Thu. Apr 25th, 2024

പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യത്തെ രണ്ടായി വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മതേതര റിപ്പബ്ലിക് ആയ ഇന്ത്യയെ രണ്ട് ദിനോസറുകള്‍ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക് ആക്കി മാറ്റരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സാംസ്‌കാരിക അടിത്തറയേയും സ്വഭാവത്തേയും ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഘര്‍ വാപസിയും മുത്വലാഖും 370ാം വകുപ്പിന്റെ റദ്ദാക്കലും നടപ്പിലാക്കിയ ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ പൗരത്വ ബില്ലുമായി വന്നിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം നിങ്ങളുടെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമാണ്. ജനനം, രക്ഷിതാക്കളുടെ ജനനം, താമസം എന്നിവയൊക്കെയാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി മുന്നോട്ടു വക്കുന്നത്. പൗരത്വം നല്‍കുന്നതിനുള്ള അടിസ്ഥാനമായി മതത്തെ ഘടകമാക്കുന്നത് അംഗീകരിക്കാനാകില്ല. ഇന്ത്യയെ വീണ്ടും വിഭജിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് സിബല്‍ ആരോപിച്ചു.

മത ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പീഡനമേല്‍ക്കേണ്ടി വന്ന വിഭാഗങ്ങള്‍ക്കാണ് പൗരത്വം ഉറപ്പു വരുത്തുന്നതെന്ന അമിത് ഷായുടെ പരാമര്‍ശത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അനധികൃത കുടിയേറ്റക്കാര്‍ എല്ലാവരും പീഡനം ഏറ്റുവാങ്ങിയവരാണെന്നതിന് എന്താണ് ഉറപ്പെന്നായിരുന്നു സിബലിന്റെ ചോദ്യം. മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി ബില്‍ ആവശ്യമായി വരില്ലായിരുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയെയും സിബല്‍ ഖണ്ഡിച്ചു. രണ്ടു രാഷ്ട്രമെന്ന സിദ്ധാന്തം വിഭാവനം ചെയ്തത് സംഘ്പരിവാര്‍ നേതാവ് സവര്‍ക്കറായിരുന്നു. ഇത് കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്ന് പറയുന്ന അമിത് ഷാ ഏത് ചരിത്ര പുസ്തകം വായിച്ചിട്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സിബല്‍ പ്രതികരിച്ചു.