Thu. Apr 18th, 2024

പ്രതിഷേധ സാധ്യതയുള്ളതിനാൽ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി കോഴിക്കോട്ട് മുന്‍നിശ്ചയിച്ച പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്മാറി. കോഴിക്കോട്ടു നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി നിശ്ചയിച്ചിരുന്നത്.

സുരക്ഷാ കാരണങ്ങളാണ് പരിപാടി ഒഴിവാക്കുന്നതെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. തുറസായ വേദിയായതിനാലാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഡിസി ബുക്ക്‌സ് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗവര്‍ണറുടെ പരിപാടി നടക്കേണ്ടിയിരുന്നത്. കടപ്പുറത്ത് അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ പിന്മാറ്റമെന്ന് രവി ഡിസി പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അനൂകൂല പ്രസ്താവനകളെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനത്ത് വന്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് സമ്മേളന വേദിയിലും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. ഇതോടെ സമാന സാഹചര്യം കോഴിക്കോടും മുന്നില്‍ക്കണ്ടാണ് ഗവര്‍ണറുടെ പിന്മാറ്റമെന്നും സൂചനയുണ്ട്.