Thu. Mar 28th, 2024

ഐസിസിൽ ചേർന്ന മലയാളി വനിതകൾ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനില്‍ കീഴടങ്ങിയ ഐസിസ് ഭീകരരിലും കുടുംബാംഗങ്ങളിലും പെട്ട 10 ഇന്ത്യക്കാരിലെ മലയാളി വനിതകളാണ് തടവിൽ കഴിയുന്നതായി റിപ്പോർട്ടുള്ളത്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം അറിയിച്ചത്‌.

മൊത്തം 10 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐസിഎസ് ഭീകരരുടെ വിധവകളാണ് ഇവരെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു. ഐസിസ് ഭീകരര്‍ക്കൊപ്പം കീഴടങ്ങിയ കുടുംബാഗങ്ങളെ ആകും ആദ്യം ഇന്ത്യയ്ക്കു കൈമാറുമെന്നു നേരത്തേ അഫ്ഗാന്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇവരെ തിരികെ എത്തിക്കുന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയിൽ കീഴടങ്ങിയ 600 പേരടങ്ങുന്ന ഐസിസ് സംഘത്തിൽ തിരുവനന്തപുരം സ്വദേശിനിയും കുടുംബവും ഉണ്ടെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷയും കുടുംബവുമാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലുള്ളതെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു വ്യക്തമാക്കിയിരുന്നു. വിദേശ മാദ്ധ്യമങ്ങൾ വഴി ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. 2016 ജൂലായിലാണ് നിമിഷയും കുടുംബവും കാസർകോട് നിന്ന് ഐസിസിലേക്ക് പോയത്. നിമിഷയോടൊപ്പം ഭർത്താവും മൂന്നുവയസുകാരിയായ മകൾ ഉമ്മുക്കുൽസു എന്നിവരുമുണ്ടായിരുന്നു.

ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കാസർകോട് ഡെന്റൽ കോളേജിലെ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിക്കുകയായിരുന്നു.