Fri. Mar 29th, 2024

ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച ഉച്ചക്ക് വീണ്ടും ഡല്‍ഹി ജുമാ മസ്ജിദിലെത്തി. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചതിന് ഡിസംബര്‍ 20നാണ് ആസാദ് അറസ്റ്റിലായത്. ആയിരങ്ങളാണ് ഇന്ന് ആസാദിനെ വരവേറ്റത്.

കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ആസാദ് ജയില്‍മോചിതനായത്. ജുമുഅ നിസ്‌കാരം കഴിഞ്ഞ സമയത്ത് ഭരണഘടനയുമായി ജുമ മസ്ജിദില്‍ എത്തിയ ആസാദ് ഭരണഘടനാ വാചകങ്ങള്‍ വായിച്ചു. ഭരണഘടനയുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്തു.

ഭരണഘടന അനുശാസിക്കുന്ന വഴിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും ആസാദ് പ്രഖ്യാപിച്ചു. കരിനിയമം പിന്‍വലിക്കും വരെ സമരം തുടരും. ജാമ്യം നല്‍കിയപ്പോള്‍ തീസ് ഹസാരി കോടതി നിഷ്‌കര്‍ഷിച്ച വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കുമെന്നും ആസാദ് പറഞ്ഞു.