Tue. Apr 23rd, 2024

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ ക്‌ളാസ് റൂമിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ സ്‌കൂളില്‍ പരിശോധന നടത്തിയ വയനാട് ജില്ലാ ജഡ്ജി അധ്യാപകരുടെയും സര്‍ക്കാര്‍ അധികൃതരുടെയും ഭാഗത്ത് വലിയ പിഴവുണ്ടായതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് കോടതി നടപടി.

കുട്ടിക്ക് പാമ്പുകടിയേറ്റിട്ടും അധ്യാപകര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ലെന്ന് ജില്ലാ ജഡ്ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പിതാവ് വരുന്നതു വരെ കാത്തിരിക്കുകയാണ് അധ്യാപകര്‍ ചെയ്തത്. പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ചു പോലും അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ഷഹലക്ക് പാമ്പുകടിയേറ്റ് ക്ലാസ് റൂമിന് പുറമെ സ്‌കൂളിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി മാളങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പരിസരത്ത് പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന് കാടുകെട്ടിയ നിലയിലാണ്. മുറ്റത്തെ കിണറില്‍ മാലിന്യം നിറഞ്ഞിട്ടുണ്ട്. ശുചിമുറിയാണെങ്കില്‍ വളരെ വൃത്തിഹീനമാണ്. എന്നിട്ടും സ്‌കൂളിന് സര്‍ക്കാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിലെത്തി ഏതെങ്കിലും തരത്തിലുള്ള പരിശോധന നടത്തിയതായി രേഖകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഷഹല ഷെറിന് അടിയന്തര ചികിത്സ നല്‍കുന്നതില്‍ അധ്യാപകരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു.