Thu. Mar 28th, 2024

പി.പി.സുമനൻ

മോദി സര്‍ക്കാറിന്റെ ആദിവാസി, ന്യൂനപക്ഷ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് 2015ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയ പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനും എഴുത്തുകാരനും രാജ്യത്താദ്യമായി ഭാഷാ സര്‍വേ നടത്തുന്നതിന് നേതൃത്വം വഹിച്ചയാളുമായ ഗണേശ് എന്‍ ദേവി പൗരത്വ ഭേദഗതി നിയമത്തിലെ വംശീയത ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച തുറന്നകത്ത് വ്യത്യസ്തമായ വീക്ഷണകോണിലൂടെ പൗരത്വ നിയമത്തെ കാണാന്‍ പര്യാപ്തമായ ഒന്നാണ്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപീഡനം അനുഭവിച്ച് വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് വര്‍ഷം ഇന്ത്യയില്‍ താമസിച്ചുവെന്ന് തെളിയിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കാമെന്നാണല്ലോ സി എ എ അനുശാസിക്കുന്നത്. ഇവിടെ സുപ്രധാനമായ ഒരു ചോദ്യം ഗണേശ് ചോദിക്കുന്നു. ആരാണ് ന്യൂനപക്ഷം? ന്യൂനപക്ഷം എന്നതിലേക്ക് എങ്ങനെയാണ് മതം കടന്ന് വരുന്നത്? ബംഗ്ലാദേശിലെ ആദിവാസി ഗോത്രങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ചോദ്യമുനക്ക് മൂര്‍ച്ച കൂട്ടുന്നത്. മ്രോ (Mro), മെയ്തി (Meitei), മര്‍മാ (Marma), തഞ്ചാംഗ്യാ (Tanchangya), ബറുവ (Barua), ഖാസി (Khasi), സന്താള്‍ (Santhal), ചക്മ (Chakma), ഗാരോ (Garo), ഒറാഓണ്‍ (Oraon), മുണ്ടാ (Munda), ത്രിപേരാ (Trippera) തുടങ്ങിയ ആദിവാസി ഗോത്രങ്ങളെ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളായാണ് കണക്കാക്കുന്നത്. ഒമ്പത് ലക്ഷം പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ പല ഗോത്രങ്ങളിലേയും ആയിരക്കണക്കായ മനുഷ്യര്‍ ജോലി തേടിയും സ്വാഭാവികമായ അലച്ചിലിന്റെ ഭാഗമായും ഇന്ത്യയില്‍ എത്തിപ്പെട്ടിട്ടുണ്ട്. അഞ്ചല്ല, അമ്പത് വര്‍ഷം വരെ ഇന്ത്യയില്‍ താമസിച്ചവരും ഉണ്ട് കൂട്ടത്തില്‍. ഇവര്‍ക്ക് സി എ എ പ്രകാരം ഇന്ത്യന്‍ പൗരത്വം കിട്ടുമോയെന്നാണ് അമിത് ഷായോട് ഗണേശ് ചോദിക്കുന്നത്. അവര്‍ അമ്പലങ്ങളില്‍ പോകുന്നവരല്ല. ചര്‍ച്ചുകളിലും ഗുരുദ്വാരകളിലും സിനഗോഗുകളിലും ഒന്നും പോകുന്നില്ല. അവര്‍ പ്രകൃത്യാരാധകരാണ്. അമിത് ഷാ പറയുന്ന മതത്തിന്റെ കള്ളിയില്‍ പെടുത്താവുന്നവരല്ല. എന്നാല്‍, ന്യൂനപക്ഷമാണ് അവര്‍. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന വാദം അംഗീകരിച്ചാല്‍ ഇവരും പീഡനം അനുഭവിക്കുന്നവരാകേണ്ടതാണ്. എന്തുകൊണ്ട് ഇവര്‍ അമിത് ഷായുടെ മഹാമനസ്‌കതയില്‍ കടന്നുവരുന്നില്ല?

ഈ വിഭാഗങ്ങളില്‍ പെട്ട ഒമ്പത് ലക്ഷം പേര്‍ ബംഗ്ലാദേശിലെ പര്‍വത മേഖലയില്‍ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഏതാണ്ട് അത്രതന്നെ പേര്‍ ഇന്ത്യയിലെ മിസോറം, മേഘാലയ, ത്രിപുര, അസം എന്നിവിടങ്ങളിലുമുണ്ട്. ഇവരുടെ കൈയില്‍ ഒരു രേഖയുമില്ല. പൗരത്വ പട്ടികയില്‍ കയറിക്കൂടാന്‍ ഇവര്‍ സ്വമേധയാ ശ്രമിക്കുന്നുമില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പാഴ്‌സികളെയും സിഖുകാരെയും ബൗദ്ധരെയും ജൈനന്‍മാരെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു കഴിഞ്ഞാലും ഈ ന്യൂനപക്ഷങ്ങള്‍ അവിടെ അവശേഷിക്കും. അവര്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിച്ചാലും സി എ എ അതിന് അവസരം നല്‍കുന്നില്ല. കാരണം, അവര്‍ ഹിന്ദുക്കളല്ല. അമിത് ഷായുടെ കാരുണ്യം പതിഞ്ഞ മറ്റു മതവിഭാഗങ്ങളിലും അവര്‍ പെടുന്നില്ല.

സി എ എയുടെ അടിസ്ഥാന ആശയം മതവിവേചനം തന്നെയെന്ന് തെളിയിക്കുന്നതാണ് ഈ ആദിവാസി വിഭാഗങ്ങളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. മതനിരപേക്ഷ ഭരണകൂടം എന്ന അടിസ്ഥാന ആശയത്തെയാണ് സി എ എ വെല്ലുവിളിക്കുന്നത്. ആറ് മതങ്ങള്‍ രാഷ്ട്രത്തിന് പ്രിയങ്കരമാകുകയും അതിന് പുറത്തുള്ള എല്ലാവരും അധമമാകുകയും ചെയ്യുന്നു. മതപരമായ വിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ എന്ന പരികല്‍പ്പന കൊണ്ടുവരികയും അത്തരം പീഡനം അനുഭവിക്കുന്നവര്‍ ആരൊക്കെയെന്ന് സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതോടെ റാഷനല്‍ ക്ലാസിഫിക്കേഷന്‍ (യുക്തിസഹമായ വര്‍ഗീകരണം) ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാകില്ലെന്ന വാദം പൊളിയുന്നു.

ചിലരെ ഒഴിവാക്കാന്‍ വേണ്ടിയാണ് ചിലരെ ചേര്‍ത്തിരിക്കുന്നതെന്ന് വ്യക്തം. വര്‍ഗീകരണത്തിന്റെ യുക്തി പൊളിയുകയാണിവിടെ. ന്യൂനപക്ഷ സമൂഹങ്ങള്‍ എന്നതാണ് വര്‍ഗീകരണത്തിന്റെ മാനദണ്ഡമെങ്കില്‍ ബംഗ്ലാദേശിലെ ആദിവാസി വിഭാഗങ്ങള്‍ ഈ പരിധിയില്‍ വരേണ്ടതായിരുന്നു. ആ മാനദണ്ഡം സ്വീകരിച്ചാല്‍ അഹമ്മദിയാക്കളെയും ഷിയാക്കളെയും എടുക്കേണ്ടി വരുമായിരുന്നുതാനും. വര്‍ഗീകരണത്തിന്റെ യുക്തി മതം മാത്രമാകുമ്പോള്‍ അത് മതവിവേചനമായി മാറുന്നു. അപ്പോള്‍ അത് ആര്‍ട്ടിക്കിള്‍ 14ന്റെയും 15ന്റെയും ലംഘനമായിത്തീരും.

മധ്യപ്രദേശിലെ ബി ജെ പി നേതാവ് അജിത് ബൊറാസിയുടെ നിലപാട് പ്രഖ്യാപനം ഈ പ്രശ്‌നത്തിന്റെ മറ്റൊരു വശം അനാവരണം ചെയ്യുന്നുണ്ട്. വാര്‍ത്താ മാധ്യമങ്ങളില്‍ ഒറ്റക്കോളത്തിലൊതുങ്ങിയെങ്കിലും വിശാലമായ വിശകലനത്തിന് സാധ്യതയുള്ള പ്രശ്‌നമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഭേദഗതി നിയമം മുസ്‌ലിംകളെ മാത്രമല്ല, എസ് സി/ എസ് ടി, ഒ ബി സി വിഭാഗങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നാണ് ബൊറാസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നേരത്തേ പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച് സംസാരിച്ചയാളാണ് അജിത് ബൊറാസി. നിയമം ഒരു “ഹിന്ദുസ്ഥാനി’യെയും പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു ബൊറാസി നേരത്തേ പറഞ്ഞിരുന്നത്. ഈ നിലപാടാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം മാറ്റിപ്പറഞ്ഞിരിക്കുന്നത്.

ഇത്തരമൊരു നിലപാട് മാറ്റത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഗണേശ് എന്‍ ദേവിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ച വസ്തുതകളാണ്. സി എ എയോടൊപ്പം രാജ്യത്താകെ നടപ്പാക്കാന്‍ പോകുന്ന ദേശീയ പൗരത്വ പട്ടികാ (എന്‍ ആര്‍ സി) നിര്‍മാണം ഏറ്റവും രൂക്ഷമായി ബാധിക്കുക ദളിത് സമൂഹങ്ങളെയായിരിക്കും എന്നതാണ് യാഥാര്‍ഥ്യം. അവര്‍ ഭൂരഹിതരും വിദ്യാവിഹീനരും സാമൂഹിക ഘടനയില്‍ അഗണ്യമായ ഇടങ്ങളില്‍ ജീവിക്കുന്നവരുമാണ്. അവരുടെ കൈയില്‍ പൗരത്വം തെളിയിക്കാന്‍ ഒരു രേഖയുമില്ല. ഇത്തരക്കാര്‍ എത്ര വരുമെന്ന കണക്കും സര്‍ക്കാറിന്റെ കൈയിലില്ല. എന്‍ ആര്‍ സിയും സി എ എയും മതപരമായി മാത്രമല്ല മനുഷ്യരെ വിഭജിക്കുന്നത്. രേഖയുള്ളവനും ഇല്ലാത്തവനും എന്നു കൂടിയാണ്. നേരത്തേ സാമൂഹികമായും ജാതീയമായും താഴേത്തട്ടിലേക്ക് തള്ളപ്പെട്ടവര്‍ രേഖകൊണ്ടുള്ള വിഭജനത്തിലും തഴയപ്പെടുകയാണ് ചെയ്യുക.

ഈ അവസ്ഥ ഏറ്റവും ഭീകരമായി അനുഭവപ്പെടുക എസ് സി (പട്ടിക ജാതി)യിലോ എസ് ടി (പട്ടിക വര്‍ഗം)യിലോ പെടാത്ത മനുഷ്യരെയായിരിക്കും. ഡീനോട്ടിഫൈഡ്, നൊമാഡിക് വിഭാഗത്തില്‍ പെട്ട 13 കോടി മനുഷ്യര്‍ ഇത്തരത്തിലുള്ളവരാണെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്താകെ 200 സമുദായങ്ങളാണ് ഇതില്‍ വരുന്നത്. ബ്രിട്ടീഷ് കാലത്ത് പാസ്സാക്കിയ ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് (1871) പ്രകാരം ഈ സമുദായങ്ങള്‍ കുറ്റവാളി ഗോത്രങ്ങളാണ്. സ്ഥിരം കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവര്‍. ഈ സമൂഹങ്ങളില്‍ പെട്ടവര്‍ക്ക് ഭരണകൂടത്തിന്റെ ഒരു സംരക്ഷണത്തിനും അര്‍ഹതയുണ്ടായിരുന്നില്ല. അവരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. ജയിലിലടക്കാം, വിചാരണയില്ല, അപ്പീലില്ല. ഇന്ത്യ സ്വതന്ത്രമായിട്ടും ഈ ഗോത്ര വിഭാഗങ്ങള്‍ കുറ്റവാളിപ്പട്ടികയില്‍ തന്നെ തുടര്‍ന്നു. 1951ലെ സെന്‍സസില്‍ ഇവര്‍ ഉള്‍പ്പെട്ടില്ല. അതുകൊണ്ടു തന്നെ അവര്‍ പൗരന്മാരായതുമില്ല. അവര്‍ക്ക് സ്വന്തമായി ഭൂമിയില്ല, റേഷന്‍ കാര്‍ഡില്ല, ആധാറില്ല, ഗ്യാസ് കണക്്ഷനില്ല, ഡ്രൈവിംഗ് ലൈസന്‍സില്ല, സ്വാഭാവികമായും പാസ്‌പോര്‍ട്ടുമില്ല.1952ല്‍ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ മുന്‍കൈയിലാണ് ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് റദ്ദാക്കിയത്. 1949ല്‍ നിയോഗിക്കപ്പെട്ട അയ്യങ്കാര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഡിനോട്ടിഫിക്കേഷന്‍ നടപടി.

നാടോടികളും കാനനവാസികളും തെരുവു ജീവിതങ്ങളുമെല്ലാം ഉള്‍പ്പെട്ട ഗോത്ര വിഭാഗങ്ങളെ സാമൂഹികവത്കരിക്കണമെന്നും അവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിരക്ഷ ഉറപ്പാക്കണമെന്നും അയ്യങ്കാര്‍ കമ്മിറ്റി നിര്‍ദേശിച്ചു. ഇവരെ ബ്രിട്ടീഷുകാര്‍ കുറ്റവാളി ഗോത്രങ്ങളില്‍ ഉള്‍പ്പെടുത്തിയതിന്റെ ചരിത്രപശ്ചാത്തലം കമ്മിറ്റി വിശദമായി പരിശോധിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഇന്നത്തെ യു പിയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഈ ഗോത്ര വിഭാഗങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ഒളിപ്പോരില്‍ സജീവമായി പങ്കെടുത്തുവെന്നതായിരുന്നു അടിസ്ഥാന കാരണം. ഈ കാഴ്ചപ്പാടുകള്‍ നെഹ്‌റു അംഗീകരിച്ചതോടെ ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് റദ്ദാക്കുകയും അവരില്‍ നിന്ന് കുറ്റവാളി മുദ്ര നിയമപരമായി മാഞ്ഞുപോകുകയും ചെയ്തു. എന്നാല്‍, സാമൂഹിക മാന്യത അവര്‍ക്ക് തുടര്‍ന്നും ലഭിച്ചില്ല. പോലീസും പൊതുസമൂഹവും അവരെ കുറ്റവാളി ഗോത്രങ്ങളായിത്തന്നെ കണ്ടു. റെയില്‍വേ സ്റ്റേഷനുകളിലെ പുറംപോക്കുകളും വന്‍ നഗരങ്ങളിലെ ചേരികളിലും അവരെ കാണാം. ഒരു പട്ടികയിലും ഇല്ലാത്തവര്‍. കൈവെള്ളയിലെ “ഭാഗ്യദോഷ’ത്തിന്റെ രേഖ മാത്രമുള്ളവര്‍.

നെഹ്‌റു- ലിയാഖത്ത് ഉടമ്പടിയെ സി എ എയെ ന്യായീകരിക്കാന്‍ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നയാളാണ് അമിത് ഷാ. ക്രിമിനല്‍ ഗോത്രങ്ങളെന്ന് മുദ്രകുത്തി ബ്രിട്ടീഷുകാര്‍ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടച്ച ലക്ഷക്കണക്കിന് മനുഷ്യരെ തുറന്ന് വിട്ടയാളാണ് നെഹ്‌റുവെന്നോര്‍ക്കണം. അന്ന് ഡിനോട്ടിഫൈ ചെയ്യപ്പെട്ട ലക്ഷക്കണക്കായ മനുഷ്യരെ 1871 മുതല്‍ 1952 വരെ അവര്‍ കഴിഞ്ഞ തടങ്കല്‍പാളയങ്ങളിലേക്ക് തിരിച്ചയക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. മുസ്‌ലിംകളെ അന്യരാക്കി ഭൂരിപക്ഷ വികാരം ആളിക്കത്തിക്കാമെന്നും ഹിന്ദുക്കളെ മുഴുവന്‍ ഹിന്ദുത്വവത്കരിക്കാമെന്നുമുള്ള രാഷ്ട്രീയ വ്യാമോഹമാണ് സി എ എയിലും എന്‍ ആർ ‍സിയിലും എന്‍ പി ആറിലും പ്രാഥമികമായി വെളിപ്പെടുന്നത്. എന്നാല്‍, അതിന്റെ യഥാര്‍ഥ ഉന്നം മനുസ്മൃതിയുടെ സംസ്ഥാപനമാണ്. ദളിതുകളെന്നും വനവാസികളെന്നും നാടോടികളെന്നും ഇന്ന് വിളിക്കപ്പെടുന്ന കറുത്ത മനുഷ്യരാരും മനുവിന്റെ കണ്ണില്‍ ഹിന്ദുക്കളല്ല. അതുകൊണ്ട് തന്നെ അവരാരും പൗരത്വത്തിന് അര്‍ഹരുമല്ല. ഇന്ന് കയ്യിൽ രക്ഷാബന്ധന കുന്തവുംകെട്ടി നെറ്റിയിൽ കുറിയുംവരച്ച് സവർണ്ണ ഈഴവരാകാൻ വെമ്പിനടക്കുന്നവർ ഇത് ഓർത്തുവച്ചാൽ നന്ന്.