Tue. Apr 23rd, 2024

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ പ്രമേയം പാസാക്കാന്‍ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പിരിഞ്ഞു. പൗരത്വ ഭേദഗതി നിയമം കേന്ദ്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രിയാണ് സഭയില്‍ അവതരിപ്പിച്ചത്. പ്രമേയാവതരമത്തിന് ശേഷം നടന്ന ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കു ശേഷം പ്രമേയം നിയമ സഭ പാസാക്കി. ബി ജെ പി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്.

മതനിരപേക്ഷതക്ക് എതിരാണ് നിയമമെന്ന് പ്രമേയാവതരണത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. മൗലികമായി സമത്വത്തിന്റെ ലംഘനമാണ് ഈ നിയമം. മതം അടിസ്ഥാനമാക്കി പൗരത്വം നിശ്ചയിക്കുന്നത് വിവേചനമാണ്. മൗലികാവകാശമായ സമത്വത്തിന്റെ ലംഘനംകൂടിയാണ് നിയമമെന്നും മതനിരപേക്ഷത തകര്‍ക്കുന്ന നിയമം റദ്ദാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

പൗരത്വ ഭേദഗതി നിയമം നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിന്റേയല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു പോകേണ്ടതാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ പ്രകാരം സെന്‍സസ് നടപടികള്‍ നടത്തുന്നത് ആശങ്കക്ക് ഇടയാക്കും. അതിനാലാണ് ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തയാറാക്കുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുളള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ല. തടങ്കല്‍പ്പാളയങ്ങള്‍ക്കുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രമേയം ചരിത്രത്തില്‍ ഇടംനേടും. പൗരത്വ ഭേദഗതി നിയമം റദ്ദാക്കി രാജ്യത്തെ ജനത ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് തയാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കെ ബി ഗണേഷ് കുമാര്‍, പി സി ജോര്‍ജ്, വി ഡി സതീശന്‍ , എം സ്വരാജ് എന്നിവരും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.

രാഷ്ട്രീയവും രാഷ്ട്രവും രണ്ടല്ലന്നും രാഷ്ട്രമെന്ന കാര്യത്തെപ്പറ്റി ഗൗരവമായി ചിന്തിക്കണമെന്നും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ബിജെപിയിലെ ഏക അംഗമായ ഒ രാജഗോപാല്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്കെതിരല്ല . അബുദ്ുള്‍ കലാമിന് രാഷ്ട്രപതിയാക്കിയ രാജ്യമാണിത്. പുതിയ നിയമത്തില്‍ ഇന്ന മതക്കാര്‍ക്കെ പൗരത്വം കൊടുക്കാവു എന്ന് പറഞ്ഞിട്ടില്ല. ഇന്ന് വീരവാദം പറയുന്നവരാണ് മത അടിസ്ഥാന്തില്‍ രാജ്യത്തെ വെട്ടിമുറിച്ചതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. പ്രധാന അജന്‍ഡയ്ക്ക് പുറമേ മറ്റു അജന്‍ഡയായി ഈ വഷയം പരിഗണിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്.

അതേ സമയം പട്ടികജാതി പട്ടിക വര്‍ഗ സംവരണംസംബന്ധിച്ചും ആംഗ്ലോ ഇന്ത്യന്‍ സംവരണം സംബന്ധിച്ചുമുള്ള മുഖ്യമന്ത്രി നേരത്തെ അവതരിപ്പിച്ച പ്രമേയങ്ങള്‍ സഭ ഐക്യകണ്‌ഠേന പാസാക്കി.