Thu. Mar 28th, 2024

പൗരത്വ നിയമത്തില്‍ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നു. പൗരത്വ നിയമത്തിനെിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലടക്കം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ എതിര്‍പ്പ് പരസ്യമാക്കി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഗവര്‍ണര്‍.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ നയപരവും നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാനുമുള്ള സംസ്ഥാനത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിന് അതിന് അവകാശവുമുണ്ട്. എന്നാല്‍ ഭരണഘടനാ തലവനെന്ന നിലയില്‍ തന്നെ അറിയിക്കേണ്ട ബാധ്യതയും സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണര്‍ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഗവര്‍ണറുടെ പദവി സര്‍ക്കാറിന് മീതയല്ലെന്നും ഭരണഘടന വായിച്ച് പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.