Thu. Mar 28th, 2024

എന്റെ സ്കൂളും എസ്സൻസിന്റെ സ്കൂളും വേറെ വേറെയാണെന്ന് പ്രമുഖ ശാസ്ത്ര പ്രാഭാഷകനും ചേർത്തല എൻ.എസ്എസ് കോളേജ് അദ്ധ്യാപകനുമായ വൈശാഖൻ തമ്പി. താൻ നേരിടേണ്ടി വരുന്ന എസൻഷ്യൻ ബ്രാൻഡിങ്ങിനെതിരെ അദ്ദേഹത്തിൻറെ നിലപാടുകൾ വ്യകതമാക്കികൊണ്ട് ഫെയ്‌സ് ബുക്കിൽ ഇട്ട കുറിപ്പിലാണ് ഇങ്ങനെ പറഞ്ഞത്. ശാസ്ത്രസാഹിത്യ പരിഷത്ത്, അമച്ചർ ആസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ, ഫ്രീതിങ്കേഴ്സ് ഫോറം, വിവിധ ഗ്രന്ഥശാലകൾ, യുക്തിവാദി പ്രസ്ഥാനങ്ങൾ എന്നിങ്ങനെ പല പല സംഘടനകളുടെ പരിപാടികളിലായി ഞാനവതരിപ്പിച്ച പ്രഭാഷണങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് എസ്സൻസിന് വേണ്ടി ചെയ്തതെങ്കിൽ പോലും അവരുടെ പേരിലാണ് പലരും എന്നെ തിരിച്ചറിയുന്നത്. കാരണം അവർക്കാണ് ഓൺലൈൻ ലോകത്ത് കൂടുതൽ വിസിബിലിറ്റിയുള്ളത്. പക്ഷേ ഈ വിസിബിലിറ്റിയുടെ ഫലമായി എന്റേതല്ലാത്ത പല നിലപാടുകളുടേയും ബാധ്യത എന്റെ ചുമലിൽ വരുന്ന ഒരു അവസ്ഥ വന്നിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു.

എനിക്കും എസ്സൻസിനുമിടയിൽ യോജിക്കാനാവുന്ന വിഷയങ്ങൾ കാലാകാലങ്ങളായി കുറഞ്ഞുവന്നിട്ടുണ്ട്. എന്നുമാത്രമല്ല, എന്നെ വല്ലാതെ അലോസരപ്പെടുത്തുന്ന രീതിയിലാണ് വർത്തമാനകാല കാഴ്ചകൾ. സംവരണവിഷയത്തിലും പൗരത്വനിയമവിഷയത്തിലുമൊക്കെ സോഷ്യലി ഡാമേജിങ് ആയ നിലപാടുകളാണ് എസ്സൻസിന്റേതായി കാണപ്പെടുന്നത് എന്നതിൽ എനിയ്ക്ക് സംശയമൊന്നുമില്ല. അത് പറയുമ്പോഴും, ഇത് ഞാൻ സർട്ടിഫൈ ചെയ്യേണ്ട കാര്യമല്ലാന്നാണ് ഞാൻ കരുതുന്നത്. എന്റെ പേരിലുള്ള ബ്രാൻഡിങ് കാരണമാണ് ഇതൊരു വിധിപ്രസ്താവനയുടെ സ്വരത്തിൽ പറയേണ്ടിവരുന്നത്. അതിനൊക്കെ മറുപടി പറയണം എന്നുംപറഞ്ഞ് ആരും എന്റെ നേരേ വരാതിരിക്കാനായി പറഞ്ഞുവെക്കുന്നതാണ്.ഞാൻ പറയുന്നതും ചെയ്യുന്നതുമാണ് എന്റെ നിലപാടുകൾ എന്ന് വൈശാഖൻ തമ്പി വ്യക്തമാക്കി.

ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം:

നിങ്ങളെങ്ങനെയാണ് ഒരാളെ വിലയിരുത്തുന്നത്? അയാളെക്കുറിച്ച് നിങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ വച്ച്, അല്ലേ? അതായത്, നിങ്ങൾ നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അയാൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ, അയാളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞുകേട്ട കാര്യങ്ങൾ, പിന്നെ കുറേയൊക്കെ അയാളുടെ കൂടെ കാണപ്പെടുന്നവരെക്കുറിച്ചും ഒറ്റനോട്ടത്തിൽ അയാളോട് സാമ്യമുള്ളവരെ കുറിച്ചുമുള്ള നിങ്ങളുടെ വിലയിരുത്തൽ വഴി പരോക്ഷമായി നടത്തുന്ന അനുമാനങ്ങൾ, തുടങ്ങിയവയിൽ നിന്നാണ് നിങ്ങളൊരാളെ കുറിച്ച് ഒരു ചിത്രം രൂപീകരിക്കുന്നത്. പക്ഷേ ആ ചിത്രത്തിന് ഒരു കുഴപ്പമുണ്ട്. മിക്കപ്പോഴും അത് വല്ലാതെ വക്രിച്ചതായിരിക്കും. അയാളുടെ അസ്സൽ ഐഡന്റിറ്റിയുടെ തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭാഗം മാത്രമാണ് നിങ്ങൾ കാണുന്നത്.

ഉദാഹരണത്തിന് എന്നെ നേരിട്ട് പരിചയമില്ലാതെ, ഫെയ്സ്ബുക്കിലൂടെയോ യൂട്യൂബ് വീഡിയോയിലൂടെയോ പൊതുവേദികളിലെ പ്രഭാഷണവേദികളിലോ സ്ഥിരമായി കാണുന്ന ഒരാളെ പരിഗണിച്ചാൽ അയാൾ എന്നെ കാണുമ്പോഴൊക്കെ ഞാൻ കുറേ സയൻസ് പറഞ്ഞോണ്ടിരിക്കുകയാണ്. അതായത്, അയാൾക്കറിയാവുന്ന ഞാൻ സദാ സയൻസ് പറയുന്ന ആളാണ്. കാമുകിയോട് പ്രണയസല്ലാപം നടത്തുന്ന എന്നെയോ, അമിതമായ ഓട്ടോക്കൂലി ചോദിച്ചതിന് ഡ്രൈവറോട് തർക്കിക്കുന്ന എന്നെയോ ഒക്കെ ആലോചിച്ചെടുക്കാൻ ബൗദ്ധികമായ അദ്ധ്വാനത്തോടെ അയാൾക്ക് സാധിച്ചേക്കാമെന്നേയുള്ളൂ. സ്വാഭാവികമായി അയാളുടെ ഉള്ളിൽ ഉണ്ടാകുന്ന എന്നെക്കുറിച്ചുള്ള ചിത്രത്തിൽ ഇതൊന്നുമുണ്ടാകില്ല. ഈ ഉദാഹരണം തന്നെ എടുക്കാനും കാരണമുണ്ട്. ഞാൻ അപ്ലോഡ് ചെയ്തിട്ടുള്ള പല ചിത്രങ്ങളുടേയും കീഴിൽ ഇങ്ങനെ വക്രീകരിക്കപ്പെട്ട ഒരു ഇമേജിന്റെ പ്രതിഫലനം കമന്റുകളായി കാണാം. ദൂരേയ്ക്ക് നോക്കിയിരിക്കുന്ന ഫോട്ടോയുടെ കീഴിൽ “ബ്ലാക് ഹോളിനെ കുറിച്ച് ചിന്തിക്കുകയാണോ?” എന്നും, കുഞ്ഞിനോട് കൊഞ്ചുന്ന ചിത്രത്തിന് കീഴിൽ “കുട്ടിയെ ക്വാണ്ടം മെക്കാനിക്സ് പഠിപ്പിക്കുകയാണോ?” എന്നുമൊക്കെയുള്ള കമന്റുകൾ സാധാരണമായി കാണാറുണ്ട്.

ഇതൊക്കെ മോശം കാര്യങ്ങളാണെന്നോ അത്തരം കമന്റുകൾ എനിക്ക് ഇഷ്ടമല്ല എന്നോ ഒന്നുമല്ല പറഞ്ഞുവന്നത്. അതിലൊന്നും എനിയ്ക്ക് യാതൊരു പ്രശ്നവുമില്ല. കോളേജിൽ കൃത്യവിലോപം കാണിച്ചതിന് വിദ്യാർത്ഥിയെ ശകാരിക്കുന്ന ഞാൻ, കൂട്ടുകാരോടൊപ്പം ബാഡ്മിന്റൺ കളിക്കുന്ന ഞാൻ, റോഡിൽ ലെയിൻ തെറ്റിച്ച് കുറുകേ വരുന്നവനെ പിറുപിറുത്തുകൊണ്ട് തെറിപറയുന്ന ഞാൻ, മുടിവെട്ടാൻ ബാർബർ ഷോപ്പിലിരിക്കുന്ന ഞാൻ, അടുക്കളയിൽ പാത്രം കഴുകുന്ന ഞാൻ, എന്നിങ്ങനെ എന്റെ അനേകായിരം അവസ്ഥകളെ അവഗണിക്കുകയും എന്റെ ജീവിതത്തിലെ ഏതാനം ചില മണിക്കൂറുകൾ മാത്രം ഞാൻ ചെയ്യുന്ന പ്രവൃത്തിവെച്ച് എന്നെക്കുറിച്ച് ഒരു ചിത്രമുണ്ടാക്കുകയും ചെയ്യുന്നതിലെ അപാകതയാണ് പറഞ്ഞുവന്നത്. എന്റെയെന്നല്ല, ആരുടെ കാര്യത്തിലും ഇങ്ങനെയൊരു പ്രശ്നമുണ്ട്. സൂപ്പർസ്റ്റാറുമാരെ പണ്ടൊക്കെ അവരുടെ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തിയിരുന്ന ജനത്തിന്, നവമാധ്യമങ്ങളുടെ വരവോടെ അവരുടെ മറ്റനേകം വശങ്ങൾ വെളിപ്പെട്ട് കിട്ടുകയും അങ്ങനെ പലർക്കും കാര്യമായ ഗ്ലാമർനഷ്ടം വരുകയും ചെയ്തത് കൂടി ഇതോടൊപ്പം ചേർത്തുവായിക്കാം.

ഇത്രേം പറഞ്ഞുവെച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം വ്യക്തിപരമായി അവതരിപ്പിക്കാനാണ്. എന്നെ വ്യക്തിപരമായി അടുത്തറിയാത്ത, നേരത്തേ പറഞ്ഞപോലെ ഫെയ്സ്ബുക്കിലൂടെയോ യൂട്യൂബ് വീഡിയോയിലൂടെയോ പൊതുവേദികളിലെ പ്രഭാഷണവേദികളിലോ മാത്രം കണ്ട് പരിചയിച്ച ആളുകൾ – അവരാണ് മൃഗീയഭൂരിപക്ഷം – സ്വയമറിയാതെ ഉണ്ടാക്കിയെടുത്ത എന്നെപ്പറ്റിയുള്ള ഒരു ഇമേജ് എനിക്കൊരു ബാധ്യതയായി മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. കഴിഞ്ഞ പത്തുവർഷത്തോളമായി സോഷ്യൽ മീഡിയയിലും പുറത്ത് പൊതുവേദികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെയായി എഴുത്തിലൂടെയും സംസാരത്തിലൂടെയും ഞാൻ പലവിധ ഇടപെടലുകൾ നടത്തുന്നുണ്ട്. അതിൽ കുറേയെണ്ണം വീഡിയോ ഡോക്യുമെന്റ് ചെയ്യപ്പെട്ട് യൂട്യൂബിലെത്തിയിട്ടുണ്ട്. സയൻസ് പറയുന്ന ഒരാളായി തിരിച്ചറിയപ്പെട്ടുതുടങ്ങിയത് ഫെയ്സ്ബുക്കിലൂടെയാണെങ്കിലും, മൊബൈൽ ഡേറ്റ സുലഭമായി ലഭ്യമായിത്തുടങ്ങിയതോടെ യൂട്യൂബിലൂടെയുള്ള കേൾവിക്കാരുടെ എണ്ണം പെട്ടെന്ന് കൂടുകയുണ്ടായി. അവരിൽ പലരും നേരിട്ട് കാണുമ്പോൾ ഞാൻ ഫെയ്സ്ബുക്കിലുണ്ടോ എന്നന്വേഷിച്ചത് കൗതുകകരമായി തോന്നിയിട്ടുമുണ്ട്.

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ശാസ്ത്ര-സ്വതന്ത്രചിന്താ പരിപാടികൾ സംഘടിപ്പിക്കുന്നതും അവയെല്ലാം കൃത്യമായി വീഡിയോ ഡോക്യുമെന്റ് ചെയ്യുന്നതും എസ്സൻസ് എന്ന സംഘടനയാണ്. അതുകൊണ്ട് തന്നെ എന്റെ യൂട്യൂബ് പ്രഭാഷണങ്ങളിൽ നല്ലൊരു പങ്ക് എസ്സൻസിന്റെ ലേബലിലാണ് ഉള്ളത്. കൃത്യമായി പറഞ്ഞാൽ ചെറുതും വലുതുമായി യൂട്യൂബിലുള്ള 46 പ്രഭാഷണങ്ങളിൽ 20 എണ്ണം. ഇതുകൊണ്ട് തന്നെ എസ്സൻസിന്റെ ഒരു ബ്രാൻഡഡ് പ്രഭാഷകനായി പണ്ടുമുതലേ ഞാൻ കണക്കാക്കപ്പെടുന്നുണ്ട്. ‘എസ്സൻസിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നംബർ തരാമോ’ എന്നൊക്കെയുള്ള രീതിയിൽ പലരും എന്നോട് അന്വേഷണം നടത്തിയിട്ടുണ്ട്. ഞാൻ എസ്സൻസ് നടത്തുന്ന പരിപാടികളിലേയ്ക്ക് ക്ഷണിക്കപ്പെടുന്ന ഒരു അതിഥി മാത്രമാണെന്നും യാതൊരുവിധ ഓപ്പറേഷണൽ റോളുകളും എനിക്കതിൽ ഇല്ലായെന്നും ഞാനത്തരമാളുകളെ അറിയിക്കാറുമുണ്ട്. ഏതൊരു പൊതുപരിപാടിയ്ക്ക് പോയാലും സംഘാടകരോട് എന്റെ സെഷന്റെ സമയം ചോദിച്ച് മനസിലാക്കി കൃത്യം ആ സമയത്ത് വേദിയിലെത്തി എന്റെ പരിപാടി കഴിഞ്ഞ് മടങ്ങുക എന്ന ശൈലിയാണ് പണ്ടേ ഞാൻ സ്വീകരിക്കാറുള്ളത്. യാത്രയോ താമസമോ ഒരുക്കുന്നതിൽ പോലും പരമാവധി സംഘാടകരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. അത് എസ്സൻസെന്നല്ല, ഏതൊരു സംഘടനയുടെ പരിപാടിയായാലും. നല്ലൊരു പരിധി വരെ എന്റെ അന്തർമുഖത്വം തന്നെയാണ് അതിന് കാരണം. പക്ഷേ ശാസ്ത്രസാഹിത്യ പരിഷത്ത്, ഞാൻ തന്നെ ഭാരവാഹിയായിരിക്കുന്ന അമച്ചർ ആസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ, ഫ്രീതിങ്കേഴ്സ് ഫോറം, വിവിധ ഗ്രന്ഥശാലകൾ, യുക്തിവാദി പ്രസ്ഥാനങ്ങൾ എന്നിങ്ങനെ പല പല സംഘടനകളുടെ പരിപാടികളിലായി ഞാനവതരിപ്പിച്ച പ്രഭാഷണങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് എസ്സൻസിന് വേണ്ടി ചെയ്തതെങ്കിൽ പോലും അവരുടെ പേരിലാണ് പലരും എന്നെ തിരിച്ചറിയുന്നത്. കാരണം അവർക്കാണ് ഓൺലൈൻ ലോകത്ത് കൂടുതൽ വിസിബിലിറ്റിയുള്ളത്.

പക്ഷേ ഈ വിസിബിലിറ്റിയൂടെ ഫലമായി എന്റേതല്ലാത്ത പല നിലപാടുകളുടേയും ബാധ്യത എന്റെ ചുമലിൽ വരുന്ന ഒരു അവസ്ഥ വന്നിട്ടുണ്ട്. കുറച്ചുകാലം മുൻപ് ഒരു കാഷ്വൽ സംസാരത്തിനിടെ ഒരാൾ “നിങ്ങളെപ്പോലുള്ള സംവരണവിരുദ്ധർ ഇതിനെ എങ്ങനെ കാണുമെന്നറിയില്ല” എന്നെന്നോട് പറഞ്ഞപ്പോഴാണ് ഞാനിത് ആദ്യം ശ്രദ്ധിക്കുന്നത്. ഞാൻ സംവരണവിരുദ്ധനാണെന്ന് അദ്ദേഹം ഊഹിച്ചെടുത്തത് എസ്സൻസിന്റെ പൊതുവിലുള്ള സംവരണവിരുദ്ധ വ്യവഹാരങ്ങളിൽ നിന്നാണെന്ന് മനസിലായി. അതെനിക്കിത്തിരി ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണ്. ഞാൻ സഹകരിച്ചിട്ടുള്ള ഏത് സംഘടനയെടുത്താലും എനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുകളും എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. അല്ലാതെ എല്ലാവരുടേയും എല്ലാ ആശയങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാത്രം സഹകരിക്കുക എന്ന നയം പ്രായോഗികമാണെന്ന് എനിയ്ക്ക് തോന്നുന്നില്ല. ഞാൻ പറയുന്നതിലും ചെയ്യുന്നതിലും മാത്രമുള്ള ഉത്തരവാദിത്വമേ എന്റെ തലയിലേക്ക് എടുത്തുവെക്കാൻ നിർവാഹമുള്ളൂ.

പക്ഷേ സ്വന്തം ഉത്തരവാദിത്വത്തിലല്ലെങ്കിൽ പോലും ഞാൻ നേരിടേണ്ടി വരുന്ന ബ്രാൻഡിങ്ങിനെ പറ്റി വളരെ വ്യക്തമായി ചില കാര്യങ്ങൾ പറയാനാഗ്രഹിക്കുന്നു…

നേരത്തെ പറഞ്ഞതുപോലെ, മറ്റേത് സംഘടനയോടുമെന്നപോലെ എസ്സൻസിനോടും എനിക്ക് ഒരുപാട് വിയോജിപ്പുകളുണ്ട്. അതിന്റെ പൊതുവായ കാഴ്ചപ്പാടുകളിലും നിലപാടുകളിലും പ്രവർത്തനരീതികളിലുമൊക്കെ ഗൗരവകരമായ പല വിമർശനങ്ങളും എനിക്കുണ്ടായിട്ടുണ്ട്. അത് രഹസ്യമൊന്നുമല്ല. അവിടേയും ഇവിടേയും പറഞ്ഞുനടക്കുന്നതിന് പകരം, എസ്സൻസിന്റെ തന്നെ വേദിയിൽ പരസ്യമായി തന്നെ ഞാനത് പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ലിറ്റ്മസ് വേദിയിൽ വളരെ ചുരുങ്ങിയ സമയത്തിൽ അവയിൽ പലതും ഞാൻ പരാമർശിച്ചിരുന്നു. അതിന് കിട്ടിയ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. ചിലർക്കത് ‘എസ്സൻസിനിട്ട് കൊട്ടുന്ന’തായാണ് തോന്നിയത്. സത്യത്തിൽ വിമർശനം എന്നത് നമുക്കത്ര പരിചയമില്ലാത്ത ഏർപ്പാടാണ്. വാദത്തെ ഖണ്ഡിക്കുന്നതിനും വിമർശിക്കുന്നതിനുമൊക്കെ ‘കൊട്ടുക’, ‘തേച്ചൊട്ടിക്കുക’, ‘വലിച്ചുകീറുക’ തുടങ്ങിയ വയലന്റ് പ്രയോഗങ്ങളിലൂടെ വിശേഷിപ്പിക്കുന്ന നമ്മൾ ആ അപരിചിതത്വം തന്നെയാണ് പ്രകടമാക്കുന്നത്. എന്നാൽ കൊട്ടലും കിണ്ടലുമൊന്നും എന്റെ അജണ്ടയിലുള്ള കാര്യങ്ങളേയല്ല. എനിക്ക് യോജിക്കാനാകാത്ത കാര്യങ്ങൾ കാരണസഹിതം തുറന്നുപറയുക എന്നതേ ചെയ്യുന്നുള്ളൂ. Nothing more, nothing less! തമാശയെന്താന്ന് വെച്ചാൽ ഞാൻ എസ്സൻസിനെ പിളർത്തി വേറേ ഗ്രൂപ്പുണ്ടാക്കാൻ പോകുന്നു എന്നുവരെ കണ്ടുപിടിച്ച ഷെർലക് ഹോംസുമാരുണ്ട്. അഞ്ചുപേര് ചുറ്റും കൂടിയാൽ എങ്ങനെ അവിടന്ന് ഊരാമെന്നാലോചിച്ച് വേവലാതിപ്പെടുന്നതരം അന്തർമുഖനായ ഞാൻ വേറെ ഗ്രൂപ്പുണ്ടാക്കാൻ പോകുന്നു പോലും! ധാരാളം ഫ്രീടൈമുള്ള ആളുകളുടെ അത്തരം ബൗദ്ധിക വ്യായാമങ്ങളെ പരിഗണിക്കാൻ പോലുമുള്ള ഫ്രീടൈം ഇല്ലാത്ത ആളെന്ന നിലയിൽ അതെന്റെ വിഷയമല്ല. പക്ഷേ അപ്പോഴും, സമയക്കുറവ് കാരണം വേണ്ടത്ര വിശദീകരിക്കാതെ ചുരുക്കി വെപ്രാളപ്പെട്ട് കിതച്ചുകൊണ്ട് ഞാൻ പറഞ്ഞ വിമർശനങ്ങളെപ്പറ്റി എസ്സൻസിൽ ആരും എന്നോട് “എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്?” എന്നും ചോദിച്ചിട്ടില്ല. ഞാൻ പറഞ്ഞത് കൃത്യമായി ഉൾക്കൊണ്ടതുകൊണ്ടാണോ, പറഞ്ഞത് പരിഗണിക്കാൻ അർഹതയുള്ള കാര്യങ്ങളാണെന്ന് തോന്നാത്തതുകൊണ്ടാണോ, ‘എന്നാലും ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ’ എന്ന പരിഭവം കൊണ്ടാണോ, ചോദിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ടാണോ എന്നൊന്നും അറിയില്ല. അതെന്തായാലും എനിക്കും എസ്സൻസിനുമിടയിൽ യോജിക്കാനാവുന്ന വിഷയങ്ങൾ കാലാകാലങ്ങളായി കുറഞ്ഞുവന്നിട്ടുണ്ട്. എന്നുമാത്രമല്ല, എന്നെ വല്ലാതെ അലോസരപ്പെടുത്തുന്ന രീതിയിലാണ് വർത്തമാനകാല കാഴ്ചകൾ. സംവരണവിഷയത്തിലും പൗരത്വനിയമവിഷയത്തിലുമൊക്കെ സോഷ്യലി ഡാമേജിങ് ആയ നിലപാടുകളാണ് എസ്സൻസിന്റേതായി കാണപ്പെടുന്നത് എന്നതിൽ എനിയ്ക്ക് സംശയമൊന്നുമില്ല. അത് പറയുമ്പോഴും, ഇത് ഞാൻ സർട്ടിഫൈ ചെയ്യേണ്ട കാര്യമല്ലാന്നാണ് ഞാൻ കരുതുന്നത്. എന്റെ പേരിലുള്ള ബ്രാൻഡിങ് കാരണമാണ് ഇതൊരു വിധിപ്രസ്താവനയുടെ സ്വരത്തിൽ പറയേണ്ടിവരുന്നത്. അതിനൊക്കെ മറുപടി പറയണം എന്നുംപറഞ്ഞ് ആരും എന്റെ നേരേ വരാതിരിക്കാനായി പറഞ്ഞുവെക്കുന്നതാണ്. എന്റെ സ്കൂളും എസ്സൻസിന്റെ സ്കൂളും വേറെ വേറെയാണ്. (എസ്സൻസിന് പൊതുവായ ഒരു നിലപാടുണ്ടോ, ഏതെങ്കിലും പ്രഭാഷകന്റേയോ കുറേ പ്രഭാഷകരുടേയോ നിലപാടുകൾ സംഘടനയുടെ ഔദ്യോഗിക നിലപാടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇവിടെ ഉയർത്താനാകും. എസ്സൻസിന് പുറമേയുള്ള നിരവധി സ്പെയ്സുകളിൽ ഇടപെടുന്ന ആളെന്ന നിലയിൽ, എസ്സൻസ് പുറത്ത് ക്രിയേറ്റ് ചെയ്യുന്ന വൈബും അതിന് ഞാൻ ഉത്തരവാദിത്വം എടുക്കേണ്ട സാഹചര്യവും മാത്രമാണ് ഇവിടെ എന്റെ കൺസേൺ.)

ഔദ്യോഗികമായും വ്യക്തിപരമായും നിരവധി തിരക്കുകൾ ഉള്ളപ്പോഴും, ഇല്ലാത്ത സമയമുണ്ടാക്കി പ്രഭാഷണപരിപാടികളിൽ പങ്കെടുക്കുന്നതിന് എനിക്ക് വളരെ ലളിതമായ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ; സയൻസ് പറയാനുള്ള ഇഷ്ടം, ആ പ്രവൃത്തിയിൽ നിന്ന് കിട്ടുന്ന ആനന്ദം. പറയാനറിയാവുന്ന കാര്യങ്ങളൊക്കെ ഏതാണ്ട് പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. യൂട്യൂബ് ഇഫക്റ്റ് കാരണം വിളിക്കുന്ന സംഘാടകർക്കൊക്കെ പുതിയ വിഷയങ്ങൾ തന്നെ വേണം താനും. അതുകൊണ്ട് തയ്യാറെടുപ്പിന് ഒരുപാട് സമയമെടുക്കേണ്ടിവരുന്നു. യാത്രകൾക്കുള്ള സമയവും അധ്വാനവും വേറെ. അതിന്റെ പേരിൽ മറ്റൊരുപാട് കാര്യങ്ങൾ പെൻഡിങ്ങിൽ നീണ്ടുനീണ്ടുപോകുന്നു. ഇതൊക്കെ ഈ പ്രവൃത്തിയിൽ നിന്ന് കിട്ടുന്ന സന്തോഷം കാര്യമായി കുറച്ചിട്ടുണ്ട്. അതുകൊണ്ട് ഞാനീ പരിപാടിയിൽ നിന്ന് പതിയേ പിൻവലിയുകയാണ്. ഇതിനകം ഏറ്റിട്ടുള്ള പരിപാടികളൊഴിച്ച് പുതിയതൊന്നും ഉടനെ എടുക്കുന്നില്ല. പൂർണമായും നിർത്തുന്നു എന്നർത്ഥമില്ല. But it’s going to be more choosy, and I have changed priorities.

പ്രധാനകാര്യം ആവർത്തിച്ചുകൊണ്ട് നിർത്തുന്നു. ഞാൻ പറയുന്നതും ചെയ്യുന്നതുമാണ് എന്റെ നിലപാടുകൾ. അഥവാ ഞാൻ ഒരു വിഷയത്തിൽ ഒന്നും പറഞ്ഞിട്ടില്ല എങ്കിൽ അതിനർത്ഥം എനിക്കതേ പറ്റി അറിവില്ല എന്നോ, ഉള്ള അറിവ് വെച്ച് നിലപാടെടുക്കാൻ കഴിയുന്നില്ല എന്നോ, അതുമല്ലെങ്കിൽ അഭിപ്രായം പറയണമെന്ന് തോന്നിയില്ല എന്നോ ആണ്. എല്ലാറ്റിലും അഭിപ്രായം പറയാൻ ബഷീറിന്റെ മൂക്കനൊന്നുമല്ലല്ലോ