Thu. Mar 28th, 2024

മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമര്‍ശനവുമായി വിഖ്യാത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ഇന്ത്യ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് തെറ്റായ വഴിയാണ്. സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യക്കുള്ളത്. അത് തുടരണം. രാജ്യ നിര്‍മാണത്തിന് പകരം രാജ്യത്ത് വിഭജനം തീര്‍ക്കരുത്. നിങ്ങളുടെ മതത്തിന് മറ്റുള്ളവരുടെ മതത്തിന്റെ അതേ പദവിയല്ല എന്ന് 20 കോടി ജനങ്ങളോട് പറയുന്നതിലൂടെ ഭിന്നിപ്പിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്റെ വിമര്‍ശം.

നമ്മൾ പാക്കിസ്ഥാനല്ലെന്ന് ഓര്‍ക്കണം. മതേതരമായതുകൊണ്ടാണ് നാം വിത്യസ്തമാകുന്നത്. അതുകൊണ്ടാണ് ഇന്ത്യയില്‍ 20 കോടി മുസ്ലിങ്ങളുള്ളതും പാകിസ്താനില്‍ മുസ്ലിം ഇതരസമൂഹം കേവലം ഒരു ശതമാനം മാത്രമായിരിക്കുന്നതും. ശാസ്ത്രീയമായി കാര്യങ്ങളെ കാണുന്നത് കൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടന വിശിഷ്ടമാണ്. ഏതെങ്കിലും പ്രത്യേക മതത്തിന് ഒപ്പമല്ലാതെ മതേതര ജനാധിപത്യമായി നില്‍ക്കുന്നതാണ് ഇന്ത്യയുടെ അടിസ്ഥാനം.

യോജിപ്പുള്ള സമൂഹത്തെ നിര്‍മ്മിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുകയാണ് ദീര്‍ഘകാലത്തേക്ക് ഇന്ത്യക്ക് ഉതകുക. യുക്തിപരമായി കാര്യത്തെ കാണുന്ന ഏത് കോടതിയും പൗരത്വ ഭേദഗതി ബില്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തും.

പൗരത്വ ബില്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞരും പണ്ഡിതരും നല്‍കിയ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഇന്ത്യന്‍ പൗരന്മാര്‍ മാത്രമാകണം ഈ നിവേദനം നല്‍കേണ്ടത് എന്നതിനാലാണ് ഒപ്പിടാതിരുന്നത്. അമേരിക്കന്‍-യുകെ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് താന്‍. ഇതൊക്കെയാണെങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. താന്‍ വിദേശത്താണ് കഴിയുന്നതെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ പ്രശസ്തമായ റോയല്‍ സൊസൈറ്റി പ്രസിഡന്റാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണദ്ദേഹം.