Sun. Apr 21st, 2024

മാർച്ച് 10: ഇന്ത്യൻ ഫെമിനിസത്തിന്റെ മാതാവ്, സാവിത്രി ഭായി ഫൂലെ (1831 – 1897) ഓർമ്മദിനം

സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും കാഹളങ്ങൾക്കിടെ ഭാരത സ്ത്രീകളും പാർട്ടികളും മറന്നു പോയ പേരാണ് സാവിത്രി ബായി ഫുലെ. ഇൻഡ്യയിൽ സ്ത്രീകളുടെ ഉയർച്ചയ്ക്ക് തുടക്കം കുറിച്ച വനിതയാണ്‌ സാവിത്രി ബായി. ഒരു മാർച്ച് 10 കൂടി കടന്നു പോകുമ്പോൾ ഇന്ത്യയിലെ ആദ്യ വനിതാ അധ്യാപികയെ ഓർക്കേണ്ടതുണ്ട്. ഈ വിശേഷണത്തിൽ തീരുന്നില്ല സാവിത്രി ബായിയുടെ സവിശേതകൾ.

ഇന്ത്യയിലെ ആദ്യ വനിതാ സ്കൂൾ സ്ഥാപിച്ചതും ദളിത്‌ പെണ്‍കുട്ടികളെ സ്കൂളുകളിലേക്ക് എത്തിച്ചതും ദളിത്‌ വാസ സ്ഥലങ്ങളിലേക്ക് കുടിവെള്ളത്തിനായി പോരാട്ടം നയിച്ചതും ആയ ഒട്ടേറെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതുണ്ട്.


അടിച്ചമര്‍ത്തലുകളിലും അന്ധവിശ്വാസങ്ങളിലും കൊടിയ ദാരിദ്ര്യത്തിലും അജ്ഞതയിലും ആണ്ടുകിടന്ന അധഃസ്ഥിത ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന വിപ്ലവകരമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതില്‍ സാവിത്രിബായി ഫുലെ വഹിച്ച പങ്ക് നിസ്തുലമാണ്. 19 ആം നൂറ്റാണ്ടില്‍ ലോകത്താകമാനമുണ്ടായ സാമൂഹിക മാറ്റത്തിന്റെ പ്രതിഫലനം ഇന്ത്യന്‍ നവോത്ഥാന മണ്ഡലത്തിലും ശക്തമായ ചലനമുണ്ടാക്കി. താണജാതിക്കാരനെന്ന് മുദ്രകുത്തിയവരേയും ദളിതരേയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും എന്ന് പ്രഖ്യാപിച്ച് അകറ്റിനിര്‍ത്തിയ കാലം. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ, പൊതുനിരത്തില്‍ സഞ്ചരിക്കുന്നതിനോ, പൊതു കിണറ്റില്‍ നിന്ന് വെള്ളം എടുക്കുന്നതിനോ, പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നതിനോ, സ്ത്രീകള്‍ക്ക് മാറ് മറയ്ക്കുന്നതിനോ പോലും അവകാശമില്ലാതിരുന്ന കാലം. ഇത്തരം അനീതികള്‍ക്കെതിരായ പുതിയ ചിന്തയുടേയും പുത്തനുണര്‍വിന്റേയും ഭാഗമായി നവോത്ഥാന പ്രസ്ഥാനങ്ങളും നായകരും ഉയര്‍ന്നുവന്നു. കേരളത്തില്‍ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി, വാഗ്ഭടാനന്ദന്‍, വൈകുണ്ഠ സ്വാമി തുടങ്ങിയ നവോത്ഥാന നായകര്‍ ഉയര്‍ത്തിവിട്ട നവചിന്തയുടേയും, പരിഷ്‌കാരത്തിന്റേയും അലയൊലികള്‍ മറ്റ് സംസ്ഥാനങ്ങളിലും പ്രചോദനമായി. മഹാരാഷ്ട്രയില്‍ സാവിത്രിബായി ഫുലെയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം സാമൂഹ്യ മാറ്റത്തിന് നിര്‍ണായക സ്വാധീനം ചെലുത്തി.

1831 ജനുവരി 3-ന് മഹാരാഷ്ട്രയിലെ നയിഗവോണിലെ കര്‍ഷക കുടുംബത്തിലാണ് സാവിത്രിബായി ജനിച്ചത്. സാമൂഹിക അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിന്ന ആ കാലഘട്ടത്തില്‍ 9 വയസ് മാത്രമുള്ള അവരെ 12 വയസുള്ള ജ്യോതിറാവു ഫുലെയ്ക്ക് വിവാഹം കഴിച്ചുകൊടുത്തു. തികഞ്ഞ പുരോഗമനവാദിയും അക്കാദമിക് ചരിത്രകാരന്മാര്‍ തിരസ്‌കരിക്കുകയും ചെയ്ത ജ്യോതിറാവു ഫുലെയാണ് വാസ്തവത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ നവോത്ഥാന നായകന്‍. അദ്ദേഹവുമായുള്ള വിവാഹം സാവിത്രിബായിയുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തി.


ഇന്ത്യയിലെ ആദ്യ ലേഡി ടീച്ചര്‍

ജാതിവ്യവസ്ഥയില്‍ നിന്ന് രക്ഷനേടണമെങ്കില്‍ സ്ത്രീകളുടേയും ദരിദ്രരുടേയും താഴ്ന്ന ജാതിക്കാരുടേയും വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന ഭര്‍ത്താവിന്റെ വിശ്വാസത്തോട് അവരും യോജിച്ചു. 1848-ല്‍ ബുദ്ധുവാസ്‌പേട്ടില്‍ താണജാതിക്കാരായ കുട്ടികള്‍ക്കുവേണ്ടി ജ്യോതിറാവു ഫുലെ ആരംഭിച്ച സ്‌കൂളില്‍ അധ്യാപകന്മാരെ കിട്ടാന്‍ ബുദ്ധിമുട്ടായി. പ്രതിസന്ധി നേരിടാന്‍ സാവിത്രിബായിയെ പഠിപ്പിച്ച് ആ സ്‌കൂളില്‍ അധ്യാപികയാക്കി. പെണ്‍കുട്ടികള്‍ ഈ സ്‌കൂളില്‍ വിദ്യാഭ്യാസം ചെയ്യുന്നത് സവര്‍ണരുടെ വിദ്വേഷത്തിന് കാരണമായി. സാവിത്രിബായി അക്രമിക്കപ്പെട്ടു. ജാതി വെറിയന്മാരുടെ എതിര്‍പ്പും ശക്തമായ സമ്മര്‍ദ്ദവും കാരണം സാവിത്രിബായി ഫുലെക്ക് ജ്യോതിറാവു ഫുലെയോടൊപ്പം ഭര്‍തൃഗൃഹത്തില്‍ നിന്നും പുറത്തുപോകേണ്ടി വന്നു.

ഇന്ത്യയിലെ ആദ്യ വനിതാസ്‌കൂള്‍

വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കും സാമൂഹിക മാറ്റങ്ങള്‍ക്കും പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും സാവിത്രിബായി നിര്‍ണായക പങ്ക് വഹിച്ചു. സ്ത്രീകള്‍, പ്രത്യേകിച്ച് ദളിത് സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നത് വിലക്കപ്പെട്ട അക്കാലത്ത് 1897-ല്‍ ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്കുവേണ്ടി അവര്‍ വിദ്യാലയം ആരംഭിച്ചു. ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവന്നു. അധ്യാപകരെ കണ്ടെത്തുന്ന കാര്യത്തിലും കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും ജാതിമേലാളന്മാരില്‍നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. പക്ഷേ എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് അവര്‍ ഉദ്യമവുമായി മുന്നോട്ടുപോയി.


ബാല്‍ഹത്യ പ്രതിബന്ധക് ഗൃഹ

19 ആം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹവും മറ്റ് സാമൂഹിക-സാമുദായിക തിന്മകളും അനാചാരങ്ങളും നിലനിന്നിരുന്നു. പ്രായപൂര്‍ത്തിയാകും മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഇവരില്‍ പലരും വിധവകളായി മാറി. അങ്ങനെ വിധവകളാകുന്നവര്‍ കുടുംബത്തിലെ മറ്റ് മുതിര്‍ന്ന പുരുഷാംഗങ്ങളുടെ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായി. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വിധവാവിവാഹത്തെപ്പറ്റി ചിന്തിക്കാന്‍പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. വിധവകളാകുന്ന ബാലികമാര്‍ നരകതുല്യ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായി തല മുണ്ഡനം ചെയ്തും, ചുവപ്പ് നിറത്തിലുള്ള സാരി ചുറ്റി ആയുഷ്‌കാലം മുഴുവന്‍ പീഡനത്തിനും ചൂഷണത്തിനും വിധേയമായി ജീവിക്കേണ്ടി വന്നു. ലൈംഗിക ചൂഷണത്തിന് വിധേയരാകുന്ന ഇവര്‍ ഒന്നുകില്‍ സ്വയം ജീവനൊടുക്കുകയോ, അല്ലെങ്കില്‍ ഉദരത്തിലുള്ള ഭ്രൂണത്തെ നശിപ്പിക്കുകയോ ചെയ്തിരുന്നു. ഈ ദുരവസ്ഥയ്‌ക്കെതിരെ സാവിത്രിബായി വിധവകളുടെ തല മുണ്ഡനം ചെയ്യാന്‍വന്ന ക്ഷൗരക്കാര്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. ഇത് അന്ന് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചു.

ഇത്തരത്തില്‍ ഗര്‍ഭിണിയായ ഒരു വിധവയെ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിച്ച് അവരുടെ കുഞ്ഞിനെ രക്ഷിച്ച സാവിത്രിബായി ആ കുട്ടിയെ ദത്തെടുത്ത് യഷ്വന്ത് റാവു എന്ന് പേരു നല്‍കി വളര്‍ത്തി ഡോക്ടറാക്കി. ചൂഷണത്തിന് വിധേയരായി ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി പാര്‍ക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമുള്ള ഒരു സംരക്ഷണ കേന്ദ്രവും അവര്‍ തുടങ്ങി. ‘ബാല്‍ഹത്യ പ്രതിബന്ധക് ഗൃഹ’ എന്ന് പേരിട്ട ഈ ആശ്രയ കേന്ദ്രത്തിന് എല്ലാവിധ സംരക്ഷണവും നല്‍കി. സാവിത്രിബായി തന്റെ ജീവിതത്തിന്റെ നല്ലൊരുഭാഗം അവര്‍ക്കായി നീക്കിവെച്ചു.


കുടിവെള്ളത്തിന് വേണ്ടിയുള്ള ഇടപെടല്‍

താഴ്ന്ന ജാതിക്കാര്‍ക്ക് പൊതു കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. വിലക്ക് ലംഘിച്ച് വെള്ളമെടുത്തവരെ ജാതിവെറിയന്മാര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നു. ഈ മനുഷ്യത്വഹീനമായ പ്രവര്‍ത്തി സാവിത്രിബായിയുടെ മനസിനെ മനസിനെ ഉലച്ചു. അധസ്ഥിതര്‍ക്ക് ദാഹജലം നിഷേധിക്കുന്ന ജാതി വെറിയന്മാര്‍ക്ക് താക്കീത് നല്‍കാനെന്നോണം സാവിത്രിബായിയും ജ്യോതിറാവു ഫുലെയും വീട്ടിലെ കിണര്‍ താഴ്ന്ന ജാതിക്കാര്‍ക്കായി തുറന്നുകൊടുത്തു.

പ്ലേഗിനെതിരെയുള്ള പ്രതിരോധവും മരണവും

1897-ല്‍ പൂനെയെ ഗ്രസിച്ച പ്ലേഗ് രോഗത്തെ പ്രതിരോധിക്കാന്‍ വളര്‍ത്തുമകനായ യഷ്വന്ത് റാവുവും സാവിത്രിബായിയും ചേര്‍ന്ന് ആശുപത്രി തുടങ്ങി. സാവിത്രിബായി തന്നെയാണ് പ്ലേഗ് രോഗികളെ പരിചരിച്ചത്. അതിനിടയില്‍ സാവിത്രിബായിയേയും പ്ലേഗ് ബാധിച്ചു. 1897 മാര്‍ച്ച് 10-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സാവിത്രിബായി എന്ന കവയത്രി

കവയത്രികൂടിയായിരുന്നു സാവിത്രിബായി. മരണശേഷം അവരുടെ രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘കാവ്യ ഫുലെ’ എന്ന കവിതാ സമാഹാരം 1934-ലും, ‘വന്‍കാഷി സുബോധ് രത്‌നാകര്‍’ എന്ന സമാഹാരം 1982-ലും പുറത്തിറങ്ങി.

വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ സാവിത്രിബായിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി. സാവിത്രിബായിയോടുള്ള ആദരസൂചകമായി 1998 മാര്‍ച്ച് 10-ന് തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി. പൂനെ സര്‍വ്വകലാശാലയുടെ പേര് 2015-ല്‍ ‘സാവിത്രിബായി ഫുലെ പൂനെ യൂണിവേഴ്‌സിറ്റി’ എന്നാക്കി.


ഇന്ത്യയിലെ സമീപകാല സംഭവങ്ങള്‍ സാവിത്രിബായി ഫുലെയെപ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്. കേരളത്തിലും, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമൊക്കെ ഇന്നും നടക്കുന്ന ദളിത് പീഡനങ്ങളും അയിത്താചാരങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഹരിയാനയില്‍ കുടുംബത്തെയാകെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതും, രണ്ട് പിഞ്ചുകുട്ടികള്‍ ദീരുണമായി കൊല്ലപ്പെട്ടതും ഈ സംഭവത്തെ ന്യായീകരിച്ച് ”പട്ടിയെ കല്ലെറിഞ്ഞതിന് ആരെങ്കിലും മറുപടി പറയാറുണ്ടോ?” എന്ന അഭിപ്രായപ്രകടനവുമായി ഒരു കേന്ദ്രമന്ത്രി തന്നെ പ്രത്യക്ഷപ്പെട്ടതും നാം കണ്ടതാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ വൃദ്ധനെ തല്ലിക്കൊന്നതും ഈ അടുത്താണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും ദളിത് വിഭാഗത്തിന് മറ്റ് ജനവിഭാഗങ്ങള്‍ക്കൊപ്പം സമൂഹത്തില്‍ സാമ്പത്തികമായോ, വിദ്യാഭ്യാസപരമായോ ഉയരാന്‍ കഴിയുന്നില്ല. മണ്‍മറഞ്ഞുപോയ ദുരാചാരങ്ങളെ തിരികെ കൊണ്ടുവരാനും ചാതുര്‍വര്‍ണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പുനരുത്ഥാന വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസവിക്കാനുള്ള ഉപകരണം മാത്രമാണ് സ്ത്രീകളെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന മതമേലാളന്മാരും ഇവര്‍ക്ക് പാദസേവ ചെയ്യുന്ന ഭരണകൂടവും നിലനില്‍ക്കുന്ന നാട്ടില്‍ സാവിത്രിബായി ഫുലെമാര്‍ വീണ്ടും ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.