Wed. Apr 24th, 2024

അക്രമബാധിതമായ ഡല്‍ഹിയില്‍ സാധാരണ നിലയും സമാധാനവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ നീക്കണമെന്ന് സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറും ആഭ്യന്തര മന്ത്രിയും പൂര്‍ണ പരാജയമാണെന്നും സോണിയ വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എ കെ ആന്റണി, പ്രിയങ്ക ഗാന്ധി വാര്‍ദ്ര തുടങ്ങിയവരുള്‍പ്പെട്ട പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ബോധിപ്പിച്ചത്. സംഘം രാഷ്ട്രപതിക്ക് നിവേദനം നല്‍കുകയും ചെയ്തു.

ദേശീയ തലസ്ഥാനത്തെ അക്രമം തടയാന്‍ കേന്ദ്രം വേണ്ടത്ര ശ്രമിച്ചിട്ടില്ലെന്ന് സോണിയാ ഗാന്ധി ഇന്നലെ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അക്രമ സംഭവങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ക്ക് കേന്ദ്രവും ആഭ്യന്തര മന്ത്രിയും ഡല്‍ഹി സര്‍ക്കാറും ഒരുപോലെ ഉത്തരവാദികളാണ്. ഇരു സര്‍ക്കാറുകളുടെയും കൂട്ടപരാജയമാണ് തലസ്ഥാന നഗരിയിലെ അക്രമ സംഭവങ്ങള്‍ക്ക് കാരണമെന്നും സോണിയ വ്യക്തമാക്കിയിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913