നിര്‍ഭയകേസിൽ മരണവാറന്റിന് മൂന്നാമതും സ്‌റ്റേ; വധശിക്ഷ ചൊവ്വാഴ്ചയും നടപ്പാക്കില്ല

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ചൊവ്വാഴ്ചയും നടപ്പാക്കില്ല. ഫെബ്രുവരി മൂന്നിന് വധശിക്ഷ നടപ്പാക്കാനായി പുറപ്പെടുവിച്ച മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് വിചാരണ കോടതി ഇന്ന് സ്റ്റേ ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവച്ചിട്ടുള്ളത്. കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട നാലു കുറ്റവാളികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹരജി പരിഗണിച്ചാണ് ഉത്തരവ്. താന്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ച ദയാഹരജിയില്‍ തീരുമാനം വരാനിരിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്ത കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ, പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. മുമ്പ് രണ്ടു തവണയാണ് കോടതി മരണ വാറന്റ് റദ്ദാക്കിയത്. ജനുവരി 22-നും ഫെബ്രുവരി ഒന്നിനും മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ വീണ്ടും ഹരജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സ്‌റ്റേ ചെയ്യുകയായിരുന്നു.