Thu. Mar 28th, 2024

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. 125 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 105 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളിയാണ് ബില്‍ പാസാക്കിയത്. ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രാജ്യസഭ വോട്ടിനിട്ട് തള്ളിയിരുന്നു. സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ 124 അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ 99 പേര്‍ അനുകൂലിച്ചു. സി പി എം എം പി. കെ കെ രാഗേഷ് അവതരിപ്പിച്ച പ്രമേയമാണ് തള്ളിയത്. തുടര്‍ന്ന് വിവിധ ഭേദഗതികളും വോട്ടിനിട്ട് തള്ളി.ഇരു സഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

ലോക്‌സഭ തിങ്കളാഴ്ച ബില്‍ പാസാക്കിയിരുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. ബില്ലിനെതിരെ വ്യാഴാഴ്ച തന്നെ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി വ്യക്തമാക്കി. അതേസമയം, പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.