Sun. Feb 25th, 2024

1949-നവംബർ 15 ന്, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വധക്കേസിലെ മുഖ്യപ്രതികളായ നാഥുറാം വിനായക് ഗോഡ്സെയെയും നാരായൺ ദത്താത്രേയ ആപ്തെയെയും അംബാല ജയിലിൽ തൂക്കി കൊന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വധശിക്ഷയായിരുന്നു ഇത്.

ആർ എസ് എസിന്റയും ഹിന്ദുമഹാസഭയുടെയും പ്രവർത്തകനായിരുന്ന ഗോഡ്സെ 1940-കളിൽ ‘ഹിന്ദുരാഷ്ട്രദൾ’ എന്ന ഭീകരവാദ പ്രസ്ഥാനത്തിന് രൂപം നൽകി. നാരായൺ ആപ്തെ ഹിന്ദുമഹാസഭയുടെ കീഴിൽ ഗോഡ്സെയുമൊന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 1944-ൽ ‘അഗ്രണി’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു. ഗോഡ്സെ എഡിറ്ററും ആപ്തെ മാനേജരുമായിരുന്നു.

1948 നവംബർ 8-ന് ഗോഡ്സെ ദില്ലിയിലെ ചെങ്കോട്ടയിൽ നടത്തിയ 93 താളുകളിലായുള്ള കുറ്റസമ്മതമൊഴി ഗാന്ധി വധക്കേസിലെ ചരിത്രരേഖയായി കണക്കാക്കപ്പെടുന്നു.

1948 ജനുവരി 30നു വൈകുന്നേരം 5മണിക്ക് ഡൽഹിയിലെ ബിർളാ ഹൗസിൽ പ്രാർത്ഥനാ യോഗസ്ഥലത്ത് വച്ച് നാഥുറാം വിനായക് ഗോഡ്സെ കിറുകൃത്യമായി ഉന്നം വച്ച് ഗാന്ധിജിയുടെ നേരെ കൈത്തോക്ക് കൊണ്ട് മൂന്ന് വെടി വച്ചു. “ഹേ റാം” എന്ന് ഉച്ചരിച്ച് കൊണ്ട് ഗാന്ധിജി നിലത്ത് വീണു. ആരും തന്നെ ഇങ്ങനെ ഒന്ന് മുൻകൂട്ടി കണ്ടിരുന്നില്ല. വിദ്വേഷത്തിനെതിരെ പൊരുതിയ ആൾക്ക് ലഭിച്ച വിധിവിഹിതം ഇതാണല്ലോ എന്ന് നല്ല മനുഷ്യർ പരിതപിച്ചു. ബിർളാ മന്ദിരത്തിന്റെ മുറിയിലെത്തും മുൻപ് അദ്ധേഹത്തിന്റെ ജീവൻ അപഹരിക്കപ്പെട്ടിരുന്നു.ഗാന്ധി വധത്തിലെ പ്രതികൾ ഇവരൊക്കെ ആയിരുന്നു;
1) നാഥുറാം വിനായക് ഗോഡ്സെ
2) നാരായൺ ദത്താത്രേയ ആപ്തെ
3) വിഷ്ണു കർക്കറെ
4) മദൻലാൽ പഹ്വ
5) ശങ്കർ കിസ്തയ്യ
6) ഗോപാൽ ഗോഡ്സെ
7) വി.ഡി. സവർക്കർ
8) ദത്താത്രേയ പർച്ചുറേയ്പ്

മാപ്പ്സാക്ഷിയായ ദിഗംബർ ബാദ്ഗെ അയാളുടെ ഭൃത്യനായ ശങ്കർ കിസ്തയ്യ….ശങ്കർ ഒഴികെ മറ്റെല്ലാവരും ഹിന്ദുമഹാസഭക്കാരും അന്ധരായ സവർക്കർ ഭക്തരും ആയിരുന്നു. 7 പ്രതികൾ കുറ്റക്കാരെന്ന് സ്പെഷ്യൽ ജഡ്ജി വിധിച്ചു. നാഥുറാം വിനായക് ഗോഡ്സെക്കും, നാരായൺ ആപ്തെക്കും വധശിക്ഷ നൽകി. മറ്റുള്ളവർക്ക് ജീവപര്യന്തം തടവുശിക്ഷ. ‌ഹൈക്കോടതിയിലെ അപ്പീൽ വഴി ദത്താത്രേയ പർച്ചുറെയും, ശങ്കർ കിസ്തയ്യയും വിട്ടയക്കപ്പെട്ടു. കൂടാതെ വി.ഡി.സവർക്കറും വിട്ടയക്കപ്പെട്ടു. എന്നാൽ സവർക്കർ വിട്ടയക്കപ്പെട്ടത് തെളിവുകൾ ഇല്ലാത്തത് കൊണ്ട് അല്ല, മറിച്ച് മാപ്പുസാക്ഷിയുടെ മൊഴിക്ക് സ്ഥിരീകരണം വേണ്ടതിനാലായിരുന്നു.

ആർ.എസ്.എസ്സ്.നു ഗാന്ധിവധത്തിൽ പങ്കില്ലെന്നും ഗോഡ്സെ ആർ.എസ്.എസ്സ്.കാരൻ അല്ലെന്നുമാണ് സംഘപരിവാർ (ആർ.എസ്.എസ്സ്) പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരുമായി ഗോഡ്സെയ്ക്ക് ബന്ധമില്ലെന്ന് പറഞ്ഞ എൽ.കെ.അദ്ധ്വാനിയെ ഭീരു എന്നാണ് ഗോപാൽ ഗോഡ്സെ വിശേഷിപ്പിച്ചിരുന്നത് എന്നത് ഒരു ചെറിയ വസ്തുത! ആർ.എസ്.എസ്സ്.ന്റെ മുഖ്യ സ്ഥാപക-ഉപദേശകനും, “ഹിന്ദുയിസ” ത്തിന്റെ ആചാര്യനുമായ വി.ഡി.സവർക്കർ ഒന്നാം പ്രതി ഗോഡ്സെയുടെ ഗുരുവും, ഗോഡ്സെ വൻ അനുയായിയും ആയിരുന്നു. ഗോഡ്സെയെ പോലെ തന്നെ ഈ വധത്തിൽ മുഖ്യപ്രതിയായിരുന്നു സവർക്കറും.

ഗാന്ധിവധത്തിൽ സവർക്കർ ശിക്ഷിക്കപ്പെട്ടില്ല എന്നത് ശരിയായിരിക്കാം. എന്നാൽ എല്ലാ സാഹചര്യ തെളിവുകളും നിലനിൽക്കുന്നു എങ്കിലും അതിനു സാങ്കേതിക സ്ഥിരീകരണമില്ലെന്ന ഒറ്റക്കാരണം കൊണ്ട് ആണ് നമ്മുടെ നീതിന്യായവ്യവസ്ഥയിൽ ചില വൻ പ്രതികൾ ശിക്ഷിക്കപ്പെടാതെ വരുന്നത്.

സവർക്കറെ വെറുതെ വിട്ടത് സംബന്ധിച്ച് പ്രമുഖ അഭിഭാഷകനായ അനിൽനൗരിയ പറയുന്നത് ഇപ്രകാരമാണ്. “ഈ കേസിലെ മാപ്പുസാക്ഷി ദിഗംബർ ബദ്ഗെ സംഭവത്തിൽ‌ സവർക്കർക്ക് ബന്ധമുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ സവർക്കർ വിട്ടയക്കപ്പെട്ടത് തെളിവില്ലാത്തതു കാരണം അല്ല, മറിച്ച് മാപ്പുസാക്ഷിയുടെ മൊഴിക്ക് സ്ഥിരീകരണം വേണ്ടതിനാൽ ആയിരുന്നു”

– The age of generocity, janatha, May 11, 2003, Page 3 വീർ സംഘവി പറയുന്നത് കാണുക… “ഗാന്ധിയെ വധിക്കാൻ ഗോഡ്സെ നടത്തിയ രണ്ട് ഡൽഹി യാത്രകൾക്ക് മുൻപും ഗോഡ്സെ മുംബൈയിൽ വച്ച് സവർക്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗാന്ധിയെ വധിച്ചതിനു ഗോഡ്സെയും, അയാളുടെ മറ്റ് സവർക്കർ വാദികളും ശിക്ഷിക്കപ്പെട്ടപ്പോൾ സവർക്കർ മാത്രമാണ് വിട്ടയക്കപ്പെട്ടത്. ജഡ്ജിക്ക് സംശയാതീതമായി തെളിവ് കണ്ടെത്താനാവാതെ പോയതിനാലാണത്.”


The prodigal son, Out look, September 5, 2004 പക്ഷേ പിന്നീട് ഈ കേസിൽ വിധിയെഴുതിയ ജഡ്ജി ജി.ഡി.ഖോസല പറയുന്നത് ” കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ബദ്ഗെ(മാപ്പുസാക്ഷി) വിശദമായി പറയുന്നുണ്ട്. അയാളുടെ വിശദീകരണം ശരിയാണെന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.

The master mind, Outlook, September5, 2004 മുകളിൽ സൂചിപ്പിച്ച ലേഖനത്തിൽ തന്നെ കൊലപാതകം അന്വേഷിച്ച ജീവൻലാൽ കപൂർ പറയുന്നത് “കൊലപാതകം നടത്താൻ സവർക്കറും, അയാളുടെ സംഘവും ഗൂഡാലോചന നടത്തി എന്നതിനപ്പുറം ഒരു സിദ്ധാന്തവും നിലനിൽക്കുന്നതല്ല.ആൻഡമാനിലെ ജയിലിൽ ആയിരുന്നപ്പോൾ മാപ്പ് നൽകി മോചിപ്പിക്കണം എന്ന് പലവട്ടം ദീനമായി ബ്രിട്ടീഷ് അധിനിവേശക്കാർക്ക് കത്തെഴുതിയ ഈ ‘വീര’സവർക്കർ എന്ന ഹിന്ദുദേശീയവാദിയുടെ തനിനിറം ഗാന്ധി വധം അന്വേഷിച്ച ജംഷദ് നഗർവാല ക്രൈം റിപ്പോർട്ട് നമ്പർ-1 ൽ പറയുന്നത് ഇപ്രകാരമാണ് ” ഈ ഗൂഡാലോചനയ്ക്ക് പിന്നിൽ സവർക്കർ തന്നെയാണ്‌. പക്ഷ അയാൾ എപ്പോഴും അസുഖം നടിയ്ക്കുകയായിരുന്നു”ഈ ഭീരു “വീരു”വിന്റെ ഛായാചിത്രം ആണ് ഫാസിസ്റ്റുകൾ അധികാരത്തിൽ എത്തിയപ്പോൾ അതേ ഗാന്ധിക്കൊപ്പം പാർലിമെന്റിൽ തൂക്കിയത്.

1949 ജൂലായ് 18-ൽ അന്നത്തെ ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജിക്ക് സംഘപരിവാർ ആരാധകൻ കൂടിയായ അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ അയച്ച കത്തിൽ ഇങ്ങനെ പറയുന്നു. “ഒരിക്കലും ഗാന്ധി കേസ് കോടതി പരിഗണനയിൽ ആയതിനാൽ ആർ.എസ്.എസ്സ്, ഹിന്ദുമഹാസഭ എന്നീ സംഘടനകൾക്ക് ഗാന്ധിവധത്തിലെ പങ്കിനെ കുറിച്ച് ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഗാന്ധിവധം പോലുള്ള ദുരന്തം പ്രത്യേകിച്ച് ആർ.എസ്സ്.എസ്സ്.ന്റെ പ്രവർത്തന ഫലമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത് തീർച്ചയായും ആർ.എസ്സ്.എസ്സ്.കാർ കൂടുതൽ ധിക്കാരികളായി മാറുകയും വർദ്ധിച്ച തോതിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയുമാണ്” – Sardar Patel, Selected Correspondence 1940-1950 Vol: ll , Page 276-277


ആർ.എസ്.എസ്സ്. എന്നും സ്വീകരിക്കുന്നത് ഇരട്ടത്താപ്പുകളും, ഉദ്ഭവദോഷ നിലപാടുകളുമാണ്. ഗാന്ധിവധം നടന്ന സമയത്ത് അവർ സവർക്കറെ തള്ളിപ്പറഞ്ഞു. പക്ഷേ ആർ.എസ്സ്.എസ്സ്.ന്റെ നാഡീവ്യൂഹം സവർക്കറുടെ “ഹിന്ദു ഫാസിസ്റ്റ് ആദർശം” ആയതിനാൽ അവർക്ക് അത് ഒരിക്കലും മറച്ച് വയ്ക്കാനാവാത്തതിൽ ഇന്ന് അയാളെ അവതാരമാക്കി ഉയർത്തുകയും ചെയ്യുന്നു. ഗാന്ധി വധം നടക്കുമ്പോൾ ഗോഡ്സെ ഹിന്ദുമഹാസഭയുടെ അംഗമായിരുന്നു എന്നാണ് ആർ.എസ്.എസ്സ്. ന്യായമായി പറഞ്ഞിരുന്നത്. അത് അവർ എന്നും അനുവർത്തിക്കുന്ന വൃത്തികെട്ട നിലപാട് ആണ്.

സംഘപരിവാർ എന്നത് വാസ്തവത്തിൽ അംഗത്വമോ, രജിസ്ട്രേഷനോ ആവശ്യമില്ലാത്ത പല പേരുകളിൽ പല വിധ്വംസക സംഘടനകൾ നിർമ്മിക്കുകയും നിയമത്തിന്റെയും സർക്കാരിന്റെയും സൂക്ഷ്മപരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി മാഫിയകളായി പ്രവർത്തിക്കുന്ന അവരുടെ കുതന്ത്രങ്ങളുടെ മറ്റൊരു ഭാഗമാണ് അത്. സവർക്കറിന്റെ ജീവചരിത്രകാരൻ ധനഞ്ജയ്കീർ ഇക്കാര്യം പറയുന്നത് ഇപ്രകാരമാണ് “ഹിന്ദുമഹാസഭയുടെ തീവ്രമായ ഉപശാഖയെന്ന നിലയിൽ ആണ് ആർ.എസ്.എസ്സ്.നെ കാണുന്നത്. ആർ.എസ്.എസ്സ്. പ്രവർത്തകനായ ഗോഡ്സെ പിന്നീട് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രമുഖ അംഗമായി. – Veer Savarkar, 1988, Page 403

ഹിന്ദുമഹാസഭയുടെ അംഗമായിരിക്കുമ്പോൾ തന്നെ ആർ.എസ്.എസ്സ്.ന്റെ ബൗദ്ധിക് കാര്യവാഹ് സ്ഥാനവും ഗോഡ്സെ വഹിച്ചിരുന്നു എന്ന ഗോപാൽ ഗോഡ്സെയുടെ വെളിപ്പെടുത്തലും കൂട്ടിവായിക്കപ്പെടണം.

Front line, January 1994മഹാത്മാഗാന്ധിയുടെ വധത്തിൽ ആർ.എസ്സ്.എസ്സ്.ന്റെ പങ്ക് ഗാന്ധിയുടെ ജീവചരിത്രകാരൻ പ്യാരേലാൽ വരച്ചിടുന്നത് ഇപ്രകാരമാണ് “ഗാന്ധി വധത്തിനു ശേഷം ഒരു യുവാവിന്റെ കത്ത് ലഭിച്ചു. അതിൽ ആർ.എസ്സ്.എസ്സ്.കാർ ചില പ്രദേശങ്ങളിൽ വിധിനിർണ്ണായകമായ വെള്ളിയാഴ്ചയുടെ ‘നല്ല വാർത്തയ്ക്ക്’ വേണ്ടി റേഡിയോ ട്യൂൺ ചെയ്ത് വയ്ക്കാൻ അണികൾക്ക് ഉത്തരവ് നൽകിയതായി പറയുന്നു. ആ ന്യൂസ് വന്നതിനു ശേഷം ഡൽഹിയിൽ ഉൾപ്പെടെ ആർ.എസ്.എസ്സ്. വൃത്തങ്ങളിൽ മധുരം വിതരണം ചെയ്യപ്പെട്ടു. The last phase, Page 756

സ്വാതന്ത്ര്യ സമരങ്ങളെ വഞ്ചിക്കുകയും, രക്തസാക്ഷികളെ പുച്ഛിക്കുകയും, ഒരു സ്വാതന്ത്ര്യസമര രക്തസാക്ഷിയെ പോലും അവകാശപ്പെടാൻ ഇല്ലാത്ത ആർ.എസ്സ്.ന്റെ ആസ്ഥാനമായ നാഗ്പൂരിൽ മറ്റൊരു രക്തസാക്ഷിയുടെ സ്മരണക്കായി വളരെയധികം കാലം ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നത് വിസ്മരിക്കരുത്. അത് “ഗോഡ്സെ” എന്ന കൊലയാളിയ്ക്കായിരുന്നു. അവിടെ ഗോഡ്സെയുടെ ചിതാഭസ്മം കാത്ത് സൂക്ഷിച്ചിരിക്കുന്നു. അവിടെ ഒരു ശിലാഫലകത്തിൽ ഇങ്ങനെ കൊത്തിവച്ചിരുന്നു “ഒരുനാൾ അവർ(ആർ.എസ്.എസ്സ്) അധികാരത്തിൽ വരുമ്പോൾ കൂടുതൽ ഉചിതമായ സ്മാരകം ഉയർത്തപ്പെടും.” RSS- Godse’s shrine, Indian correspondence, September 19, 2004.

ശിലാഫലകത്തിലെ ഈ വാക്കുകൾ തൂക്കുകയറിൽ ഏറും മുമ്പ് ഗോഡ്സെ പറഞ്ഞതിലെ ഒരു ചെറിയ കാര്യം മാത്രം. ഇത് നടപ്പിലാക്കുവാൻ കാലതാമസം വരുന്നത് എന്തെന്നാൽ ഗോഡ്സെ പറഞ്ഞ മറ്റൊരു വാചകം ഇവിടെ ഉദ്ധരിക്കണം.. “ഒരിക്കൽ ആർ.എസ്.എസ്സ്. അധികാരത്തിൽ വരുമ്പോൾ സമ്പൂർണ്ണ ഹിന്ദുരാജ്യം ആക്കുമെന്നും അതിനു ശേഷം മാത്രമേ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാവൂ എന്നും സ്മാരകം നിർമ്മിക്കാവൂ” എന്നുമാണ് അത്.

അപ്പൻ തന്നെയാണ് ശങ്കരൻ മാമൻ എങ്കിലും അപ്പോഴും, ഇപ്പോഴും, എപ്പോഴും ആർ.എസ്.എസ്സ്. വാദിക്കുന്നു തങ്ങൾക്ക് ഗോഡ്സെ മാമനുമായി യാതൊരു ബന്ധവും ഇല്ല.