Thu. Apr 25th, 2024

കേരള സര്‍ക്കാര്‍ നിയമസഭയല്‍ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെതിരെ സീറോമലബാർ സഭയും രംഗത്ത്. യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുളള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇന്നലെ നിയമസഭയില്‍ ‘സെമിത്തേരി ബില്ല് കൊണ്ട് വന്നത്. പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങള്‍ക്ക് കുടുംബകല്ലറയുളള സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ബിൽ. എന്നാൽ അങ്ങനെയിപ്പോൾ ഓർത്തഡോക്സ് കാരന്റെ സെമിത്തേരിയിൽ അടക്കി യേശു ഹാജർ വിളിക്കാൻ വരുമ്പോൾ ചുളുവിൽ സ്വർഗ്ഗത്തിൽ പോകാമെന്ന് ഒരു യാക്കോബായക്കാരനും കരുതേണ്ട എന്നാണ് ഓർത്തോഡോക്സ് പക്ഷം.

നിലവിലെ ബില്‍ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് പ്രഖ്യാപിച്ച് എല്ലാ കാര്യത്തിലും വളരെ കൃത്യതയുള്ള വ്യക്തതയുമുള്ള മുദ്രപത്രങ്ങളുടെ മധ്യസ്ഥൻ സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രംഗത്ത് വന്നിട്ടുണ്ട്.

മൃതദേഹ സംസ്‌കാരം സംബന്ധിച്ച്‌ സർക്കാർ ആദ്യം ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. അന്നും അതിൽ കലിയിളകി മുഖ്യന്ത്രി പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭയുടെ യുഹനാന്‍ മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത രംഗത്ത് വന്നിരുന്നു. ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവര്‍ക്ക് അറിയില്ലെന്നും സഭ പഠിപ്പിച്ചുതരാമെന്നുമാണ് അന്ന് അദ്ദേഹം പത്രസമ്മേളനം നടത്തി പറഞ്ഞത്. ഇതിന്റെയെല്ലാം പിന്നില്‍ നിരീശ്വരവാദി ഭരിക്കുന്നതിന്റെ പ്രശ്‌നമാണ് എന്നുമായിരുന്നു യുഹനാന്‍ മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത പറഞ്ഞത്. ഇപ്പോൾ സർക്കാർ സഭയിൽ ബില്ല് കൊണ്ടുവന്നിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഹാലിളകിയിരിക്കുകയാണ് ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്‌.

തര്‍ക്കം തുടരാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം ഉള്‍പ്പടെ പ്രധാനപ്പെട്ട പളളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സെമിത്തേരി ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഓര്‍ത്തഡോക്സ് – യാക്കോബായ തർക്കത്തെത്തുടർന്ന് ദിവസങ്ങളോളം ശവം പോലും മറവുചെയ്യാൻ പറ്റാത്ത സാഹചര്യം കേരളത്തിൽ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ഇടപെടേണ്ടിവന്നത്. വിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണെങ്കിലും നാട്ടിൽ പൊതുശ്‌മശാനങ്ങൾ ഉണ്ടെങ്കിലും കുഞ്ഞാടുകൾക്ക് മൃതദേഹങ്ങള്‍ ഇടവക പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്തില്ലെങ്കിൽ അന്തിമദിവസം ഉയിർപ്പിക്കാനായി യേശു വരുമ്പോൾ കൂടെ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ലെന്നുള്ളതിനാൽ ആണ് യാക്കോബായ വിശ്വാസികൾ കടുംപിടുത്തം നടത്തുന്നത്. എന്നാൽ ഇതുവല്ലതും നിരീശ്വരവാദിയായ പിണറായിക്കു മനസ്സിലാകുമോ? യേശു വീണ്ടും വന്ന് സ്വർഗ്ഗത്തിൽ കൊണ്ടു പോകുമ്പോൾ വികലാംഗരായി പോകാതിരിക്കാനാണ് ക്രിസ്ത്യാനികൾ മരണശേഷം പോലും അവയവദാനം ചെയ്യില്ലാത്തത്.

മാമോദീസാ മുങ്ങുമ്പോൾ അതാത് സഭക്കാരുടെ സ്വർഗ്ഗത്തിലെ അഡ്മിഷൻ രജിസ്റ്ററിൽ പേര് ചേർക്കുന്ന ജീവൻറെ പുസ്തകവുമായി ഓരോ സഭക്കാരുടെയും യേശു വന്ന് ഹാജർ വിളിക്കുമ്പോൾ എഴുനേറ്റ് സ്വർഗ്ഗത്തിൽ പോകാനുള്ളതിനാൽ തോന്നുന്നിടത്തൊക്കെ അടക്കം ചെയ്ത് യേശുവിന് ബുദ്ധിമുട്ടും കൺഫ്യൂഷനും ഉണ്ടാകാതിരിക്കാനും സ്വർഗ്ഗത്തിൽ പോക്ക് തടസ്സപ്പെടാതിരിക്കാനും ആണ് അതാത് സഭകളുടെ സെമിത്തേരിയിൽ തന്നെ അടക്കുന്നത്.

പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങള്‍ക്ക് കുടുംബകല്ലറയുളള സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി നല്‍കുന്നപുതിയ ബിൽ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗത്തിൽ പെട്ടവരെ തോന്നുന്നിടത്തെല്ലാം തോന്നുന്നതുപോലെ അടക്കി ഇരു വിഭാഗങ്ങളുടെയും യേശുമാരെ കൺഫ്യൂഷനാക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള ദൈവ നിന്ദയാണ് ഇത് സംബന്ധിച്ച ബിൽകൊണ്ടുവന്ന് സർക്കാർ ചെയ്തിരിക്കുന്നത്. ആത്മീയമായ ഈ യേശുവിന് കൺഫ്യുഷൻ ഉണ്ടാക്കൽ മാത്രമല്ല പുതിയ ബില്‍ ഭൗതീകമായും യാക്കോബായ സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്.സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിസുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം പല പള്ളികളിലുമുണ്ടായിരുന്നു.

ഹാജർ വിളിക്കാൻ വരുന്ന യേശുവിന് കൺഫ്യുഷനുണ്ടാകുന്ന ബില്ലിനെതിരെ പ്രതിപക്ഷനേതാവും രംഗത്ത് വന്നിട്ടുണ്ട്. ”ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്യണമായിരുന്നു. നിയമത്തെ പൊതുവേ എതിര്‍ക്കുന്നില്ല. പക്ഷേ, ഉയര്‍ന്നു വന്ന ആശങ്കകള്‍ പരിഗണിക്കണം. നിയമം തര്‍ക്കമുളള വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. കേരളത്തിന്റെ മുഴുവന്‍ ക്രൈസ്തവ സഭകളെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുന്നു”, എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി

എന്നാല്‍ തര്‍ക്കമില്ലാത്ത സഭകള്‍ക്ക് ആശങ്ക വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ”പ്രതിപക്ഷത്തിന് തെറ്റിദ്ധാരണയാണ്. സഭാ തര്‍ക്കം പരിഹരിച്ചതാണ്. സുപ്രീം കോടതി വിധി നടപ്പാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ സബ്ജക്റ്റ് കമ്മിറ്റി പരിഹരിക്കും”, എന്ന് നിയമമന്ത്രി എ കെ ബാലന്‍ വിശദീകരിച്ചു.

ശവമടക്കുമായി ബന്ധപ്പെട്ട് ശത്രുവിനെയും സ്നേഹിക്കാൻ പറഞ്ഞ ഇരുവിഭാഗം യേശുമാരുടെയും അനുയായികൾ ദൈവസ്നേഹം മൂത്ത് ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങൾ പലസ്ഥലത്തും സംഘര്‍ഷത്തിലേക്ക് കടന്നതോടെയാണ് സർക്കാർ ബില്ല് കൊണ്ടുവരുന്നത്തിന് നിർബന്ധിതരായത്. ശവമടക്ക് തടഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവോ പതിനായിരം രൂപയോ ശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.