Tuesday, September 27, 2022

Latest Posts

ഏപ്രിൽ 6: കല ജീവിതമാക്കിയ കുട്ടികൃഷ്ണമാരാർ ഓർമ്മദിനം

വിമർശനത്തെ സർഗാത്മക കലയാക്കി മാറ്റിയ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാർ.മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്ട് കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1900ൽ ജനിച്ചു. പട്ടാമ്പി സംസ്കൃത കോളേജിൽ പുന്നശ്ശേരി നീലകണ്ഠശർമയുടെ ശിഷ്യനായി സംസ്കൃതത്തിൽ പാണ്ഡിത്യം നേടി. ശിരോമണി പരീക്ഷ പാസ്സായതിനുശേഷം മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലി ചെയ്തു.

മഹാഭാരതത്തിലെ ചില സന്ദർഭങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് എഴുതിയ ‘ഭാരതപര്യടന’വും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ നിറഞ്ഞ ‘കല ജീവിതം തന്നെ’യും മലയാള വിമർശന സാഹിത്യത്തിലെ ക്ലാസ്സിക്കുകളാണ്. യുദ്ധം പലതാണെങ്കിലും അതുണ്ടാക്കുന്ന ദുഃഖം ഒന്നാണ്.

മഹാഭാരത യുദ്ധത്തിന്റെ അവസാനം ആത്യന്തികമായ ദുഃഖത്തിലാണ് പര്യവസാനിക്കുന്നത്. മനുഷ്യ ചരിത്രത്തിൽ യുദ്ധം വരുത്തിവെക്കുന്ന ദുരിതത്തിന്റെ തീവ്രത ഈ കൃതി നമുക്കു കാണിച്ചുതരുന്നു. ഓരോ യുദ്ധവും നമ്മെ സർവനാശത്തിലേക്ക് നയിക്കുന്നു എന്ന് മാരാർ മഹാഭാരത വിമർശനത്തിലൂടെ ഓർമ്മപ്പെടുത്തുന്നു.
മഹാഭാരത കഥകളിലേക്ക് സഹൃദയത്വത്തോടെയും അസാധാരണമായ ഉൾക്കാഴ്ചയോടെയും കടന്നുചെല്ലുന്ന ഒരാസ്വാദകനാണ് മാരാർ . അമാനുഷർ എന്നു കരുതുന്ന ചില കഥാപാത്രങ്ങളെ മനുഷ്യരായി ചിത്രീകരിക്കുന്നു ഈ കൃതിയിൽ അവരുടെ ശക്തിദൗര്ബർ ല്യങ്ങൾ തുറന്നു കാണിക്കുന്നു.

കുട്ടികൃഷ്ണമാരാർക്ക് കേരള സാഹിത്യ അക്കാഡമിയുടെ നിരൂപണത്തിനുള്ള ആദ്യ അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1966) നേടിക്കൊടുത്ത കൃതിയാണ് ‘കല ജീവിതം തന്നെ’. കല കലയ്ക്കു വേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്ന ചർച്ച നടക്കുമ്പോൾ കല ജീവിതം തന്നെയെന്ന് മാരാർ സമർഥിച്ചു. 30 ഉപന്യാസങ്ങളോടുകൂടിയ ഈ കൃതി സാഹിത്യ വിദ്യാർഥികൾക്ക് ഏറെ സഹായകമാണ്.

മാരാർ എഴുതിയ ‘മലയാളശൈലി’യാണ് ഇന്നും മലയാളത്തിലെ ഏറ്റവും ആധികാരികമായ ശൈലീ പുസ്തകം. ‘വൃത്തശില്പം, സാഹിത്യഭൂഷണം’ എന്നീ കൃതികളിലൂടെ വൃത്താലങ്കാര ശാസ്ത്രപഠനത്തിലും അദ്ദേഹം മൗലീകമായൊരു വഴിതുറന്നു.
സാഹിത്യ ഭൂഷണം, ഭാഷാപരിചയം, കുമാരസംഭവം, മേഘസന്ദേശം, സാഹിത്യ സല്ലാപം, കൈവിളക്ക്, സാഹിത്യവിദ്യ എന്നിവ മാരാരുടെ മറ്റു പ്രധാന കൃതികളാണ്. മലയാളത്തി ഇദ്ദേഹമെഴുതിയ വിമർശനങ്ങൾ മാതൃഭൂമിയിൽ കൂടിയാണ് ആദ്യം പുറത്തുവന്നത്. അങ്ങനെ സാഹിത്യ നിരൂപകൻ എന്ന നിലയിൽ മാരാർ അറിയപ്പെടാൻ തുടങ്ങി. മഹാകവി വള്ളത്തോളുമായുള്ള അടുത്തബന്ധം മലയാള സാഹിത്യവുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു. പ്രൗഢങ്ങളായ നിരവധി കൃതികൾ അദ്ദേഹം മലയാള സാഹിത്യത്തിനു സംഭാവന ചെയ്തു.

മാരാർ ആദ്യമെഴുതിയ കൃതിയാണ് സാഹിത്യ ഭൂഷണം. എ.ആർ രാജരാജവർമയുടെ സാഹിത്യ സാഹ്യം എന്ന കൃതിയുടെ പശ്ചാത്തലത്തിൽ സാഹിത്യ സിദ്ധാന്തങ്ങളെ വിലയിരുത്തുകയാണ് ഈ കൃതിയിൽ ശുദ്ധമായ മലയാളം എന്ത്, എങ്ങനെ എന്ന് വിശദീകരിക്കുന്ന ‘മലയാള ശൈലി’ എന്ന കൃതി ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് എന്നും പാഠപുസ്തകമാണ്.
സാഹിത്യ സല്ലാപം, രാജാങ്കണം, സാഹിത്യ വിദ്യ, ചർച്ചായോഗം, ദന്തഗോപുരം, ഋഷിപ്രസാദം, വൃത്ത ശില്പം എന്നിവ മാരാരിൽ നിന്നും മലയാള സാഹിത്യത്തിനു ലഭിച്ച പ്രൗഢമായ കൃതികളാണ്.

വിശ്വമഹാകവി കാളിദാസന്റെ മിക്ക കൃതികൾക്കും ഇദ്ദേഹം ഗദ്യപരിഭാഷ തയ്യാറാക്കിയിട്ടുണ്ട്. തന്റെ പ്രൗഢമായ ഗദ്യശൈലികൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ കുട്ടികൃഷ്ണമാരാർ 1974 ഏപ്രിൽ 6ാം തീയതി നമ്മെ വിട്ടു പിരിഞ്ഞു.

BEST SELLERS
Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.