Fri. Apr 19th, 2024

സംവരണവിഷയത്തിൽ ഭീം ആർമി നടത്തുന്ന ബന്ദിന് പിന്തുണ അറിയിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രിജിസ്റ്ററിനെതിരെയും പ്രതിഷേധിച്ചും ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന കൂറ്റൻ പ്രതിഷേധം.പ്രതിഷേധക്കാർ വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ റോഡുകൾ തടഞ്ഞു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണ നൽകിയാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം റോഡ് തടഞ്ഞ് പ്രതിഷേധിച്ചത്. സർക്കാർ ജോലിയ്ക്കുള്ള സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് തുടർന്നാണ് ഭീം ആർമി ബന്ദിന്ആഹ്വാനം ചെയ്തത്.

മേഖലയിൽ പൊലീസ് ബാരിക്കേഡുകൾ തീർത്തിട്ടുണ്ടെന്നും റോഡുകൾ തടയുന്നത് അവസാനിപ്പിക്കാൻ പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്നും സീനിയർ പൊലീസ് ഓഫീസർ വേദ് പ്രകാശ് സൂര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാനപ്പെട്ട റോഡ് ഇത്രയധികം നേരം തടയാൻ അനുവദിക്കില്ലെന്നും പാർലമെന്റ് സുരക്ഷ അംഗങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് 200ഓളം സ്ത്രീകൾ ഇന്നലെ രാത്രി ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. “ആസാദി” (സ്വാതന്ത്ര്യം) എന്ന മുദ്രാവാക്യം വിളിച്ചും ദേശീയ പതാകകൾ കയ്യിലേന്തിയുമാണ് ഓരോരുത്തരും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. കൂടുതൽ സ്ത്രീകളും കുട്ടികളും സമരക്കാർക്കൊപ്പം ചേർന്നതോടെ പ്രതിഷോധം കൂടുതൽ ശ്ശക്തിയാർജ്ജിച്ചു ”പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയവയിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം എന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു ഇവർ പ്രതിഷേധിച്ചത്. സംഭവത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ ഇന്ന് രാവിലെ താൽക്കാലികമായി അടച്ചിട്ടു.

https://newsgile.com/2020/02/23/people-gather-on-major-road-in-delhis-jaffrabad-to-protest-against-caa-nrc/