Fri. Mar 29th, 2024

✍️  സുരേഷ്.സി.ആർ

1885-ൽ, ബ്രിട്ടീഷ് ഭരണകാലത്ത് അലൻ ഒക്ടാവില്ലൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച എന്നിവർ ചേർന്നാണ് ബോംബെയിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് രൂപീകരിച്ചത്. ഡബ്ല്യു.സി. ബാനർജിയായിരുന്നു ആദ്യത്തെ അധ്യക്ഷൻ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും കേന്ദ്ര ബിന്ദുവായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല.

1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനമാണ് കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്.

1897ൽ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരാണ് ആ പദവിയിലെത്തുന്ന ആദ്യമലയാളി. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലനേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ എം.കെ.ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. ഗാന്ധിക്കു മുൻപ് ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, മുഹമ്മദ് അലി ജിന്ന, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.