട്സ് ആപ്പ് വഴിയായിരുന്നു. വാട്ട്സ് ആപ്പിൽ പറന്നുനടക്കുന്ന ഇടയലേഖനങ്ങളിലും കൊറോണ വാര പ്രത്യേക പ്രാർത്ഥനകളിലും പെട്ട ഒരെണ്ണം ഇതാ…

“കൊറോണ എന്ന് പേരുള്ള മഹാപാപി 2020-ലെ പ്രധാന വരുമാന വാരം (പണവാരം) നശിപ്പിച്ചു. കൊറോണയെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കൊന്ന് കുഴിച്ചു മൂടും. വത്തിക്കാനിലെ എന്റെ ചക്രവർത്തിയുടെ കൊട്ടാരവും വിജനതയിലാണ്.

ഈ കൊറോണയെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ചേർന്ന് കൊന്ന് കുഴിച്ച് മൂടിക്കഴിഞ്ഞാൽ രൂപതാ (വലിയ) ഇടയനായ ഞാനും കുഞ്ഞിടയന്മാരും കുഞ്ഞാടുകളും കൈകോർക്കും. കൊല്ലപ്പെടുന്ന (കൊല്ലപ്പെട്ട) കൊറോണ തിരിച്ചു വരാതിരിക്കാനായി  കുഞ്ഞാടുകളുടെ ചിലവിൽ കുർബ്ബാനകളും ഒപ്പീസുകളും നടത്തും. വരുമാന വാരത്തിൽ കുഞ്ഞാടുകൾ, വലിയ ഇടയനായ എനിക്കും കുഞ്ഞിടയന്മാർക്കും തരാനായി സ്വരൂപിച്ച, കരുതി വെച്ച പണവും വസ്തുക്കളും കൊറോണയെ കൊന്ന് കുഴിച്ച് മൂടിയ ശേഷം ഞങ്ങൾ സ്വീകരിക്കുന്നതായിരിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകളും നിയമങ്ങളും പാലിക്കാതെ; വത്തിക്കാനിലെ കാനോൻ നിയമത്തിന്റെ പിന്നാലെ പോകാൻ ശ്രമിച്ചാൽ –

(1) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വലിയ ഇടയനായ എന്നെയും കുഞ്ഞിടയന്മാരെയും പൊക്കിയെടുത്ത് ക്വോരണ്ടയിൻ പെട്ടിയിലേക്ക് വലിച്ചെറിയും.

(2) ആരുമറിയാതെ ഒളിച്ച് വത്തിക്കാനിലെങ്ങാനും പോയാൽ തന്നെ,  അവിടെ കൊറോണ വായും പിളർത്തി വിഴുങ്ങാനിരിക്കുന്നു.

കുഞ്ഞാടുകൾ ഭയപ്പെടേണ്ട

കുഞ്ഞാടുകൾ വിഷമിക്കേണ്ട

കുഞ്ഞാടുകൾ സങ്കടപ്പെടേണ്ട

ഞങ്ങൾ വലിയ ഇടയന്മാരും ചെറിയ ഇടയന്മാരും ധ്യാനക്കമ്പനി ഉടമകളും പല വാഗ്ദാനങ്ങളും കുഞ്ഞാടുകൾക്ക് തന്നിട്ടുണ്ട്.

ഞങ്ങൾ തന്ന വാഗ്ദ്ധാനങ്ങൾ നിറവേറണമെങ്കിൽ കുഞ്ഞാടുകൾക്ക് വിശ്വാസം വേണം. കുഞ്ഞാടുകൾ കോടികൾ തന്നു. പക്ഷെ അവരിൽ കൂടുതൽ പേരും അവിശ്വാസികളായിരുന്നു. വിശ്വാസികളായ പലരും വിശ്വാസ പ്രചരണത്തിനായി ധ്യാന കേന്ദ്രങ്ങൾ തുടങ്ങി. അവർക്ക് അനേക കോടികളുടെ  വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്. അത് തുടരുകയും ചെയ്യുന്നു.. അവരെ വിശ്വസിച്ച പലർക്കും പല തരത്തിലുള്ള സുഖസൗകര്യങ്ങളും ലഭ്യമാകുണ്ട്. ഇതിനുദാഹരണങ്ങളാണ് ഫരീദാബാദിലെ ഫാ. ജോബി കാച്ചപ്പിള്ളി VC – യും , തൃശ്ശൂരിലെ ഫാ. സോണി ആന്റണി CMI – യും. ഇവരെ കൂടാതെ ബിഷപ്പുമാരടക്കമുള്ള വലിയ ഇടയന്മാരും പലതരത്തിലുള്ള സുഖ സൗകര്യങ്ങൾ കുഞ്ഞാടുകൾക്കായി ചെയ്ത് കൊടുക്കുന്നുണ്ട്.

[07/04, 1:55 PM] ?: സാമൂഹ്യ ദ്രോഹിയായ കൊറോണയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കൊന്ന് കുഴിച്ച് മൂടിക്കഴിഞ്ഞാൽ ഞങ്ങൾ ഇടയന്മാരും ധ്യാനക്കമ്പനി ഉടമകളും കുഞ്ഞാടുകൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ കുഞ്ഞാടുകൾ സമക്ഷം അവതരിപ്പിക്കുന്നതായിരിക്കും.

ഇവിടെ വെച്ച് കുഞ്ഞാടുകളുടെ മനസ്സുകൾ ആഹ്ളാദഭരിതമാകും.  കുഞ്ഞാടുകൾക്ക് മുമ്പിലെ ഭണ്ഡാരങ്ങളും, മുമ്പിലെത്തുന്ന ചെപ്പുകളും നിറഞ്ഞാൽ ഇടയന്മാരുടെയും ധ്യാനക്കമ്പനി ഉടമകളുടെയും മനസ്സും നിറഞ്ഞ് തുളുമ്പും.

 നമുക്ക് കാത്തിരിക്കാം-കൊറോണയുടെ മരണത്തിനായി. ആ നല്ല നാൾ വരുന്നത് വരെ ഞങ്ങൾ ഈ മാളത്തിലുണ്ടാകും.

കൊറോണ പുണ്യവാളാ …. ഞങ്ങൾ ഇടയന്മാരെ അനുഗ്രഹി ക്കേണമേ.
ഇനിയും ഇതുപോലുള്ള വരുമാന നഷ്ട (പണ നഷ്ട) വാരങ്ങൾക്ക് നടുവിൽ എത്തപ്പെടാതിരിക്കാൻ പ്രത്യേകമായി അനുഗ്രഹിക്കേണമെ.

 ആമേൻ.