Tue. Mar 19th, 2024

ടി.പി.  ജവാദ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

മനസ്സിനെക്കുറിച്ചുള്ള ദാർശനികമായ വ്യാഖ്യാനങ്ങലൂടെയാണ് മനഃശാസ്ത്രം രൂപപ്പെട്ടു വന്നത്. മനസ്സും ശരീരവും രണ്ടായി കണ്ടുകൊണ്ടുള്ള ആശയങ്ങൾ പലപ്പോഴും അലൗകികമായ നിരവധി നിഗമനങ്ങളിലേയ്ക്ക് കൊണ്ടെത്തിച്ചു.മനഃശാസ്ത്രജ്ഞർക്കിടയിൽ മനുഷ്യമനസ്സിന്റെ പ്രവർത്തനത്തെക്കുറിച്ചു അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നുപോന്നു.  മനഃശാസ്ത്രമേഖല കാലാകാലങ്ങളായി ശാശ്വത സത്യങ്ങളായി കരുതിപ്പോന്ന മനഃശാസ്ത്ര സംബന്ധിയായ ആശയഗതികൾക്ക് ഇന്ന് കാതലായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. ജനിത ശാസ്ത്രം, ന്യൂറോ സയൻസ്, തന്മാത്ര ജീവശാസ്ത്രം മുതലായവയുടെ വളർച്ചയുടെ അടിസ്ഥാനത്തിൽ മനുഷ്യന്റെ മാനസിക അവസ്ഥകളെക്കുറിച്ചു, ബോധാവസ്ഥയെ കുറിച്ച് വളർന്നുവന്ന പുതിയ അറിവുകൾ,  വിവര സാങ്കേതിക വിദ്യയും കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ഗവേക്ഷണവും എല്ലാം സൃഷ്ടിച്ച കാഴ്ചപ്പാടുകൾ  മനഃശാസ്ത്രത്തെക്കുറിച്ചുള്ള പഴയ ധാരണകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.

ഇത്തരമൊരു അവസ്ഥയിലാണ് പ്രസാദ് അമോറിന്റെ മനസ്സിന്റെ വാതായനങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രസക്തി ഞാൻ തിരിച്ചറിയുന്നത്.പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ മസ്തിഷ്ക ശാസ്ത്രജ്ഞൻ  ഡോ.എതിരൻ കതിരവൻ സൂചിപ്പിച്ചതുപോലെ ”മനസ്സിന്റെ വാതായനങ്ങൾ” എന്ന പുസ്തകം “മനസ്സിന്റെ വ്യാപാരങ്ങളെക്കുറിച്ചും സമൂഹത്തിലെ പ്രവണതകളുടെ ന്യൂറല്‍ അടിസ്ഥാനത്തെക്കുറിച്ചും വ്യക്തവും കാലികവു അറിവുണ്ടായിരിക്കാനുള്ള ഒരു ഗൈഡ് ബുക്ക് ആയി വര്‍ത്തിക്കുകയാണ്”.

സങ്കീർണതകളും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്ന മനഃശാസ്ത്ര സംബന്ധിയായ വിഷയങ്ങളെ യുക്തിസഹജവും ലളിതവുമായി ഗ്രന്ഥകാരൻ അവതരിപ്പിച്ചിരിക്കുന്നത് നല്ലൊരു വായനാനുഭവം തരുന്നു. മനഃശാസ്ത്രത്തിന്റെ ശാസ്ത്രീയത എന്താണെന്ന് അന്വേഷിക്കുന്ന ഗ്രന്ഥകാരൻ മനഃശാസ്ത്രത്തിന്റെ തണലിൽ നിൽക്കുന്ന കപട ശാസ്ത്രങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നുണ്ട്.എന്താണ് മനസ്സ്?, മാനസികരോഗങ്ങളെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാടുകൾ, അതിനുള്ള നൂതനമായ ചികിത്സകൾ, മസ്തിഷ്കത്തിനുവേണ്ട ഭക്ഷണം തുടങ്ങി ക്രിമിനൽ മനസ്സിന്റെ പ്രവർത്തനവും അശാസ്ത്രീയമായ കൗണ്സിലിങ്ങിലെ അപകടങ്ങളും എല്ലാം വിശകലനം ചെയ്യുന്ന ഇരുപത്തിയെട്ടോളം അദ്ധ്യായങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്.  

ന്യൂറോസയന്‍സിലും പരിണാമ ശാസ്ത്രത്തിലും   പുറത്തുവന്നിട്ടുള്ള നിരവധി ഗവേഷണങ്ങൾ വിശദമായി പഠിച്ചും  അപഗ്രഥിച്ചും തയ്യാറാക്കിയ ഒരു ഗ്രന്ഥമാണിതെന്ന് കാണാൻ കഴിയും.മനുഷ്യമനസ്സിനെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്കും,അധ്യാപകർക്കും,   മനുഷ്യപെരുമാറ്റവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്കും, മനഃശാസ്ത്രജ്ഞർക്കും  എല്ലാം ആവശ്യമായ ആധുനിക അറിവുകൾ മനസ്സിന്റെ വാതായനങ്ങൾ പങ്കുവെയ്ക്കുന്നു. ഒരു കഥവായിച്ചു പോകുന്നതുപോലെയുള്ള ഗ്രന്ഥകാരന്റെ ആവിഷ്കാരരീതി  സുഗമമായ ഒരു വായനാനുഭവം തരുന്നു.