Sun. Feb 25th, 2024

പ്രൊഫ: പിജെ ജെയിംസ്

2020 ഏപ്രിൽ 15 മുതൽ മേയ് 29 വരെ നടക്കുന്ന സെൻസസിനൊപ്പം ആ കൃത്യത്തിലേർപ്പെടുന്ന സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർ തന്നെ NPR പൂർത്തീകരിച്ചിരിക്കുമെന്ന രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ വിവേക് ജോഷിയുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നു ! (വിശദവിവരങ്ങൾക്ക് ഇതോടൊപ്പം ചേർത്തിട്ടുള്ളഹിന്ദു , കേരള എഡിഷൻ, ഫെബ്രുവരി 27, പേജ് 5 കാണുക)

വാസ്തവത്തിൽ, കേരളത്തിൽ NPR നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകൾ – 2019 ആഗസ്റ്റിലും നവംബറിലും – പിണറായി സർക്കാർ പുറപ്പെടുവിച്ചിരുന്നു. തീർച്ചയായും, ഹിന്ദു രാഷ്ട്ര നിർമ്മാണത്തിനുള്ള തന്ത്രപരമായ ചുവടുവെപ്പുകൾ എന്ന നിലയിൽ രണ്ടാം മോദി സർക്കാർ CAA-NRC-NPR ആവിഷ്കരിച്ചതിനെതിരെ ദേശവ്യാപക പ്രക്ഷോഭം ശക്തിപ്പെടുകയും ബംഗാളിലെ മമത സർക്കാർ NPR -മായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർത്തി വെച്ചു കൊണ്ട് ഉത്തരവിറക്കുകയും ചെയ്ത വേളയിലാണ്, മുസ്ലീങ്ങളുടെയും ഭൂരഹിതരും പാർപ്പിട രഹിതരുമായ ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെയും ഇതര മർദ്ദിത വിഭാഗങ്ങളുടെയും പൗരത്വത്തിനു മേൽ ചോദ്യചിഹ്നം ഉയർത്താൻ ലക്ഷ്യമിട്ടുള്ള NPR സെൻസസുമായി ബന്ധപ്പെടുത്തി നടപ്പാക്കുമെന്ന രണ്ടാമത്തെ ഉത്തരവ് നവംബർ മാസം പിണറായി സർക്കാർ പുറപ്പെടുവിച്ചത്.

ഈ സന്ദർഭത്തിലായിരുന്നു, ” NPR: പിണറായി സർക്കാർ ഉടൻ നിലപാട് വ്യക്തമാക്കണം” എന്ന ആവശ്യം (ഡിസംബർ 20, 2019 ) ജനപക്ഷത്തു നിന്നു കൊണ്ടു ഞങ്ങൾ ഉന്നയിച്ചത്. അന്നേ ദിവസം തന്നെ വൈകിട്ട് NPR -മായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർത്തി വെച്ചതായും അക്കാര്യം സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറെ അറിയിക്കാൻ തീരുമാനിച്ചതായും കേരള പൊതുഭരണ വകുപ്പു സെക്രട്ടറിയുടെ ഉത്തരവ് വരികയും ചെയ്തു.

എന്നാൽ, സെൻസസിനോടനുബന്ധിച്ച് സംസ്ഥാന ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥർ തന്നെ NPR ഉം നടപ്പാക്കിയിരിക്കുമെന്ന കേന്ദ്ര സെൻസസ് കമ്മീഷണർ വിവേക് ജോഷിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ, വിഷയം കൂടുതൽ ഗൗരവ സ്വഭാവം കൈവരിച്ചിരിക്കുന്നു. ഏറ്റവും പ്രധാനം, NPR നിർത്തി വെച്ചു കൊണ്ടുള്ള 2019 ഡിസംബർ 20 ലെ പിണറായി സർക്കാർ ഉത്തരവ് 2019 ആഗസ്റ്റിൽ അതു പുറത്തിറക്കിയ നോട്ടിഫിക്കേഷൻ മാത്രമേ റദ്ദു ചെയ്തിട്ടുള്ളുവെന്നും, മറിച്ച് നവംബറിലെ ഉത്തരവ് അതേപടി തുടരുന്നുവെന്നതുമാണ്. ഇതിന്റെ ബലത്തിലാണ്, സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു കൊണ്ട് NPR നടപ്പാക്കിയിരിക്കണമെന്ന ഫാസിസ്റ്റ് നിർദ്ദേശം കേന്ദ്രത്തിൽ നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്കു തന്നെ നൽകിയിരിക്കുന്നതെന്നും കാണേണ്ടതുണ്ട്.

തീർച്ചയായും, CAA പോലെ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമമല്ല NPR. കേന്ദ്ര എക്സിക്യൂട്ടീവ് ഉത്തരവു പ്രകാരമുള്ള ചട്ടം മാത്രമാണത്. ആയതിനാൽ, CAA ക്കെതിരെ പ്രമേയം പാസ്സാക്കുകയും, കേന്ദ്ര ബ്യൂറോക്രറ്റിന് സംസ്ഥാന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാനാകും വിധം NPR വിഷയത്തിൽ അഴകൊഴമ്പൻ നിലപാട് പിണറായി സർക്കാർ തുടരുകയും ചെയ്യുന്നത് അത്യന്തം അപകടകരമാണ്. ഇതോടകം മോദി സർക്കാരിൽ നിന്നു തന്നെ വ്യക്തമായിട്ടുള്ളതു പോലെ, CAA യുടെയും NRC യുടെയും അടിത്തറ NPR അഥവാ ദേശീയ പൗരത്വ പട്ടികയാണെന്നു മാത്രമല്ല, അതു പൂർത്തിയാകുന്നതോടെ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള 90 ശതമാനം പ്രവൃത്തിയും പൂർത്തീകരിക്കപ്പെടുകയാവും ചെയ്യുക.

ഈ സാഹചര്യത്തിൽ, NPR-ലൂടെ പൗരത്വം ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള മുസ്ലീം ജനതയുടെയും ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെയും ഇതര മർദ്ദിത വിഭാഗങ്ങളുടെയും ജീവിതം കൊണ്ടു പന്താടാൻ ഫാസിസ്റ്റുകളെയും അവരോട് മൃദു സമീപനം പുലർത്തുന്നവരെയും (ഏറ്റവും ഒടുവിലത്തെ ഡെൽഹിയിലെ അനുഭവം) ഒരിക്കലും അനുവദിച്ചു കൂടാ. പ്രത്യേകിച്ചും, രാജാവിനെക്കാൾ രാജഭക്തിയോടെ , ഇസ്ലാമോഫോബിയയിലധിഷ്ഠിതമായ UAPA യും മറ്റും നിർബാധം പ്രയോഗിക്കുന്ന പിണറായി സർക്കാരിനെ ഇക്കാര്യത്തിൽ എത്രത്തോളം നമ്പാൻ കഴിയുമെന്ന കാര്യവും പ്രസക്തമാണ്. പോലീസിന്റെ മേൽ മാത്രമല്ല, സംസ്ഥാനത്തെ ഉദ്യോഗസ്ഥന്മാരെ പോലും നിയന്ത്രിക്കുന്നത് കേന്ദ്ര ഫാസിസ്റ്റ് ഭരണമാണെന്നാണ് മേൽ സൂചിപ്പിച്ച സെൻസസ് കമ്മീഷണറുടെ ഉത്തരവ് വെളിപ്പെടുത്തുന്നത്.

സെൻസസ് പ്രക്രിയയിൽ തന്നെ പൗരത്വ പട്ടിക നിർമ്മാണവും അന്തർലീനമാണെന്ന ഉത്തരവു നിലനിൽക്കെ, ഇക്കാര്യത്തിൽ ഫാസിസ്റ്റ് വിരുദ്ധ പക്ഷത്തു നിൽക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളും ജനങ്ങളും ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഉടൻ രംഗത്തിറങ്ങേണ്ടത് അടിയന്തരമായിരിക്കുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913