Tue. Apr 16th, 2024

കവിയൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തള്ളി. കേസില്‍ തുടരന്വേഷണത്തിനും കോടതി നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയെ അച്ഛനോ കുടുബവുമായി ബന്ധപ്പെട്ടവരോ ആകാംപീഡിപ്പിച്ചതെന്നാണ് നാലാമത്തെ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നത്.കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായരാണ് കവിയൂര്‍ കേസിലെ ഏക പ്രതി

മരിച്ച അനഘയെ പീഡിപ്പിച്ചത് അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണെന്നായിരുന്നു ആദ്യ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നില്ല .അതേ സമയം പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ഇവരെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ നാരാണന്‍ നമ്പൂതിരിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ അനഘ മരിക്കുന്നതിന് 72മണിക്കൂര്‍ മുമ്പ് പീഡനത്തിനിരയായതായി കണ്ടെത്തിയത്.

അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ക്ക് കാഴ്ചവെച്ചതിന്റെ മനോവിഷമത്തിലാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കിളിരൂര്‍ പീഡന കേസിലെ മുഖ്യപ്രതിയായ ലതാ നായര്‍ ഈ കുടുംബത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.