Fri. Mar 29th, 2024

പ്രസാദ് അമോർ

ഒരു സ്ഥലത്തു താമസിക്കുകയും അതേ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടുകൊണ്ടുള്ള മനുഷ്യന്റെ ജീവിത രീതിയിൽ സ്വന്തം സുരക്ഷയ്ക്ക് വേണ്ടി പരിസ്ഥിതിയുടെ ഉപയോഗവും, വന്യമൃഗങ്ങളിൽ നിന്നും ശത്രുക്കളായ ഇതര മനുഷ്യരിൽനിന്നുമുള്ള ആക്രമണങ്ങളെ ഭേദിക്കുന്നതിനുള്ള തന്ത്രങ്ങളും മനുഷ്യർക്ക് അറിയാം . എന്നാൽ താമസിക്കുന്ന സ്ഥലത്തിന്റെ ജൈവഘടനയും മൃഗങ്ങളുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും കൃത്യമായ ധാരണയുള്ള ഒരു സംഘജീവിത ശൈലിയിൽ അറിവിന്റെയും ബുദ്ധിയുടെയും പരിസ്ഥിതിയുമായുള്ള പരസ്പരപ്രവർത്തനത്തിന്റെയും ഫലമായുണ്ടായ അനുഭവങ്ങളിലും ഓർമ്മകളിലൊന്നും സൂക്ഷ്മജീവികളുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചു മനുഷ്യർക്ക് നിശ്ചയമില്ലായിരുന്നു. ദൃശ്യഗോചരമല്ലാത്ത വൈറസാണ് രോഗം പരത്തുന്നതെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.1945 ആണ് ഇലക്ട്രോൺ സൂക്ഷ്മദർശനികൾ പ്രചാരത്തിൽ വന്നത്.അദൃശ്യരായ സൂക്ഷ്മ ജീവികൾ സൃഷ്ടിച്ച സാംക്രമിക വ്യാധികൾ മൂലം ലക്ഷക്കണക്കിനാളുകൾ മരിച്ചു വീഴുമ്പോൾ നിസ്സഹായതയോടെ അത് വീക്ഷിച്ചുകൊണ്ട് മനുഷ്യർ ദൈവത്തിനുമുന്പിൽ കേണിരിക്കും.

സൂക്ഷമജീവികൾക്കു മുന്പിൽ മനുഷ്യർ അശക്തരാണ്. പകർച്ചവ്യാധികൾ ഒരു ഘട്ടത്തിൽ മനുഷ്യവർഗ്ഗത്തെ വംശനാശത്തിന്റെ വക്കത്തെത്തിച്ചിരുന്നു. 1347 മുതൽ 1351 വരെ നീണ്ടുനിന്ന പ്ളേഗ് യൂറോപ്പിലെ ലക്ഷക്കണക്കിനാളുകളെ അകാലമൃതുവിനിരയാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ചവരെക്കാൾ അധികം ആളുകൾ യുദ്ധത്തെ തുടർന്ന് പടർന്നു പിടിച്ച ഇൻഫ്ലുൻസ മൂലം മരണപ്പെടുകയുണ്ടായി. പോളിയോ മെനിജെസ്റ്റിസ്റ്, ഇൻഫ്ലുൻസ, അഞ്ചാംപനി ഗ്യാസ്‌ട്രോ എന്റിറ്റിസ്, മഞ്ഞപ്പനി, എബോള പനി, പന്നിപ്പനി തുടങ്ങിയ വൈറസ് രോഗങ്ങൾ കഴിഞ്ഞ കാലഘട്ടങ്ങളിൽ എത്രയോ ലക്ഷം മനുഷ്യരുടെ ജീവൻ അപഹരിച്ചു.

രോഗബാധിതനായ ആളുകളുമായുള്ള സാമീപ്യം- അടുത്ത് ഇടപെഴകുമ്പോഴും വായുവിലൂടെ നേരിട്ട് രോഗങ്ങൾ പകരുന്നു.പലപ്പോഴും രോഗാണുക്കൾ ചെറിയ കണികകളായി പൊടിപടലത്തിലോ വായുവിലോ കാണാം.എന്നാൽ പരിണാമത്തിലൂടെ, വർഷങ്ങളായുള്ള പരസ്‌പര പ്രതിപ്രവർത്തനത്തിലൂടെ മനുഷ്യൻ ചില ജൈവ ഹേതു രോഗങ്ങൾക്കെതിരയുള്ള പ്രതിരോധം ആര്ജിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല പ്രതിരോധകുത്തിവെയ്പ്പ് മൂലം രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ അതിനെതിരെയുള്ള പ്രതിവസ്തുക്കൾ ശരീരത്തിലുണ്ടാക്കാൻ കഴിയുന്നു.

ചില രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ പ്രതിരോധിക്കാൻ പറ്റിയ കോശങ്ങൾ മനുഷ്യന്റെ രക്തത്തിലുണ്ട്. ഒരിക്കൽ ഒരു പ്രതിരോധ വസ്തു നിർമ്മിക്കാൻ പഠിച്ചാൽ ആ അറിവ് പ്രതിരോധ കോശത്തിന് ഭാവിയിൽ ഉപയോഗിക്കാൻ കഴിയും. അങ്ങനെയാണ് മുൻപ് വന്ന അതേ സൂക്ഷ്മ ജീവി വീണ്ടും ശരീരത്തിൽ പ്രവേശിച്ചാൽ അതിനെ നശിപ്പിക്കാൻ ശരീരത്തിന് കഴിയുന്നത്.പകർച്ചവ്യാധികളിൽ നിന്ന് അതിജീവിച്ചുവന്നവരിൽ ജീൻ മ്യൂട്ടേഷൻ സംഭവിക്കുകയും അത് മുൻപ് വന്ന അതേ ജൈവഹേതു രോഗങ്ങളെ ചെറുക്കുവാനുള്ള കരുത്തു ആർജിക്കുവാനും കാരണമായി.


കൺമുൻപിൽ കാണാനാവാത്ത ഒരു ശത്രുവിനെക്കുറിച്ചുള്ള(അദൃശ്യനായ സൂക്ഷ്മ ജീവി ) നമ്മുടെ ഭയം അകാരണമല്ല. ജീവൻ നിലനിർത്താനുള്ള വികാരങ്ങൾ അസംസ്‌കൃതമായി ഇന്നും നിലനിൽക്കുന്നതുകൊണ്ടാണ് ഭീതി നിറഞ്ഞ വാർത്തകളും അതിശയോക്തികളും എല്ലാം നാം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തെമാത്രമല്ല സമീപ പ്രദേശങ്ങൾ ഉൾപ്പടെ അതിവേഗം ബാധിക്കുന്ന സാംക്രമിക രോഗങ്ങൾ മൂലം ഉറ്റവർ മരണപെട്ടതിന് മൂകസാക്ഷികളായി നിസ്സഹായരായ മനുഷ്യരാണ് നമ്മുടെ മുൻഗാമികൾ.ഒരു പ്രദേശത്തു രോഗം വ്യാപിക്കുമ്പോൾ അവിടത്തെ ജൈമണ്ഡലം നഷ്ടപ്പെടുമ്പോൾ മനുഷ്യർ അനുകൂലമായ മറ്റൊരിടത്തേക്ക് മാറിപ്പാർക്കുമായിരുന്നു. പക്ഷെ ഇന്ന് സൂക്ഷ്മ ജീവികളുടെ ലോകത്തും ഗണ്യമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മരുന്നുകൾ കണ്ടുപിടിക്കാൻ കഴിക്കുന്നതിനേക്കാൾ കൂടുതൽ വേഗത്തിലാണ് പുതിയ ജൈവ രോഗകാരികൾ രൂപപ്പെടുന്നത്. ദേശനാന്തരഗമനം നടത്തുന്ന ആധുനികർക്ക് അതെല്ലാം എല്ലായിടങ്ങളിലും ക്ഷിപ്രവേഗതയിൽ വ്യാപിപ്പിക്കാൻ കഴിയുന്നു.

ജീവിക്കുന്ന സ്ഥലത്തെ കാലാവസ്ഥ, സാമൂഹ്യ സാമ്പത്തിക നിലവാരം, ജീവിക്കുന്ന പരിസ്ഥിതി, വ്യക്തിയുടെ രോഗപ്രതിരോധശേഷി എന്നിവ രോഗ വ്യാപനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ബാക്ടീരിയ, വൈറസ്,പ്രോട്ടോസോവ, വിരകൾ, ഫംഗസ് എന്നി രോഗകാരികൾ ഉണ്ടാക്കുന്ന ചില പ്രത്യേക രോഗങ്ങൾ ചില രാജ്യങ്ങളിൽ മാത്രം പടർന്നുപിടിക്കുന്നതായി കാണാൻ കഴിയും. ജനസംഖ്യ, ജനസാന്ദ്രത, ഭൂവിനിയോഗരീതികൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഇതിനെ സ്വാധീനിക്കുന്നവയാണ്.

മനുഷ്യ ശരീരാവയവങ്ങളുടെ പ്രവർത്തനക്ഷമതയും ആരോഗ്യവും നിലനിർത്താൻ നല്ല ഭക്ഷണരീതിയും ജീവിത ശൈലിയും അത്യാവശ്യമാണ്.നമ്മുടെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ വേണ്ട പോക്ഷണം ശരീരത്തിന് വേണം. മനുഷ്യ ശരീരം കോശങ്ങളും അവയവ വ്യവസ്ഥയും ഉള്ള ഒരു സമുച്ചയമാണ്. കോശങ്ങളും ആന്റിബോഡികളുമെല്ലാം മാംസ്യനിർമ്മിതമാണ്. അതിനാൽ പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിക്കുന്നതിനോടൊപ്പം ആവശ്യത്തിന് ആന്റി ബോഡികൾ ഉണ്ടാകുന്നതിന് വേണ്ടുന്ന ഒരു ആഹാരക്രമം ഉപദ്രവകാരികളായ സൂക്ഷ്മജീവികൾക്കെതിരെയുള്ള ഒരു പ്രതിരോധമാണ്.