Thu. Mar 28th, 2024

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മൂളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അപവാദപ്രചാരണങ്ങളും മാനസീക പീഡനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി മാനന്തവാടി മുന്‍സിഫ് കോടതി താൽകാലികമായി മരവിപ്പിച്ചു. എഫ്‍സിസി സന്യാസി സമൂഹത്തില്‍ നിന്ന് ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് ഫോര്‍ ലൂസി എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയാണ് സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സഭയുടെ നിയമങ്ങള്‍ക്കനുസരിച്ചുള്ള ജീവിത ശൈലിയല്ല സിസ്റ്റര്‍ ലൂസി കളപ്പുര തുടര്‍ന്നുപോരുന്നതെന്ന് ആരോപിച്ചാണ് അവരെ എഫ്‍സിസി സന്യാസി സമൂഹം പുറത്താക്കിയത്. ഇതിനെതിരെ ലൂസി കളപ്പുര വത്തിക്കാനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മ തീരുമാനിച്ചത്.