Tue. Mar 19th, 2024

ടി പി .ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

നമ്മുടെ സന്തോഷവും സമാധാനവും വലിയൊരളവ് വരെ നമ്മൾ ഇടപെഴകുന്ന വ്യക്തികളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. മനുഷ്യർ ഇന്ന് സങ്കീർണമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ലളിതമായ മര്യാദകളും ശീലങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമുണ്ട്.മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചു നിശ്ചയിക്കപ്പെടുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. വിവര സാങ്കേതിക വിദ്യ നമ്മുടെ ഓരോ ചലനത്തെയും നിയന്ത്രിക്കുന്നു. മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള പരസ്പരപ്രവർത്തനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ സമാധാനവും നല്ല വ്യക്തിബന്ധങ്ങളും എങ്ങനെ പരിരക്ഷിച്ചു മുന്നോട്ട് പോകാൻ കഴിയും എന്ന് നമ്മൾ ബോധപൂർവ്വം ചിന്തിക്കേണ്ടിവരുകയാണ്.

സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും വളർത്തിയെടുക്കാൻ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തികളുമായുള്ള ഇടപെഴകലുകളിൽ ഏർപ്പെടുമ്പോൾ ജാഗ്രത അന്യവാര്യമാണ്.

വ്യക്തിബന്ധങ്ങൾ ആകർഷകമാക്കാൻ ഉതകുന്ന സംഭാഷണങ്ങൾ നടത്തുവാൻ ശ്രദ്ധിക്കണം. ഓരോ വ്യക്തിയുടെയും പെരുമാറ്റത്തിൽ വൈരുദ്ധ്യങ്ങൾ കാണാം.മറ്റുള്ളവർ നിങ്ങളോട് അകന്നു നിൽക്കാൻ ഇടയാക്കുന്ന ഘടകങ്ങൾ കണ്ടെത്തണം. അത് ഒഴിവാക്കണം.

സ്വന്തം രീതികളെ മറ്റെരാൾ വിമർശിക്കുന്നത് ഇഷ്ടപെടണമെന്നില്ല.വേറെ ഒരാൾ തന്നെ ആവശ്യത്തിലേറെ നിയന്ത്രിക്കുന്നതും അയാൾക്ക്‌ രുചിക്കണമെന്നില്ല.പരിഹാസവും ആക്ഷേപവുമുള്ള തമാശകൾ എല്ലാവരും ഇഷ്ട്ടപെടുന്ന ഒന്നല്ല.സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരം ഒരാൾക്ക് കൊടുക്കാതിരിക്കുന്നത് അയാളുടെ വെറുപ്പ് ഏറ്റുവാങ്ങാൻ മാത്രമാണ് സഹായിക്കുക.അഹന്ത വെച്ചുകൊണ്ടുള്ള സംഭാഷണങ്ങളും മൗനവും മറ്റുള്ളവരിൽനിന്ന് മോശമായ അഭിപ്രായം രൂപപ്പെടാൻ കാരണമാകും.

ലളിതവും തുറന്നതുമായ പെരുമാറ്റമാണ് എല്ലാവരും പ്രതീക്ഷിക്കുക. ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കണമെങ്കിൽ സ്വന്തം പെരുമാറ്റത്തിൽ ഇത്തരം സവിശേഷതകൾ വളർത്തിയെടുക്കണം.

മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചെടുക്കാൻ കഴിവില്ലെന്ന ചിന്ത ലജ്ജ ഉണ്ടാവാൻ കാരണമാണ്. ഇത്തരം ചിന്തയുള്ളവർ സ്വന്തം പെരുമാറ്റവും സംഭാഷണവും ആകർഷകമാക്കാൻ അസ്വാഭാവികമായി പെരുമാറുന്നു.ഇക്കാരണത്താൽ അവരുടെ പെരുമാറ്റത്തിലും മറ്റും നാടകീയതയും അസ്വാഭാവികതയും കടന്നുവരും. ഇടപെടുന്നവർ അവരിൽ നിന്ന് അകന്നുനിൽക്കാൻ അത് ഇടയാക്കും.സാധാരണ മട്ടിലുള്ള സ്വാഭാവികമായ ലളിതമായ പെരുമാറ്റങ്ങളും കൊച്ചുവാർത്തമാനങ്ങളും എല്ലാവരും ആഗ്രഹിക്കുന്നു.നമ്മൾ അതാണ് പ്രകടിപ്പിക്കേണ്ടത്.

താൻ ശരിയല്ല, ആകര്ഷകമല്ല , മറ്റുള്ളവരെപ്പോലെ ആയിരുന്നുവെങ്കിൽ, അവരൊക്കെ ഭാഗ്യവാൻമാർ തുടങ്ങിയ മോശം ചിന്തകൾ അതിൽ അധിഷ്ഠിതമായ ഭാവനകൾ എന്നിവ സമൂഹ മധ്യത്തിൽ അനാകർഷമായി പെരുമാറാൻ ഒരാളെ പ്രേരിപ്പിക്കുന്നു.സ്വയം ചെറുതാക്കുന്ന ഇത്തരം മനോഭാവങ്ങൾക്ക് പകരം സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിധമുള്ള ചിന്തകളും ആശയങ്ങളും ഉണ്ടായിരിക്കണം.

മനസ്സിൽ എപ്പോഴും ഉണ്ടാവേണ്ടത് നവോന്മേഷത്തോടെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ചിന്തകളായിരിക്കണം .ചിന്ത എപ്പോഴും തെളിഞ്ഞതായിരിക്കണം.

സ്വന്തം ജീവിതത്തിലെ മോശവശങ്ങൾ മാത്രം തേടിപ്പിക്കുന്ന തരത്തിലുള്ള നിരീക്ഷണബോധം കൊണ്ടെത്തിക്കുക ശൂന്യതാബോധത്തിലായിരിക്കും .സ്വന്തം മനോനിലകളെ തെറ്റായി വ്യാഖ്യാനിച്ചു വിഷാദത്തിന്റെ ലോകത്തു പലരും ജീവിക്കുന്നു.ഗുണകരമല്ലാത്ത അത്തരം നിരീക്ഷണങ്ങളും വിലയിരുത്തലുകളും ബോധപൂർവം ഉപേക്ഷിക്കുക.സ്വന്തം ജീവിതം സന്തോഷിക്കാൻ കാരണമാകുന്ന നിരീക്ഷണം വളർത്തിയെടുക്കാൻ ശ്രമിച്ചാൽ ജീവിതം കൂടുതൽ സുന്ദരമാകും.