Fri. Mar 29th, 2024

ക്രിസ്ത്യന്‍ പള്ളികളില്‍ വിശ്വാസികള്‍ക്ക് കുർബാനയ്ക്ക് അപ്പവും വീഞ്ഞും നല്‍കുമ്പോള്‍ ശുചിത്വം ഉറപ്പാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയത്തെ ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്

അപ്പവും വീഞ്ഞും വിശ്വാസികള്‍ക്ക് പുരോഹിതര്‍ നല്‍കുന്നത് ഒരേ പാത്രത്തില്‍ നിന്നാണെന്നും ഉമിനീര്‍ കലരാന്‍ ഇടയുണ്ടെന്നും ഇത് എച്ച് 1 എന്‍ 1 പോലുള്ള രോഗങ്ങള്‍ പകരാന്‍ ഇടയാക്കുമെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. സര്‍ക്കാരിനും വിവിധ മതമേലധ്യക്ഷമാര്‍ക്കും നിവേദനം നല്‍കിയിട്ടും ഫലമില്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

അപ്പവും വീഞ്ഞും ശുചിത്വമില്ലാതെയാണ് നല്‍കുന്നതെന്ന് കാണിക്കാന്‍ ഹര്‍ജിക്കാരന്‍ തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ഏകീകൃത രീതി നിര്‍ദേശിക്കാന്‍ കോടതിയ്ക്ക് ആവില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിശദമായ ഉത്തരവ് കോടതി പിന്നീട് പറയും

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കുര്‍ബാന മധ്യേയാണ് അപ്പവും വീഞ്ഞും നല്‍കുന്നത്. ചിലയിടത്ത് കൈകളില്‍ നല്‍കുമ്പോള്‍ പല ദേവാലയങ്ങളിലും വൈദികര്‍ അപ്പവും വീഞ്ഞും വിശ്വാസികളുടെ നാവില്‍ വെയ്ക്കുകയാണ് പതിവ്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ ന്നിരുന്നു.

ഇതിനും മുമ്പേ മാർത്തോമ സഭാ വിശ്വാസിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജനുമായിരുന്ന ഡോ. പി. എ. തോമസ്, സംസ്ഥാന ആരോഗ്യ വകുപ്പിന് 22/05/2018 ൽ ഒരു കത്തെഴുതി- ” കുർബാനയിൽ ചെറിയ അപ്പം പട്ടക്കാരൻ കൈ കൊണ്ട് സ്വീകർത്താവിന്റെ വായിൽ വെച്ചു കൊടുക്കുമ്പോൾ പട്ടക്കാരന്റെ കൈവിരലുകളിൽ സ്വീകർത്താവിന്റെ ഉമിനീർ പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണിൽ എല്ലാവരുടേയും വായിൽ പകരുമ്പോൾ പല സ്വീകർത്താക്കളുടേയും നാക്കിലും പല്ലിലും സ്പർശിക്കുകയും സ്പൂണിൽ ഉമിനീര് പുരളുകയും ചെയ്യുന്നു. ഇത് വളരെ അനാരോഗ്യ കരമാണ്. ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യൻ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളിൽ തുടരുന്നുണ്ട്. എന്ന് കത്തിൽ പറയുന്നു.

കേരളത്തിലെ പല പരിഷ്കൃത സഭകളും ചെയ്യുന്നതു പോലെ അപ്പം സ്വീകർത്താവിന്റെ കൈകളിലും വീഞ്ഞ് ചെറു കപ്പുകളിലും നൽകിയാൽ ഒരാളിന്റെ ഉമിനീർ മറ്റൊരാളിലേക്ക് പകരാതിരിക്കും. ഈ രീതി അടിയന്തരമായി കേരളത്തിലെ എല്ലാ പള്ളികളിലും നടപ്പാക്കി നിരപരാധികളായ ജനങ്ങളെ ഇത്തരം മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നപേക്ഷിക്കുന്നു .- ”എന്നാണ് ആരോഗ്യ വകുപ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡോ. പി. എ തോമസ് എഴുതിയ കത്ത്.

എന്നാൽ ഇന്ന് വലിയ ആചാരമാണ് കുർബാനയെന്നും അതിന്‌ മാറ്റം വരുത്തിക്കൂടെന്ന് വാദിച്ചവരും അതുകേട്ട് പേടിച്ച് ആചാരലംഘനത്തിന് മുതിരാതെ കടകംപള്ളിയിസത്തിൽ പറയുംപോലെ മതപണ്ഡിതർക്ക് വിടാനും തീരുമാനിച്ച ഹൈക്കോടതിക്ക്  സൗകര്യ പൂർവം തട്ടിക്കൂട്ടുന്ന ഓരോ സമ്പ്രദായങ്ങൾ ആണിതൊക്കെയെന്ന് മനസിലാക്കാൻ നിപ്പാവൈറസ് കാലത്തെ ഇടയലേഖനം ഒന്നുവായിച്ചാൽ മതിയായിരുന്നു.

യേശുവിന്റെ കുരിശ് മരണത്തിന്റെ തലേന്ന് ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് കുർബാന ആചരിക്കുന്നത് എന്നാണ് ഞായറാഴ്ചകളിൽ പള്ളികളിൽ നടക്കുന്ന ബാലെമോഡൽ സ്കിറ്റിൻറെ ഐതീഹ്യം. എന്നാൽ അപ്പവും വീഞ്ഞും വിശ്വാസികൾക്ക് എങ്ങനെ കൊടുക്കണമെന്ന് ബൈബിളിലൊന്നും പറഞ്ഞിട്ടുമില്ല. എങ്കിലും സ്കിറ്റിൻറെ അവസാനം പശ്ചാത്തല സംഗീതത്തിൻറെ അകമ്പടിയോടെ നടക്കുന്ന ഈ വായിൽ കൊടുപ്പ് ആചാരമായി മാറിക്കഴിഞ്ഞസ്ഥിതിക്ക് കേരളത്തിൽ ഇനിയവ അലംഘനീയങ്ങളാണെന്നത് ന്യായമാണ്.

ഇതിനൊന്നും പ്രത്യേകിച്ച് തിയോളജിക്കൽ ബാക്ക് ഗ്രൗണ്ടുമില്ല.- ഉണ്ടെങ്കിൽ വായിൽ കൊടുക്കുന്ന അപ്പം കൈയ്യിൽ സ്വീകരിച്ചാ മതിയെന്ന് പറഞ്ഞ് വിശ്വാസികൾക്ക് ബിഷപ്പ് കത്തെഴുതില്ലല്ലോ? ജീവനിൽ കൊതിയുള്ള താമരശ്ശേരി മെത്രാൻ ഇടയ ലേഖനം ഇറക്കിയത് നമുക്ക് മറക്കാനാവുമോ? വട്ടായി , കുട്ടായി തുടങ്ങിയ ഉഡായിപ്പുകൾ നിപ്പ വൈറസുകാലത്ത് രോഗശാന്തി കച്ചവടം ഒക്കെ നിർത്തി മടയിൽ ഒതുങ്ങി കിടക്കുകയായിരുന്നു എന്ന കാര്യം മറക്കണ്ട.നിപ്പ വൈറസ് മലേഷ്യയിൽ പടർന്നു പിടിച്ചപ്പോൾ അവിടുത്തെ സർക്കാർ നിയമം മൂലം കുർബാന നിരോധിച്ചിരുന്നുവെന്ന് ഡോ. തോമസിന്റെ കത്തിൽ പറയുന്നുണ്ട്.

ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ Qualified Private Medical Pratitioners ‘Association – QPMPA 2017 ജനുവരിയിൽ കേരള കത്തോലിക്ക മെത്രാൻ സമിതി, ഓർത്തഡോക്സ് സഭ, യാക്കോബായ സഭ, മാർത്തോമ്മ സഭ, സി എസ് ഐ എന്നീ പ്രധാന പ്പെട്ട സഭകൾ ക്ക് നി(ലവിൽ കുർബാന നൽകുന്ന നടപടി ക്രമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ആദ്യം കത്ത് നൽകിയിരുന്നു. – ഉമിനീരിലൂടെയും സ്പർശനത്തിലൂടെ മാരക രോഗങ്ങൾ പകരുന്നത് തടയാനുള്ള മാർഗമെന്ന നിലയിലാണ് ഡോക്ടറന്മാരുടെ സംഘടന മെത്രാന്മാരോടും സഭാ നേതൃത്വങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടത്. പക്ഷേ, സഭാ നേതൃത്വങ്ങൾ ഇക്കാര്യത്തോട് പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നാണ് QPMPA പ്രസിഡന്റ് ഡോ. ബേബി പറഞ്ഞത്.

ഈ ആചാരങ്ങളൊക്കെ വെറും തട്ടിക്കൂട്ടുകളാണെന്ന് ആചാരസംരക്ഷകരോടും കോടതിയോടും ഉറപ്പിച്ചു പറയാൻ കഴിയുന്ന മറ്റൊരു തെളിവുകൂടി ഇതാ –

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ സഭയുടെ മെത്രാപ്പോലീത്ത ആയിരുന്ന കാലത്ത് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്. കെ.ടി. തോമസ്, ഡോ പി.എ തോമസ് എന്നിങ്ങനെ കുറെ വിശ്വാസികൾ തങ്ങൾക്ക് അപ്പം കൈയ്യിൽ തന്നാൽ മതിയെന്ന് കാണിച്ച് സഭയ്ക്ക് കത്ത് നൽകിയിരുന്നു. – 2005 ജനുവരി 11/12 തീയതികളിൽ കൂടിയ മാർത്തോമ്മ സഭയുടെ സിനഡ് ഇവരുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. – “‘The reis no restriction laid down for the Bread being placed in the hands of the Communicants. But the general practice and Custom is to give it in the mouth.” ഇങ്ങനെ ഒരു കത്ത് ഡോ. പി. എ. തോമസിനും ജസ്റ്റിസ് (റിട്ട) കെ.ടി. തോമസിനും ക്രിസോസ്റ്റം മെത്രാപ്പോലീത്ത നൽകിയിട്ടുണ്ട്.

എന്താണ് ഇതിനർത്ഥം? കുർബാന വിതരണം ചെയ്യുന്നതിന് നിയതമായ അനുഷ്ഠാന ക്രമങ്ങളൊന്നുമില്ല. ഉണ്ടെങ്കിൽ ഇത്തരം വിട്ടുവീഴ്ചകൾ മെത്രാൻമാർ അനുവദിക്കുമോ? ജീവനിൽ കൊതിയുള്ള താമരശ്ശേരി മെത്രാൻ ഇടയ ലേഖനം ഇറക്കിയത് ആചാരലംഘനമായിരുന്നെന്ന് നമുക്ക് പറയാനാവുമോ?