Thu. Mar 28th, 2024

READ IN ENGLISH: Elephant Kills Mahout, Rams Bus In Kerala’s Kottayam

കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞതിനെ തുടർന്ന് പാപ്പാന് ദാരുണാന്ത്യം. തിരുനക്കര ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. മൂന്നരമാസമായി മദപ്പാടിനെ തുടർന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര മഹാദേവക്ഷേത്രത്തിൽ എത്തിച്ച് തിരികെ വരുമ്പോഴാണ് ആന ഇടഞ്ഞത്.

പാപ്പാൻ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി വിക്രം (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്‍പശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ആനയെ ചെങ്ങളത്ത് കാവില്‍ തളയ്ക്കാനായി കൊണ്ടു വരികയായിരുന്നു.

ഇതിനടിയിൽ ഇല്ലിക്കല്‍ ആമ്പക്കുഴി ഭാഗത്തുവച്ച് ആന ഇടഞ്ഞു.അതുവഴി വന്ന ബസ് ആന ഇടഞ്ഞതുകണ്ട് സ്റ്റോപ്പിൽനിറുത്തി. അക്രമാസക്തനായ ആന ബസിന്റെ മുന്നിൽ കുത്തി ബസ് ഉയർത്തി. ബസിനുള്ളിൽ നിറയെ യാത്രക്കാർ ഇരിക്കുമ്പോഴായിരുന്നു പരാക്രമം. ബസിന്റെ മുന്നിലെ ചില്ല് പൂർണമായും തകര്‍ന്നു. ഈ സമയത്തെല്ലാം വിക്രം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു.

ചങ്ങലയിൽ തൂങ്ങി താഴേക്ക് ഇറങ്ങുന്നതിനിടെ പോസ്റ്റിനോട് ചേർത്ത് ആന വിക്രമിനെ അമർത്തി. ആനയ്ക്കും പോസ്റ്റിനും ഇടയിൽ ഞെരിഞ്ഞമർന്ന പാപ്പാനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചെങ്ങളം ഭാഗത്തേ്ക്ക് ഓടിയ ആന മരുതന ഇടക്കേരിച്ചിറ റോഡിൽ കയറി നിലയുറപ്പിച്ചു. പാപ്പാൻ മാറിയതിനെ തുടർന്ന് ആനയെ ചെങ്ങളത്ത് കാവിൽ ചട്ടം പഠിപ്പിക്കാൻ കെട്ടിയിരിക്കുകയായിരുന്നു. മദപ്പാടിലായിരുന്നു ആന.