Thu. Mar 28th, 2024

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം ചേരാനും പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെന്‍സസ് ഡയറക്ടറെ അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ സെന്‍സസ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും.

തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മേശപ്പുറത്താണുള്ളത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനോ തിരിച്ചയക്കാനോ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കിലും ഓര്‍ഡിനന്‍സിലെ അതേ കാര്യങ്ങള്‍ തന്നെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ബില്ല് തയ്യാറാക്കിയിട്ടുള്ളത്. 20 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് ബദല്‍ എന്ന നിലയിലാണ് ബില്ലിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനുള്ള ശിപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.