Monday, June 27, 2022

Latest Posts

CAB: ജനാധിപത്യത്തെ മതാധിപത്യമാക്കി മാറ്റാൻ നിയമസാധുത നല്‍കുന്ന ബിൽ

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറുന്ന മുസ്‌ലിംകളല്ലാത്ത മത വിഭാഗക്കാര്‍ക്ക് പൗരത്വം അനുവദിക്കുക എന്നതാണ് ഭേദഗതിയുടെ ഉദ്ദേശ്യം. ബില്ലിന്റെ രൂപകല്‍പ്പനാ വേളയില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമല്ലാത്ത മത വിഭാഗക്കാര്‍ക്ക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മുസ്‌ലിംകളെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള, ഇസ്‌ലാമിക ഭരണം നടക്കുന്ന രാജ്യങ്ങളാകയാല്‍ അവിടെ നിന്നുള്ള മുസ്‌ലിംകള്‍ക്ക് രാജ്യം വിട്ടുവരേണ്ട സാഹചര്യമില്ല. അതുകൊണ്ടാണ് അവരെ ഒഴിവാക്കുന്നതെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പറയുന്ന ന്യായം. അതിനുമപ്പുറത്ത്, ഈ രാജ്യങ്ങളില്‍ നേരിടുന്ന കടുത്ത അവഗണനയും കൊടിയ പീഡനങ്ങളും മൂലം പലായനം ചെയ്യുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ (ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങള്‍) സംരക്ഷിക്കാനാണ് ഭേദഗതിയെന്നും വിശദീകരിക്കുന്നു.

1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാമൂഴത്തില്‍ തന്നെ ആരംഭിച്ചതാണ്. ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനക്ക് എത്തുമ്പോഴേക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. നിയമ ഭേദഗതി പ്രാബല്യത്തിലായാല്‍ ബംഗ്ലാദേശില്‍ നിന്നെത്തിയ ആയിരക്കണക്കായ ആളുകള്‍ പൗരത്വം നേടുമെന്നും തങ്ങളുടെ ജീവിതാവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്നും ആശങ്കപ്പെട്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇതോടെ ബില്‍ ഉടന്‍ പാസ്സാക്കുക എന്ന നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്നാക്കം പോയി. ബില്ലവതരണം രാജ്യസഭയില്‍ നടന്നില്ല. ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും ബില്‍ പാസാക്കിയത്.

ആ വിജയത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചയെന്നത് ഹിന്ദു രാഷ്ട്ര സ്ഥാപനമാണെന്നാണ് സംഘ്പരിവാരം കരുതുന്നത്. അതിലേക്കുള്ള ചുവടുവെപ്പായി വേണം പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ രജിസ്റ്റര്‍ രാജ്യത്താകെ നടപ്പാക്കാനുള്ള ശ്രമത്തെയും കാണാന്‍. മതനിരപേക്ഷ ജനാധിപത്യമെന്നത് ഭരണഘടനാ താളുകളിലെ വെറും ജഡാക്ഷരങ്ങളായി മാറുകയാണ്.

സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു യഥേഷ്ടമുള്ള, പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന, മത സ്വാതന്ത്ര്യത്തിന് ഭരണഘടനയുടെ സംരക്ഷണമുള്ള മോഹിപ്പിക്കുന്ന ദേശമായി ഇന്ത്യന്‍ യൂനിയനെ കണ്ട്, മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഇനി വളരെയധികമാളുകള്‍ ഇവിടേക്ക് പുറപ്പെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. നിലവില്‍ രാജ്യത്തുള്ളവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി. അസമില്‍ പൗരത്വ രജിസ്റ്റര്‍ അന്തിമമായി പ്രസിദ്ധീകരിക്കുമ്പോള്‍ പുറത്താക്കപ്പെടാന്‍ പോകുന്നവരില്‍ വലിയൊരളവ് ഹിന്ദുക്കളാണ്. പൗരത്വ രജിസ്റ്റര്‍ രാജ്യത്താകെ വ്യാപിപ്പിക്കുമ്പോള്‍ സമാനമായ അവസ്ഥ ഇനിയുമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ മുസ്‌ലിംകളെ മാത്രമായി പുറംതള്ളണമെങ്കില്‍ പൗരത്വ നിയമത്തിലെ ഭേദഗതി അനിവാര്യമാണ്. അത് നടപ്പാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. രാജ്യത്തെ പ്രബലമായ ന്യൂനപക്ഷ വിഭാഗത്തോടുള്ള വെറുപ്പ് അധികരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ കൂടി കഴിഞ്ഞാല്‍ നിയമ ഭേദഗതിയുടെ ഉപോത്പന്നവും ഗുണകരമായി എന്ന് സംഘ്പരിവാരം വിലയിരുത്തും.

പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ ഒന്നാമൂഴത്തില്‍ സാധിച്ചില്ലെങ്കിലും ചട്ടങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട് ചില കാര്യങ്ങള്‍ അന്ന് തന്നെ നടപ്പാക്കിയിരുന്നു. അനധികൃതമായി രാജ്യത്തെത്തുന്നവരെ അറസ്റ്റ് ചെയ്ത് മടക്കിയയക്കണമെന്ന ചട്ടം ഭേദഗതി ചെയ്യുകയാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകളൊഴികെയുള്ള വിഭാഗക്കാരെ അറസ്റ്റ് ചെയ്യുകയോ മടക്കി അയക്കുകയോ വേണ്ടെന്ന് വ്യവസ്ഥ ചെയ്തു. അത്തരക്കാര്‍ക്ക് പൗരത്വം നല്‍കുക എന്ന “ഭരണപര’മായ ചടങ്ങിനാണ് പാര്‍ലിമെന്റിന്റെ ഇരുസഭകളും സാക്ഷ്യം വഹിക്കുക. അതുവഴി ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലെ വോട്ടിംഗ് പാറ്റേണിലുണ്ടാകുന്ന മാറ്റം പോലും ബി ജെ പിക്ക് അനുകൂലമാകാനുള്ള സാധ്യതയുമുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധം കണക്കിലെടുത്ത് ഏതാനും മേഖലകളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാര്‍, ഈ പ്രദേശങ്ങളുപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയാല്‍ അവര്‍ക്ക് പൗരത്വം ലഭിക്കാന്‍ പ്രയാസമുണ്ടാകില്ലല്ലോ!

ജനാധിപത്യമെന്നത് മതാധിപത്യമായി ഏതാണ്ട് മാറിക്കഴിഞ്ഞിരിക്കുന്നു. അതിന് നിയമസാധുത നല്‍കുന്നതിനുള്ള നടപടികളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പ്രതിഷേധമുയര്‍ത്തുന്നവര്‍ പോലും രാഷ്ട്രീയമായ തിരിച്ചടിയെക്കുറിച്ച് ഭയന്ന് അറച്ചു നില്‍ക്കേണ്ടി വരുന്നുവെന്നതാണ് ഇതിലെ മറ്റൊരു അപകടം. ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി തങ്ങള്‍ നടത്തുന്ന ശ്രമങ്ങളെന്ന് ബോധ്യപ്പെടുത്തേണ്ട അവസ്ഥ. രാഷ്ട്രീയത്തെ മതം ആദേശം ചെയ്യുമ്പോഴുണ്ടാകുന്ന അപകടമാണിത്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ തീവ്ര ദേശീയതയില്‍ അലിഞ്ഞില്ലാതാകുന്നതിന്റെയും. ആ അപകടത്തില്‍ പരുക്കേല്‍ക്കുന്നവര്‍ എതിരാളികളായിരിക്കുമെന്ന പൂര്‍ണ ബോധ്യത്തിലാണ് സംഘ്പരിവാരത്തിന്റെ മുന്നോട്ടുപോക്ക്.

ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളാണ് ഉയർന്നുവരേണ്ടത്.ഭരണകൂടം ഭരണഘടനയ്ക്കും മേലെയല്ലെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

അതോടൊപ്പം ഇത് കേരളത്തിൽ നടപ്പാക്കില്ല എന്ന കേരള സർക്കാരിന്റെ ‘പുളു അടി’ നവോത്ഥാന തള്ളുപോലെയെ കരുത്തേണ്ടതുള്ളൂ.പാർലമെൻറ് പാസാക്കുന്ന നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ കസേര തെറിക്കും. പാർട്ടിയും സർക്കാരും രണ്ടും രണ്ടാണ്. സിപിഎം ന് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകാം. എന്നാൽ അവർക്ക് കസേരയോ നിലപടുകളോ വലുതെന്ന് എല്ലാവർക്കും അറിവുള്ളതാണ്.

ഒരുകാര്യം കൂടി ശബരിമലകയറാൻ പോയ സ്ത്രീകൾ എന്തുകൊണ്ടാണ് ഇതിൻറെ പേരിൽ തെരുവിലിറങ്ങാത്തതെന്ന കമന്റുകൾ നവോത്ഥനകേരളം സ്‌ത്രീപക്ഷ കൂട്ടായ്‌മയുടെ പേജിലും ബിന്ദു അമ്മിണിയുടെ വാളിലും പലസ്ഥലത്തും കണ്ടിരുന്നു.സംഘി അജണ്ഡയുടെ ഭാഗമായിട്ടാണ് സ്ത്രീകൾ ശബരിമലയിൽ എത്തുന്നതെന്ന് പ്രചാരണം ഒരുവർഷമായി തുടരുന്നതാണ് അതാരൊക്കെയാണ് നടത്തുന്നതെന്നും എല്ലാവർക്കും അറിയാം. ശബരിമലയിൽ സ്ത്രീകൾ വന്നത് ‘നാടുനന്നാക്കാൻ’അല്ല. അത് ആ സ്ത്രീകൾ അവരുടെ ഭരണഘടനാപരമായ റൈറ്റുകൾ നേടിയെടുക്കാനുള്ള ഇടപെടലാണ് നടത്തുന്നത്. ആരുടേയും വ്യക്തിപരമായ അവകാശത്തിന്‌ മേലോ ‘നാടുനന്നാക്കാനുള്ള’ അവകാശത്തിന്‌ മേലോ ഞങ്ങളാരും കടന്നുകയറുന്നില്ല. ശബരിമല വിഷയത്തിൽ എല്ലാ ‘നാടുനന്നാക്കൽ’കാരുടെയും നിലപാടുകൾ എന്തെന്ന് ഞങ്ങൾക്ക് വ്യക്തമായതുമാണ്. അതുകൊണ്ട് നാടുനന്നാക്കാൻ ഒരുപാട് സംഘടനകളും വ്യക്തികളും ഉള്ളതിനാൽ അത് തുടരുക ഞങ്ങൾ മുന്നിൽ അല്ല. പിന്നിൽ ഉണ്ടാകും. പൗരത്വബില്ലിനെതിരെയുള്ള എല്ലാ സമരങ്ങൾക്കും അത് ആര് നടത്തുന്നു എന്നതിന് ഉപരിയായായ ഐക്യദാർഢ്യം അറിയിക്കുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.