Fri. Mar 29th, 2024

മൃതദേഹ സംസ്‌കാരം സംബന്ധിച്ച ഓര്‍ഡിനന്‍സിൽ കലിയിളകി മുഖ്യന്ത്രി പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ജനാധിപത്യം എന്തെന്ന് ഭരിക്കുന്നവര്‍ക്ക് അറിയില്ലെന്നും സഭ പഠിപ്പിച്ചുതരാമെന്നുമാണ് പറയുന്നത്. മൃതദേഹ സംസ്‌കാരം സംബന്ധിച്ച ഓര്‍ഡിനന്‍സ് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും വ്യക്തതയില്ലാത്ത ഇത്തരം ഓര്‍ഡിനന്‍സിന് പിന്നില്‍ നിരീശ്വരവാദി ഭരിക്കുന്നതിന്റെ പ്രശ്‌നമാണ് എന്നും യുഹനാന്‍ മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത.

ഓര്‍ത്തഡോക്സ് – യാക്കോബായ തർക്കത്തെത്തുടർന്ന് ദിവസങ്ങളോളം ശവം പോലും മറവുചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് സർക്കാർ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. പൊതുശ്‌മശാനങ്ങൾ ഉണ്ടെങ്കിലും കുഞ്ഞാടുകൾക്ക് മൃതദേഹങ്ങള്‍ ഇടവക പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്തില്ലെങ്കിൽ അന്തിമദിവസം ഉയിർപ്പിക്കാനായി വരുമ്പോൾ കൂടെ സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ലെന്ന് നിരീശ്വരവാദിയായ പിണറായിക്കുണ്ടോ അറിയുന്നു? യേശു വീണ്ടും വന്ന് സ്വർഗ്ഗത്തിൽ കൊണ്ടു പോകുമ്പോൾ വികലാംഗരായി പോകാതിരിക്കാനാണ് ക്രിസ്ത്യാനികൾ മരണശേഷം പോലും അവയവദാനം ചെയ്യില്ലാത്തത്.

മാമോദീസാ മുങ്ങുമ്പോൾ അതാത് സഭക്കാരുടെ സ്വർഗ്ഗത്തിലെ അഡ്മിഷൻ രജിസ്റ്ററിൽ പേര് ചേർക്കുന്ന ജീവൻറെ പുസ്തകവുമായി ഓരോ സഭക്കാരുടെയും യേശുമാർ വന്ന് ഹാജർ വിളിക്കുമ്പോൾ എഴുനേറ്റ് സ്വർഗ്ഗത്തിൽ പോകാനുള്ളതിനാൽ തോന്നുന്നിടത്തൊക്കെ അടക്കം ചെയ്ത് യേശുമാർക്ക് ബുദ്ധിമുട്ടും കൺഫ്യൂഷനും ഉണ്ടാകാതിരിക്കാനും സ്വർഗ്ഗത്തിൽ പോക്ക് തടസ്സപ്പെടാതിരിക്കാനും ആണ് അതാത് ഇടവകകളിൽ തന്നെ അടക്കുന്നത്. നിരീശ്വരവാദിയായ പിണറായിക്ക് ഇത് എങ്ങനെ മനസിലാകാനാണ്?

സര്‍ക്കാര്‍ ഓർഡിനൻസിനെ തുടർന്ന് ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗത്തിൽ പെട്ടവരെ തോന്നുന്നിടത്തെല്ലാം തോന്നുന്നതുപോലെ അടക്കി ഇരു വിഭാഗങ്ങളുടെയും യേശുമാരെ കൺഫ്യൂഷനാക്കാനും ബുദ്ധിമുട്ടിക്കാനുമുള്ള ദൈവ നിന്ദയാണ് ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിലൂടെ ചെയ്തിരിക്കുന്നത്.

‘സഭാ തര്‍ക്കം മൃതദേഹം അടക്കം ചെയ്യാന്‍ തടസമാകരുത്. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്കം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഓർഡിനൻസ്. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാ തര്‍ക്കം ശവസംസ്കാരത്തിന് ബാധകമാകില്ല’- തുടങ്ങിയ കാര്യങ്ങളാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.

സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിസുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം പല പള്ളികളിലുമുണ്ടായിരുന്നു. ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ വരിക്കോലി പള്ളിയില്‍ നടന്ന ശവ സംസ്‌കാരം ആണ് സുനഹദോസ് സെക്രട്ടറി യുഹനാന്‍ മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്തയെ ചൊടിപ്പിച്ചിരിക്കുന്നത്. ജനാധിപത്യം എന്തെന് ഭരിക്കുന്നവര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും സുപ്രീംകോടതി വിധി മറികടക്കാനുള്ള ഗൂഢതന്ത്രം മാത്രമാണ് ഓര്‍ഡിനന്‍സിന് പിന്നില്‍ എന്നുമാണ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത ആരോപിക്കുന്നത്

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അടി കിട്ടിയതില്‍ സന്തോഷിക്കുന്നവര്‍ ഭാവിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും, ഇക്കാര്യത്തില്‍ നിയമ നടപടികള്‍ തുടരുമെന്നും സഭാ നേതൃത്വം പത്ര സമ്മേളനത്തില്‍ സർക്കാരിനെ ഭീഷണിപ്പെടുത്തി .ശവസംസ്കാര വിഷയവുമായി സര്‍ക്കാരിനെതിരെ തുറന്ന യുദ്ധത്തിന് ഒരുങ്ങുകയാണെന്ന സൂചനയാണ് പത്രസമ്മേളനത്തിൽ ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയത്. കടകംപള്ളിജിയെയും സുനിൽകുമാർജിയെയും പോലെ വിശ്വാസസംരക്ഷകർ ധാരാളമായി മന്ത്രിസഭയിലും, അതിലും അധികമായി പാർട്ടി നേതൃത്വത്തിലും ഉണ്ടെങ്കിലും സഭ ഇപ്പോഴും നിരീശ്വരവാദികളുടെ സർക്കാരായിട്ടാണ് പിണറായി സർക്കാരിനെകാണുന്നത്. നിരീശ്വരവാദി എന്ന പഴികേൾക്കാനും പരിശുദ്ധ പിതാക്കന്മാരുടെ ശാസനയും ഭത്സനവും ഏറ്റുവാങ്ങാനും പിന്നെയും പിണറായിയുടെ ജീവിതം ബാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ?