Thu. Mar 28th, 2024

മൈക്രോഫിനാന്‍സ്‌ തട്ടിപ്പുകളെ സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയ സാഹചര്യത്തില്‍ എസ്‌.എന്‍.ഡി.പി. യോഗം മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റിയെ നിയോഗിക്കും. ബി.ഡി.ജെ.എസ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാനുമായ യൂണിയന്‍ പ്രസിഡന്റ്‌ സുഭാഷ്‌ വാസു ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ്‌ നടപടി.

യൂണിയന്‍, ബി.ഡി.ജെ.എസ്‌ നേതാക്കളും ബാങ്ക്‌ മാനേജര്‍മാരുമടക്കം പത്ത്‌ പേരാണ്‌ പ്രതികള്‍. മാവേലിക്കര എസ്‌.എന്‍.ഡി.പി യൂണിയനെ വഞ്ചിച്ച്‌ 11 കോടി രൂപയിലധികം തട്ടിയെടുത്തെന്നാണ്‌ കേസ്‌. മാവേലിക്കര പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ ദക്ഷിണ മേഖല ഐ.ജി അന്വേഷണം നടത്തിയാണ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറാന്‍ ശിപാര്‍ശ ചെയ്‌തത്‌. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബഹ്‌റ ഉത്തവിട്ടു.

സുഭാഷ്‌ വാസുവിന്‌ പുറമെ യൂണിയന്‍ സെക്രട്ടറിയും എന്‍.ഡി.എ സംസ്‌ഥാന ജോയിന്റ്‌ കണ്‍വീനറുമായ ബി.ഡി.ജെ.എസ്‌ സംസ്‌ഥാന സെക്രട്ടറി ബി. സുരേഷ്‌ ബാബു, യൂണിയന്‍ പ്രസിഡന്റും ബി.ഡി.ജെ.എസ്‌ ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ മാവേലിക്കര നഗരസഭാംഗം ഷാജി എം. പണിക്കര്‍ തുടങ്ങിയവരാണ്‌ ആരോപണവിധേയര്‍.

നോട്ട്‌ നിരോധന സമയത്ത്‌ യൂണിയന്റെ വിവിധ ബാങ്ക്‌ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന്‌ രൂപ മാറിയെടുത്തെന്നും 13 വര്‍ഷംകൊണ്ട്‌ വ്യാജരേഖ ചമച്ച്‌ മൈക്രോഫിനാന്‍സ്‌ വായ്‌പാത്തുകയും പലിശയിനത്തിലും തട്ടിപ്പ്‌ നടത്തിയെന്നതുമുള്‍പ്പടെയാണ്‌ എസ്‌.എന്‍.ഡി.പി യോഗം ഡയറക്‌ടര്‍ ബോര്‍ഡംഗം ഉദയകുമാര്‍ ചെന്നിത്തല, മുന്‍ യൂണിയന്‍ സെക്രട്ടറി ബി. സത്യപാല്‍ തുടങ്ങിയവര്‍ നല്‍കിയിരിക്കുന്ന പരാതി.

എസ്‌.എന്‍.ഡി.പി യോഗം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഭാഷ്‌ വാസു ഒരുവര്‍ഷക്കാലമായി എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും യോഗം വൈസ്‌ പ്രസിഡന്റും ബി.ഡി.ജെ.എസ്‌ അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള നേതാക്കളുമായും അകല്‍ച്ചയിലായിരുന്നു. കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ്‌ കോളജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്‌ ഭിന്നതയ്‌ക്ക്‌ കാരണമായതെന്നറിയുന്നു.

സുഭാഷ് വാസു മാനേജരായുള്ള മാവേലിക്കരയിലെ എഞ്ചിനീയറിംഗ് കോളജിലെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് അഭിപ്രായ വ്യത്യാസത്തിനു തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം കോളജില്‍ എസ്. എഫ്. ഐ.യുടെ നേതൃത്തില്‍നടന്ന സമരം അക്രമാസക്തമാകുകയും കോളജ് ഓഫീസ് കെട്ടിടം തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. കോളജ് മാനേജര്‍ കൂടിയായ സുഭാഷ് വാസുവിനെതിരേയുള്ള വിദ്യാര്‍ത്ഥിസമരവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും കോളേജിനുണ്ടാക്കിയ ചീത്തപ്പേര് തുടര്‍ന്നുള്ള വര്‍ഷത്തെ അഡ്മിഷനെയും കാര്യമായി ബാധിച്ചു.

എന്‍.ഡി.എ. ബാന്ധവത്തിന്റെ ആദ്യ നാളുകളില്‍ കിട്ടിയ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷും ഐ.ടി.ഡി.സി. ഡയറക്ടര്‍ സ്ഥാനം പത്തനംതിട്ടയിലെ പദ്മകുമാറുമാണ് പങ്കിട്ടെടുത്തത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ കസേരയായിരുന്നു സുഭാഷ് വാസുവിന്റെ ലക്ഷ്യം. അതിനുള്ള കരുനീക്കങ്ങള്‍ സുഭാഷ് വാസു നേരത്തേ ആരംഭിച്ചു എന്ന തിരിച്ചറിവാണ് പുതിയ സംഭവവികാസങ്ങളുടെ പിന്നില്‍ എന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞദിവസംവരെ സുഭാഷിനൊപ്പമുണ്ടായിരുന്ന ഐ.ടി.ഡി.സി. ഡയറക്ടര്‍ പദ്മകുമാറും അടിമാലി യൂണിയനിലെ അനില്‍ തറനിലവും മറുകണ്ടം ചാടി ഇപ്പോള്‍ വെള്ളാപ്പള്ളിക്കൊപ്പമാണ് എന്നാണ് ചേർത്തല കേന്ദ്രമാക്കിയുള്ള എസ്എൻഡിപി പോളിറ്റ് ബ്യുറോ വൃത്തങ്ങളിലെ റിപ്പോർട്ടുകൾ.