Fri. Mar 29th, 2024

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാന്‍. ബംഗാളികളെ ആരും ദേശ സ്‌നേഹം പഠിപ്പിക്കേണ്ട. ഇത് ഒരു അജന്‍ഡയാണ്. ബംഗാളിനും രാജ്യത്തിനും ഭരണഘടനക്കും എതിരായ ബില്ലിനെതിരെ ജനമുന്നേറ്റമുണ്ടാകുമെന്നും ഒബ്രയാന്‍ പറഞ്ഞു.

പൗരത്വ ബില്‍ സ്വര്‍ണലിപികളില്‍ എഴുതപ്പെടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ ഇത് എഴുതപ്പെടാന്‍ പോകുന്നത് ജിന്നയുടെ ഖബറിടത്തിലാണ്. പൗരത്വ ഭേദഗതി ബില്ലും 1933-34-ല്‍ നാസി ജര്‍മനിയില്‍ പാസാക്കിയ പൗരത്വ നിയമങ്ങളും തമ്മില്‍ ഭയാനകമായ സാമ്യതകളുണ്ട്. നാസികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പൗരത്വ ഭേദഗതി ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. ബില്ലിനെ 40 ശതമാനം പേര്‍ അനുകൂലിക്കുമ്പോള്‍ 60 ശതമാനം എതിര്‍ക്കുകയാണ്.

ഇന്ത്യക്കുള്ളില്‍ ജീവിക്കുന്നവരെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. രണ്ടുകോടിയാളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. പിന്നെങ്ങനെയാണ് പുതിയയാളുകളെ സംരക്ഷിക്കാന്‍ പോകുന്നത്? ഈ സര്‍ക്കാര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയും അതിനേക്കാല്‍ വലിയ രീതിയില്‍ വാഗ്്ദാന ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്നു.