Fri. Mar 29th, 2024

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷമായി മാറുന്നു. തെക്കന്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയ്ക്കു സമീപമാണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടായത്. ഡല്‍ഹി ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് അരങ്ങേറുന്നത്. അഞ്ചു ബസുകളും ഫയര്‍ ഫോഴ്‌സ് സേനയുടെ രണ്ടു വാഹനങ്ങളും, മറ്റ് സ്വകാര്യ വാഹനങ്ങളും പ്രക്ഷോഭകര്‍ തീയിട്ടു. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രണ്ട് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജാമിയ മിലിയ സര്‍വകലാശാലയ്ക്കു നേരെ വെടിവെയ്പ്പുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രതിഷേധം സംഘര്‍ഷസമാനമായതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്ത് ഗതാഗതം വഴിത്തിരിച്ചു വിട്ടിരിക്കുകയാണ്. പോലീസ് നിയന്ത്രണം ഏറ്റെടുത്ത് പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ സര്‍വകലാശാലയിലേയ്ക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്. 100 മുതല്‍ 200 വരെ മാത്രം പ്രതിഷേധക്കാരെയാണ് പോലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആയിരക്കണക്കിനാളുകള്‍ തെരുവുലിറങ്ങിയതോടെ പോലീസിന്റെ കയ്യില്‍ നിന്ന് നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

അതേസമയം സമാധാനപരമായി സമരം ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്ത ചിലര്‍ അക്രമം നടത്തുകയായിരുന്നുന്നെന്ന് സമരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിട്ടുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഒ€ അണ്ടര്‍പാസ് മുതല്‍ സരിത വിഹാര്‍ വരെയുള്ള വാഹന ഗതാഗതം പോലീസ നിര്‍ത്തിവച്ചു. ഡല്‍ഹി- മഥുര റോഡില്‍ പ്രക്ഷോഭകര്‍ വാഹനങ്ങള്‍ തടഞ്ഞു. എന്നാല്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ക്യാംസിനകത്ത് തന്നെയാണ് ഉള്ളതെന്ന് വിസി അക്ടര്‍ പ്രതികരിച്ചു. പ്രതിഷേധം അറിയിക്കുന്നതിനായി ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ പിന്തുടരുന്നത്. ക്യാംപസ് വിട്ടു വിദ്യാര്‍ത്ഥികള്‍ പോയിട്ടുണ്ടെങ്കില്‍ അവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അദേഹം പറഞ്ഞു.

പ്രക്ഷോഭത്തെ തുടര്‍ദ്ദ് ഡല്‍ഹി മെട്രോ സുഖ്‌ദേവ് വിഹാര്‍, അശ്രാം സ്‌റ്റേഷനുകളുടെ ഗേറ്റുകള്‍ അടച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല മുതല്‍ പാര്‍ലമെന്റ് വരെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച വന്‍ പ്രക്ഷോഭം ഉണ്ടായിരിക്കുന്നത്.