Fri. Mar 29th, 2024

ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു. കാറളം കുഞ്ഞാലിക്കാട്ടില്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി നന്ദന്‍ (42) ആണ് മരിച്ചത്. അമ്പലത്തിലേക്ക് എഴുന്നള്ളത്തിന് കൊണ്ടുവരുമ്പോഴാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണന്‍ എന്ന ആന ഇടഞ്ഞത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനായ നന്ദന് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനയാണ് ശ്രീകൃഷ്ണന്‍. ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങും വാഴയും ഇടഞ്ഞ ആന മറിച്ചിട്ടു. എലിഫന്റ് സ്വകാഡ് വടം കെട്ടിയാണ് ആനയെ തളച്ചത്. നന്ദന്റെ മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചും ഈ ആന മുൻപ് സുഭാഷ് എന്ന മറ്റൊരു പാപ്പാനെ കുത്തികൊന്നിരുന്നു.   

ആനകൾ വന്യജീവികളാണ്. കാട്ടിൽ കഴിയേണ്ട അവയെ ഉത്സവങ്ങളിലും മേളകളിലും എഴുന്നള്ളിക്കുകയും അതിനായി കൊടിയ പീഢനങ്ങൾ നടത്തുന്നതും സഹികെട്ട് അവ ഇടയുന്നതും പാപ്പാന്മാരെയടക്കം കുത്തിക്കൊല്ലുന്നതും ആവർത്തിക്കപ്പെടുന്നു. എന്നിട്ടും ഈ ക്രൂരത അവസാനിപ്പിക്കാൻ ഭക്തിജ്വരം മൂത്ത അന്ധവിശ്വാസികൾ തയ്യാറല്ല. നിയമങ്ങൾ ഒട്ടേറെ കടലാസുകളിൽ അന്തിയുറങ്ങുമ്പോൾ പാവം വന്യ ജീവികൾ കടുത്ത പീഢനങ്ങളാൽ പൊറുതിമുട്ടുന്നു. ദൈവങ്ങൾക്കും ഭക്തന്മാർക്കും പ്രസാദിക്കാൻ മിണ്ടാപ്രാണികൾക്ക് മേൽ നടത്തുന്ന കൊടിയ പീഢനങ്ങൾക്ക് ആര് സമാധാനം പറയും.

മനുഷ്യർക്കല്ലാതെ ഇത്രക്രൂരത കാണിക്കാൻ കഴിയില്ല. ഒരു മൃഗവും ഇങ്ങനെ ചെയ്യില്ല. ഏത് ദൈവത്തെ സുഖിപ്പിക്കാനാണ്. ആരുടെ മോക്ഷത്തിനാണ് ഒരു വന്യജിവിയോട് ഇത്രയും ക്രൂരത കാണിക്കുന്നത്? ഭക്തിക്കച്ചവടത്തിന് മുന്നിൽ നിയമങ്ങൾ ഉറങ്ങിപ്പോകുന്ന നാട്ടിൽ ഇതിനും അപ്പുറം നടക്കും. ആനകൾ അപ്പോഴും താണ്ഡവം തുടരും.