Fri. Mar 29th, 2024

റോയി മാത്യു

കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മ, താൻ സീറോ മലബാർ സഭയിലെ വൈദികനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം താമരശ്ശേരി ബിഷപ്പിനെ രേഖാമൂലം അറിയിച്ചിട്ടും നിയമ പരമായ നടപടികൾ സ്വീകരിക്കാതിരുന്ന ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം. ഗുരുതരമായ ഒരു കുറ്റകൃത്യത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പ്രതിയെ സംരക്ഷിക്കാൻ തുനിഞ്ഞ ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് എന്തിനാണ് മടിക്കുന്നത്.

വൈദികന്‍ മനോജ് പ്ലാക്കൂട്ടത്തിൽ തന്നെ ബലാൽസംഗം ചെയ്ത വിവരം വീട്ടമ്മ ആദ്യം പരാതിയായി നല്‍കിയത് ബിഷപ്പിനായിരുന്നു. എന്നാല്‍ ബിഷപ്പില്‍ നിന്നും നീതി ലഭിച്ചില്ല. മതപരമായ സംഘടനയുടെ ഇടപെടലിലൂടെ നീതി കിട്ടുമെന്ന് കരുതിയാണ് പരാതി വൈകിയതെന്നും വീട്ടമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനാണ് ഈ വിവരം പുറത്തു കൊണ്ട് വന്നത്.

ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിലിന് പരാതി നല്‍കിയെങ്കിലും അദ്ദേഹം നീതിപൂര്‍വമായ വിധത്തില്‍ ഇടപെട്ടില്ല. പരാതി നല്‍കിയപ്പോള്‍ രണ്ട് വൈദികരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആരോപണത്തിന് പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. അതുകൊണ്ട് തന്നെ പൊലീസില്‍ അന്ന് പരാതി നല്‍കിയില്ല. പരാതി നല്‍കാതിരിക്കാന്‍ സഭയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായതായും പൊലീസിന് വീട്ടമ്മ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഉന്നാവിലെ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത ബി ജെ പി എം എൽ എ യെ സംരക്ഷിക്കാൻ ഭരണ നേതൃത്വം ശ്രമിച്ചതിന് സമാനമായ സാഹചര്യമാണ് കോഴിക്കോടും ഉണ്ടായിരിക്കുന്നത്. തന്റെ രൂപതയിൽ പ്പെട്ട ഒരു വിശ്വാസി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് സഭാ മേലധ്യക്ഷനായ ബിഷപ്പിന് പരാതി നൽകിയിട്ടും പ്രതിയെ സംരക്ഷിക്കാൻ തയ്യാറായ ഇഞ്ചനാനിയേലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് എന്തിന് മടിക്കുന്നു സാധാരണക്കാരനായ ഒരു വ്യക്തിക്ക് ബിഷപ്പിന് ഇപ്പോൾ ലഭിരുന്ന നിയമ സൗജന്യങ്ങൾ കിട്ടുമോ എന്ന് സംസ്ഥാന പോലീസ് മേധാവിക്ക് പറയാനാവുമോ?

“താമരശ്ശേരി ബിഷപ്പിനെ ചെന്ന് കണ്ട് സങ്കടം പറഞ്ഞു . ബിഷപ്പിൽ നിന്ന് എനിക്ക് നീതി കിട്ടിയില്ല. പിന്നീട് ബിഷപ്പ് ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ രണ്ട് അച്ചമ്മാരെ വീട്ടിലേക്ക് അയച്ച് അന്വേഷിച്ചിരുന്നു. ഓരോ അവധികൾ പറഞ്ഞ് ഈ കാര്യത്തിൽ പരിഹാരമുണ്ടാക്കുമെ ന്ന് വിശ്വസിച്ചതിനാലാണ് ഞാൻ പോലീസിൽ പരാതിപ്പെടാൻ ഇത്രയും വൈകിയത് ” , . എന്നാണ് ഇരയുടെ മൊഴിയിൽ പറയുന്നത്.

ഗുരുതരമായ കുറ്റകൃത്യം മറച്ചുവെച്ച ഇയാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പിന്നെ എന്ത് നീതിയും നിയമവുമാണ് സർക്കാരിവിടെ നടപ്പാക്കാൻ ഒരുങ്ങുന്നത്. പതിവുപോലെ വനിതാ കമ്മീഷനും കാക്കത്തൊള്ളായിരം സ്ത്രീ സംരക്ഷക പെൺപുലികളും പള്ളീലച്ചന്മാരുടെ പീഡനത്തെക്കുറിച്ച് മുണ്ടാട്ടം മുട്ടി നിൽക്കയാണ്.