Thu. Apr 25th, 2024

ലോകത്തിലെ ഏറ്റവുംവലിയ സൗഖ്യദായകനായ ഡോക്ടർ യേശുവാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സകല രോഗശാന്തി തട്ടിപ്പുകളും അരങ്ങേറുന്നത്. കൃപാസനം പത്രമരച്ചു ചമന്തിയുണ്ടാക്കി തിന്നുന്നതിന്റെ തിയോളജി അതാണ്.കൃപാസനം പത്രം തിന്നുന്നത് വിശ്വാസം അനുസരിച്ച് തെറ്റല്ലെന്നും യേശു ചെളിയിൽ തുപ്പി അത് കണ്ണിൽ പൊത്തിവെച്ച് അന്ധന് കാഴ്ചകൊടുത്തിട്ടുണ്ടെന്ന ന്യായീകരണവുമായി അന്ന് കൃപാസനം ജോസഫിനെ ന്യായീകരിക്കാൻ മറ്റൊരു നൈറ്റി ധാരിയും രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ രോഗരഹിത ജീവിതം വാഗ്ദാനം ചെയ്ത് കൊറോണ വൈറസിനെ യേശുവിൻറെ നാമത്തിൽ ശാസിച്ചും ഭൽസിച്ചും സുഖപ്പെടുത്താമെന്ന് പറഞ്ഞു വിശ്വാസികളെ പറ്റിച്ച കൊറിയന്‍ മത നേതാവിനെതിരേ ദക്ഷിണ കൊറിയ കേസെടുക്കാന്‍ നിര്‍ദേശിച്ചു. കോവിഡ് -19 വൈറസ് പടര്‍ത്തിയതിനാണ് മതനേതാവിനെതിരേ കേസെടുത്തിരിക്കുന്നത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷന്‍ ലീ മാന്‍ ഹീ(88)ക്കെതിരേ കേസെടുക്കാന്‍ സോള്‍ നഗരസഭ പ്രോസിക്യൂട്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. അദ്ദേഹത്തിന്റെ 12 അനുയായികളും നരഹത്യയുടെ പേരിലുള്ള നിയമനടപടി നേരിടേണ്ടിവരും. കോവിഡ് -19(കൊറോണ) െവെറസ് ബാധയെ തുടര്‍ന്നാണു നടപടി. കൊറിയയില്‍ കോവിഡ്-19 ബാധിച്ച് 21 പേരാണു മരിച്ചത്. 3,730 പേരാണു ചികിത്സയിലുള്ളത്. ഇവരില്‍ പാതിയും ലീ മാന്‍ ഹീയുടെ അനുയായികളാണ്.

കഴിഞ്ഞ മാസം ലീ ദെയ്ഗുവില്‍ നടത്തിയ സുവിശേഷ യോഗമാണു വൈറസ് പടരുന്നതിനു കാരണമായി കണ്ടെത്തിയിട്ടുള്ളത്.പ്രാർത്ഥനാ യോഗത്തിൽ സംബന്ധിച്ച 9,000 പേരിലാണു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചാണു സമ്മേളനം നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്തവരില്‍നിന്നാണു രോഗം പടര്‍ന്നതെന്നാണു കണ്ടെത്തല്‍. പാസ്റ്റർ ലീയെയും രോഗ പരിശോധനയ്ക്കു വിധേയനാക്കിയിട്ടുണ്ട്. യേശുവിനെ നേരില്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടാണു ലീ മാന്‍ ഹീ സ്വന്തം സഭ സ്ഥാപിച്ചത്. അനുയായികള്‍ രോഗത്തെ ഭയക്കേണ്ടെന്നും ലോകത്തെ ഏറ്റവുംവലിയ സൗഖ്യദായകൻ ഉള്ളപ്പോൾ നാമെന്തിന് ഭയപ്പെടണമെന്നായിരുന്നു എല്ലാ ആൾദൈവങ്ങളെയും പോലെ ലീ മാന്‍ ഹീ യുടെയും പ്രധാന വാഗ്ദാനം.

ഈ വാർത്തായിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുകയും മലയാളികൾ ട്രോളുകൾ ഉണ്ടാക്കി ആഘോഷിക്കുകയാണ്. എന്നാൽ നമ്മുടെ രാജ്യത്താണ് കൊറോണ ചികിത്സ വേദപുസ്തകത്തൊഴിലാളികൾ ഏറ്റെടുക്കുന്നതെങ്കിൽ അവർ സുരക്ഷിതരായിരുന്നേനെ. ഒരു കേസും അവർക്കെതിരെ എടുക്കാൻ ആരും ധൈര്യപ്പെടില്ല എന്നത് സൗകര്യപൂർവം വിസ്മരിച്ചുകൊണ്ടാണ് ഈ ആഘോഷങ്ങൾ.കൃപാസനം പത്രമരച്ചു ചമന്തിയുണ്ടാക്കി തിന്നുന്നവരുടെ നാടാണ് പ്രബുദ്ധകേരളം.അത് അവരുടെ പത്രത്തിൽ തന്നെ അച്ചടിച്ചു പരസ്യവുമാക്കി. ഇപ്പോഴും സർക്കാർ ഖജനാവിൽനിന്നു പണമൊഴുക്കി നിരുപാധികം തുടരുകയും ചെയുന്നു. കേസില്ല അറസ്റ്റില്ല. ഓട്ടിസം ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് സ്വവർഗാനുരാഗികളായ മാതാപിതാക്കൾക്കാണെന്ന് പ്രസംഗിച്ചവൻ ഇപ്പോഴും ആത്മീയ കൃഷി നടത്തുന്ന രാജ്യമാണ് നമ്മുടെ. അതിനും ഒരു കേസുമില്ല അറസ്റ്റുമില്ല. ഭരണകൂടങ്ങൾക്ക് ആർജ്ജവമില്ലെങ്കിൽ ഇതൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും, കുറെ ആളുകൾ കയ്യടിച്ചു ഹാലേലൂയ പാടും. മതം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഇതൊക്കെ സർവസാധാരണമായ നാട്ടിൽ നാം ട്രോളുകളിറക്കി നിർവൃതികൊള്ളുകയും ചെയ്യും.