Thu. Mar 28th, 2024

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ക്രിക്കറ്റ് കളിക്കുന്നതിനിടെ പരുക്കേറ്റ് മരിച്ച ആലപ്പുഴ നൂറനാട് പുതുവള്ളക്കുന്നം വിനോദ് ഭവനില്‍ സന്തോഷിന്റെ മകന്‍ ചുനക്കര ഗവണ്‍മെന്റ് വി എച്ച് എസ് ഇയിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നവനീതിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കാനും തീരുമാനമായി

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 2018-19 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് മുന്‍ വര്‍ഷങ്ങളിലേതു പോലെ വാര്‍ഷിക ശമ്പളത്തിന്റെ 8.33 ശതമാനം അനുവദിക്കാനും തീരുമാനമായി. കാര്‍ഷികവായ്പകള്‍ക്കുളള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുളള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തളളി. മൊറട്ടോറിയം നീട്ടാനുളള ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൊറട്ടോറിയം ഉത്തരവ് നടപ്പാക്കാനായില്ല. ഉത്തരവ് ഇറക്കാന്‍ വൈകിയതിന് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും വിമര്‍ശിച്ചിരുന്നു.