ലോകത്തിലെ ഏറ്റവും ഫലപ്രദമായതും ആദായകരവുമായ വ്യാപാരം ദൈവക്കച്ചവടമാണ്.There is no other lucrative business in the world than to sell God or business of God എന്നാണ് ഇക്കാര്യത്തിലെ മിടുക്കന്മാർ എഴുതി വെച്ചിരിക്കുന്നത്. പോപ്പ് ഫ്രാൻസിസ്, മാതാ അമൃതാനന്ദമയി, കാന്തപുരം, സദ്ഗുരു, തങ്കു, പങ്കു, വളമനാൽ, വട്ടായി, കുട്ടായി എന്നു വേണ്ട സകലമാന തരികിടകളും ദൈവത്തെ വിറ്റാണ് കഴിയുന്നത്.
തങ്ങളുടെ ത്രയേക ദൈവത്തിൻറെ അടുത്ത് അൽമായർക്കുവേണ്ടി മീഡിയേറ്ററായി നിന്ന് ഓരോരോ കാര്യങ്ങൾ സാധിച്ചുകൊടുക്കുന്ന അസ്മാദികളിൽ മരിച്ചുപോയവരാണ് കത്തോലിക്കാ സഭയുടെ വിശുദ്ധന്മാർ. കാക്കത്തൊള്ളായിരം വിശുദ്ധമാർ സ്വന്തമായുള്ള സഭയാണ് കത്തോലിക്കാസഭ. ഓരോരുത്തർക്കും ഓരോരോ വകുപ്പുകളും അനുവദിച്ച് കൊടുത്തിട്ടുണ്ട് സഭ. അവരവരുടെ വകുപ്പിൽപെട്ട കാര്യങ്ങൾ അതാത് മധ്യസ്ഥന്മാർ മുഖേനെ ദൈവത്തോട് പ്രാർത്ഥിച്ചു വിടുതൽ നേടാം. അവരവരുടെ വകുപ്പുകളിലെ കെട്ടഴിക്കലാണ് വിശുദ്ധരായ മധ്യസ്ഥരുടെ ജോലി.
ഇപ്പോഴിതാ കത്തോലിക്കാസഭയ്ക്ക് പുതിയൊരു മധ്യസ്ഥൻ കൂടി. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. ഗർഭം അലസിപ്പോകുന്നത് തടയലാണ് ദൈവസഹായം പിള്ളയുടെ വകുപ്പ്.പതിനെട്ടാം നൂറ്റാണ്ടിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷിയായ വ്യക്തിയാണത്രെ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രാർത്ഥിച്ച് നടന്ന അദ്ഭുത പ്രവൃത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ ജീവൻ നഷ്ടപ്പെടുമെന്നുറപ്പായ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണത്രേ ദേവസഹായം പിള്ളയുടെ മദ്ധ്യസ്ഥതയിൽ നടന്ന അദ്ഭുത പ്രവർത്തി.
ദേവസഹായം പിള്ളയുടെ ശരീരം കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് കത്തീഡ്രലിലാണ് സംസ്കരിച്ചത്. നെയ്യാറ്റിൻകര രൂപതയിലെ പാറശാല ഫൊറോനയിലെ ചൊവ്വല്ലൂർ പൊറ്റ ദേവാലയമാണ് ദേവസഹായം പിള്ളയുടെ നാമത്തിലുള്ള ആദ്യ പള്ളി. തിരുശേഷിപ്പും ഇടവകയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്.
1712 ഏപ്രിൽ 23നു തമിഴ്നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തിൽ ഹൈന്ദവകുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ള 1745ലാണ് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. മാർത്താണ്ഡവർമ മഹാരാജാവിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. തിരുവതാംകൂർ രാജകൊട്ടാരത്തിലെ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹത്തിന്റെ മതംമാറ്റം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. പല പ്രമുഖരുടെയും അപ്രീതിക്ക് കാരണമായി.
സുവിശേഷ പ്രചാരണം നടത്തിയതിന്റെ പേരിൽ രാജ്യദ്രോഹം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ദേവസഹായം പിള്ള തടവിലാവുകയും രാജകീയ പദവികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ക്രിസ്തുമതം ഉപേഷിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് മൂന്ന് വർഷത്തെ തടവിനൊടുവിൽ 1752 ജനുവരി 14ന് കന്യാകുമാരി ആരുവാമൊഴിയ്ക്ക് സമീപം കാറ്റാടിമലയിൽ വച്ച് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് ചരിത്രം.
2012 ഡിസംബർ രണ്ടിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു. ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഗർഭം അലസിപ്പിക്കൽ പ്രതിരോധ വകുപ്പ് നൽകി വിശുദ്ധനുമാക്കി.