Fri. Mar 29th, 2024

സത്യം പറഞ്ഞതിനാണ് തന്നെ സഭയിൽ നിന്ന് പുറത്താക്കിയതെന്നും എന്ത് സംഭവിച്ചാലും മഠം വിട്ട് പോകില്ലെന്നും ആവർത്തിച്ച് സിസ്റ്റർ ലൂസി കളപ്പുര. ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും തന്നെ പിടിച്ചിറക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും അവർ പറഞ്ഞു. കാനോൻ നിയമമനുസരിച്ച്‌ ആർക്കും നീതിലഭിക്കുമെന്ന് കരുതേണ്ട. എന്നാൽ ഇന്ത്യൻ നിയമം അനുസരിച്ച്‌ നീതിലഭിക്കും എന്ന പൂർണ്ണ വിശ്വാസമുണ്ട്.

വത്തിക്കാനിൽ നിന്ന് ഒരു സ്ത്രീയെന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്ന് സിസ്റ്റർ ലൂസി കുറ്റപ്പെടുത്തി. “ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ചു കൊടുക്കാൻ ഇനി ആകില്ല. വത്തിക്കാൻ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നൽകിയില്ല.സഭ എനിക്ക് നീതി നൽകിയില്ല. എന്റെ ഭാഗം കേൾക്കാൻ പോലും കാനോൻ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാൻ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നു എന്നും ഇന്ത്യൻ നിയമത്തെ ബഹുമാനിക്കുന്നു എന്നും സിസ്റ്റർ ലൂസി പറഞ്ഞു

അതിനാൽ നിയമ പോരാട്ടം തുടരും. നിസഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് പുറത്താക്കലെങ്കിൽ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.അധികാരവും പണവും സഭയ്ക്ക് ഒപ്പമാണ്. എനിക്ക് എത്രമാത്രം പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്ന് അറിയില്ല.എങ്കിലും മരണം വരെ പോരാട്ടം തുടരും. വാസ്തവത്തിൽ എന്നെ അവർ ഭയക്കുന്നുണ്ട്. അതിനാലാണ് പുറത്താക്കുന്നത്. എഫ്.സി.സി സന്യാസിനി സമൂഹം മേലധ്യക്ഷന്മാരുടെ സംരക്ഷകരാണ്.

സത്യത്തിന് വേണ്ടിയാണ് ഞാൻ നില കൊള്ളുന്നത്. അതിനായി മരിക്കാനും ഞാൻ തയ്യാറാണ്. തെറ്റുകൾ ഇനിയും ചൂണ്ടിക്കാണിക്കും. എഫ്.സി.സിയുടെയോ മറ്റ് സന്യാസസഭകളുടെയോ പുരോഹിതരുടെയോ ബിഷപ്പുമാരുടെയോ തെറ്റുകൾക്ക്, വളം വച്ച് കൊടുക്കാൻ ഇനി ഞാൻ അനുവദിക്കില്ല. അതിന്റെ പേരിൽ പുറത്തുപോകാനും ഞാൻ തയ്യാറല്ല”, സിസ്റ്റർ ലൂസി പറഞ്ഞു.

എഫ്‌.സി.സി സഭയിൽ നിന്നു പുറത്താക്കിയുള്ള വത്തിക്കാൻ തീരുമാനത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുരക്കൽ സമർപ്പിച്ച രണ്ടാമത്തെ അപ്പീലും തള്ളിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു സിസ്റ്റർ.സിസ്റ്റർ ലൂസി സുപ്രീം ട്രൈബ്യൂണൽ മുമ്പാകെ നൽകിയ അപ്പീലാണ് തള്ളിയത്. എന്നാൽ, തീരുമാനം ഏകപക്ഷീയമാണെന്നിരിക്കെ സഭയിൽ നിന്നോ കോൺവെന്റിൽ നിന്നോ പുറത്തുപോവില്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നിരന്തരം മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചിരുന്നു ഇവർക്ക്. പിന്നീട് എഫ്‌. സി.സി സന്യാസിനി സഭയിൽ നിന്ന് പുറത്താക്കിയതായും അറിയിപ്പ് വന്നു. ഈ നടപടിക്കെതിരെ വത്തിക്കാന് നൽകിയ അപ്പീൽ 2019 ഒക്ടോബറിൽ തള്ളുകയാണുണ്ടായത്. സുപ്രീം ട്രൈബ്യൂണലിന് അപ്പീൽ നൽകാൻ സാവകാശം അനുവദിച്ചിരുന്നു. ട്രൈബ്യൂണലിന്റെ വിധിയും വന്നതോടെ ഇനിയൊരു ഹർജിക്ക് സാദ്ധ്യതയില്ല.

മാനന്തവാടി മുൻസിഫ് കോടതിയിൽ സിസ്റ്റർ ലൂസി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ഇവർക്ക് മഠത്തിൽ തുടരാമെങ്കിലും സഭാ നിലപാട് സിസ്റ്ററുടെ ഭാവികാര്യത്തിൽ നിർണായകമാവും. തന്നെ കേൾക്കാതെയണ് വത്തിക്കാൻ അപ്പീൽ തള്ളിയതെന്നും കന്യാസ്ത്രീയായി തന്നെ തുടരുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. മഠത്തിൽ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല. നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

https://newsgile.com/2020/03/02/sister-lucy-kalappuras-second-appeal-against-her-expulsion-from-congregation-rejected-by-vatican/