Sat. Apr 20th, 2024

നിലപാടുകളുടെ കാര്യത്തിൽ കടുകിട വിട്ടുവീഴ്ചയില്ലാത്ത ഇൻഡ്യയിലെ ഏക രാഷ്ട്രീയ പാർട്ടിയായ സിപിഎംൻറെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ വീണ്ടും വിശദീകരണവുമായി രംഗത്ത്. പന്തീരാങ്കാവ് വിഷയത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം വീണ്ടും ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാരിന് നിയമപരമായാണ് മുന്നോട്ട് പോകാനാകുക എന്നാണ് താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അതിനെ മുഖ്യമന്ത്രിക്ക് എതിരാക്കി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരേ നിലപാടാണ്. എന്നാണ് പിമോഹനൻ പറയുന്നത്.

യു.എ.പി.എ കേസ് അതിന്റെ പരിശോധനാ സമിതിക്ക് മുന്നിലെത്തുമ്പോള്‍ ഒഴിവാക്കപ്പെടുമെന്ന് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയിരുന്നെന്നും എന്നാൽ കേരളത്തിലെ ചില ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അലന്റെയും താഹയുടെയും കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും പി. മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ കേരളത്തില്‍ 132 യു.എ.പി.എ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ യു.എ.പി.എയ്ക്ക് എതിരെ അവര്‍ രംഗത്ത് വരുന്നത് രാഷ്ട്രീയ നാടകമാണെന്നും പി. മോഹനന്‍ പറഞ്ഞു.

എന്നാൽ പന്തീരാങ്കാവ് കേസില്‍ പോലീസ് നല്‍കിയ വിവരമനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാരിന് അങ്ങനെയെ ചെയ്യാനാകൂ എന്നുമായിരുന്നു പി. മോഹനന്റെ ആദ്യത്തെ പ്രസ്താവന. അലന്‍ ഷുഹൈബും താഹയും കുട്ടികളാണ്. അവര്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ തിരുത്തേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പാര്‍ട്ടി ഒരു നടപടിയും അവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. അവരെ സംരക്ഷിക്കുന്നതില്‍ നിന്ന് പാര്‍ട്ടി പിന്‍മാറിയിട്ടില്ലെന്നും ആയിരുന്നു മോഹനന്‍ രാവിലെ പറഞ്ഞത്.

എല്ലാം തൂത്തുകളഞ്ഞതായും ഇനിയൊരു പ്രസ്താവന ഉണ്ടാകുന്നതുവരെ പുതിയ പ്രസ്താവനയായിരിക്കും ഔദ്യോഗിക പ്രസ്താവനയെന്ന് അറിയിച്ചുകൊള്ളുന്നു.