Thu. Mar 28th, 2024

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും യോജിച്ച് നടത്തുന്ന സംയുക്ത സത്യഗ്രഹ സമരം ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.

സാംസ്കാരിക, കലാ, സാഹിത്യ മേഖലകളിലെ പ്രമുഖരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമുള്ളവരും, നവോത്ഥാന സമിതി പ്രവർത്തകരും പങ്കാളികളാവും. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് കേരളം ഒറ്റക്കെട്ടായി ഉയർത്തുന്ന ശബ്ദത്തോട് എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ഇന്ന് അടിയന്തര എൽ.ഡി.എഫ് യോഗം ചേർന്ന് ഭാവി സമര പരിപാടികൾ ആലോചിക്കും. യു.ഡി.എഫ് നേതൃയോഗവും ഉടൻ ചേർന്ന് വിഷയത്തിൽ സ്വന്തം നിലയ്ക്കുള്ള പ്രതിഷേധ പരിപാടികൾ തീരുമാനിക്കും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 19ന് വൈകിട്ട് ജില്ലാ കേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ പ്രതിഷേധ കൂട്ടായ്മ നടക്കും.