Thursday, August 11, 2022

Latest Posts

“തോറ്റ മന്ത്രിക്ക്” ജോലി അങ്ങ് ഡല്‍ഹിയില്‍- ഫോണ്‍ ഇവിടെ തിരുവനന്തപുരത്ത്

റോയി മാത്യു

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട തോറ്റ എംപി ഡോ. എ സമ്പത്തിന് ഡല്‍ഹിയിലാണ് ജോലിയെങ്കിലും ഔദ്യോഗിക ഫോണ്‍ അനുവദിച്ചിരിക്കുന്നത് ഇങ്ങ് തിരുവനന്തപുരത്താണ്. മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി കാബിനറ്റ് പദവിയിലാണ് നിയമനം. ഈ മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം. എന്നാലും എച്ചിത്തരത്തിനൊന്നും ഒരു കുറവുമില്ല.

ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമ്പത്ത് തനിക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരു മൊബൈല്‍ ഫോണും ലാന്റ് ഫോണും അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്തെഴുതി. 9447066840 എന്ന മൊബൈല്‍ നമ്പറും 0471-2326571 എന്ന ലാന്റ് ഫോണ്‍ നമ്പറും തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറുകളായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് കത്ത് നല്‍കി. ഈ രണ്ട് നമ്പറുകളും അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ജനുവരി 21 ന് ഉത്തരവും പുറപ്പെടുവിച്ചു.

ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിക്ക് തിരുവനന്തപുര ത്തെന്തിനാണ് ഔദ്യോഗിക ടെലിഫോണ്‍ എന്നകാര്യം ഉത്തരവ് പുറപ്പെടുവിച്ച സര്‍ക്കാരോ വകുപ്പ് മേധാവികളൊ ആലോചിച്ചതുപോലുമില്ല. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതിന്റെ ഓരോ പുതു വഴികളാണിവ. ഈ രണ്ട് ടെലിഫോണുകളുടെയും ബില്ലുകള്‍ ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുടെ അക്കൗണ്ടില്‍നിന്ന് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍, എന്നീ തസ്തികകളും സമ്പത്തിനായി സൃഷ്ടിച്ചിട്ടുണ്ട്. സമ്പത്തിന് അലവന്‍സ് ഉള്‍പ്പെടെ മാസം 90,000 രൂപയോളം വേതനമുണ്ട്. ഇതിനു പുറമെ വാഹനവും ഔദ്യോഗിക വസതിയും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷ്ണര്‍ ഉണ്ടായിരിക്കെയാണ് തോറ്റ എംപിയായ സമ്പത്തിനെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കാനുളള പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനാണ് ഇദ്ദേഹത്തെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അത്തരത്തില്‍ ഇദ്ദേഹത്തിന്റെ ശ്രമഫലമായി എന്തെങ്കിലും നേടിയെടുത്തതായി ആര്‍ക്കും അറിയില്ല. എന്നാലും പാഴ്ചിലവുകള്‍ക്ക് ഒരു കുറവുമില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് തെളിയിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ ജനങ്ങൾ ഇങ്ങേരെ തോൽപ്പിച്ചതിന്റെ പ്രതികാരം ഉടനൊന്നും അവസാനിക്കുന്ന മട്ട് കാണുന്നില്ല.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.